|    Sep 26 Wed, 2018 3:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയം: കുടുംബങ്ങള്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി

Published : 24th August 2018 | Posted By: kasim kzm

പത്തനംതിട്ട: പ്രളയം ഭീതിയിലാഴ്ത്തിയ മണിക്കൂറുകളില്‍ നിന്നു കരകയറിയ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നു വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലുള്ള കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങുന്നത്. എന്നാല്‍ തിരുവല്ല, പന്തളം മേഖലയിലെ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്കു പോയിത്തുടങ്ങിയിട്ടില്ല. അപ്പര്‍ കുട്ടനാട്ടില്‍ ഇപ്പോഴും വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ലാത്തതാണ് കാരണം. വീടുകള്‍ ഇപ്പോഴും ചളിയിലാണ്. ഇതു നീക്കംചെയ്യാന്‍ സമയം എടുക്കുന്നുണ്ട്. പ്രളയം താണ്ഡവമാടിയ പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 543ല്‍ നിന്ന് 459 ആയി കുറഞ്ഞു. 1,20,000 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. വീടുകളിലേക്കു മടങ്ങുന്നവര്‍ക്കു സൗജന്യ റേഷന്‍ കിറ്റ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ക്യാംപുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങിപ്പോവുന്ന എല്ലാ കുടുംബങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റ് നല്‍കുമെന്നു ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് കിറ്റ് നല്‍കുന്നത്. കിറ്റില്‍ 22 സാധനങ്ങളാവും ഉണ്ടാവുക. കഴിയുമെങ്കില്‍ ഒരു ബക്കറ്റില്‍ കിറ്റ് നല്‍കണമെന്നാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ജില്ലയില്‍ മാത്രം 35,000ലേറെ കിറ്റുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇന്നലെ മുഖ്യമന്ത്രി സന്ദര്‍ശിച്ച കോഴഞ്ചേരി എംജിഎം ഓഡിറ്റോറിയത്തിലെ ക്യാംപില്‍ കഴിയുന്നവര്‍ക്കുള്ള കിറ്റ് തയ്യാറാക്കിക്കഴിഞ്ഞു. തിരുവോണ ദിവസം ക്യാംപുകളിലുള്ള ആളുകള്‍ക്ക് ഓണസദ്യ തയ്യാറാക്കാനുള്ള സംവിധാനം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇതിനാവശ്യമായ നടപടി തുടങ്ങിയതായും കലക്ടര്‍ പറഞ്ഞു. അതേസമയം, ജില്ലയില്‍ മരണനിരക്ക് 25ന് മുകളിലെത്തി. തിരുവല്ലയില്‍ കഴിഞ്ഞദിവസം ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ടുമൃതദേഹങ്ങള്‍ തിരുവല്ല മേഖലയില്‍ ഒഴുകിനടക്കുന്നതായും റിപോര്‍ട്ടുണ്ട്. പല കുടുംബങ്ങളിലെയും ആളുകളെ കാണാതായിട്ടുണ്ടെന്നതും ആശങ്കയ്ക്ക് ഇടനല്‍കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss