|    Nov 21 Wed, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയം: ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്രസംഘം നിര്‍ദേശം നല്‍കി

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുണ്ടായ വമ്പിച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും കൈക്കൊണ്ട ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘം വിലയിരുത്തി.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് കനറ ബാങ്കില്‍ നടന്ന അവലോകനയോഗത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിലെ അഡീഷനല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡ, സാമ്പത്തിക ഉപദേഷ്ടാവ് എന്‍ ശ്രീനിവാസറാവു പൊതുമേഖലാ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും മേധാവികളുമായി ചര്‍ച്ചനടത്തി. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും സുതാര്യത ഉറപ്പാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും ഇപ്പോള്‍തന്നെ ദുരിതത്തിലാക്കിയ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്നും ദേബാശിഷ് പാണ്ഡ ആവശ്യപ്പെട്ടു. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച എടിഎമ്മുകള്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും കുറഞ്ഞൊരു കാലയളവില്‍ മിനിമം ബാലന്‍സ് ചട്ടങ്ങള്‍ വേണ്ടെന്നുവയ്ക്കണമെന്നും കേന്ദ്രസംഘം നിര്‍ദേശിച്ചു.
പ്രളയത്തില്‍ നഷ്ടപ്പെട്ട ബാങ്കിങ്, ഇന്‍ഷുറന്‍സ് രേഖകള്‍ സംബന്ധിച്ച വിഷയം സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ചചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രളയം ബാധിക്കപ്പെട്ട എല്ലാ ബാങ്ക് ശാഖകളും എടിഎമ്മുകളും വീണ്ടും തുറക്കുക, ഉപയോഗശൂന്യമായിത്തീര്‍ന്ന കറന്‍സികള്‍ കൈമാറ്റംചെയ്യുക, വായ്പാ തിരിച്ചടവ് കാലാവധി നീട്ടിനല്‍കുക തുടങ്ങിയ നടപടികള്‍ ഇതിനകംതന്നെ എല്ലാ ബാങ്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും തുടക്കമിട്ടിട്ടുണ്ട്. എല്‍ഐസി, നാഷനല്‍ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുനൈറ്റഡ് ഇന്‍ഷുറന്‍സ് മുതലായ കമ്പനികളുടെ പ്രതിനിധികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, കനറാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, നബാര്‍ഡ് തുടങ്ങി 12 ഓളം ബാങ്കുകളുടെ മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss