|    Dec 19 Wed, 2018 4:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം: ആദിവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നു- ഗീതാനന്ദന്‍

Published : 30th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയദുരന്തത്തിനു പിന്നാലെ പുനരധിവാസ പ്രക്രിയകളില്‍ ആദിവാസി-ദലിത് വിഭാഗങ്ങളുടെ പരിരക്ഷയ്ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആദിവാസി ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍. ആദിവാസി മേഖലകളെ ദുരിതം ഏറെ ബാധിച്ചുവെങ്കിലും ദുരിതമേഖലകളില്‍ പലയിടത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പേരിനുപോലും എത്തിയിട്ടില്ല. ദുരിതാശ്വാസവും പുനരധിവാസവും റവന്യൂ വകുപ്പിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
പട്ടികവര്‍ഗ വകുപ്പ് ഇതുവരെയും ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണ റിപോര്‍ട്ടുകളൊന്നും തയ്യാറാക്കിയിട്ടില്ല. പല ക്യാംപുകളിലും ആദിവാസികളോട് കാണിച്ച വിവേചനം ഭക്ഷ്യധാന്യ വിതരണത്തിലും തുടരുന്നു. പലയിടങ്ങളിലും സന്നദ്ധപ്രവര്‍ത്തകര്‍ ആദിവാസികള്‍ക്കായെത്തിച്ച ഭക്ഷ്യസാധനങ്ങള്‍ രാഷ്ട്രിയപാര്‍ട്ടികള്‍ പിടിച്ചെടുത്ത സംഭവങ്ങളുമുണ്ടായി. അട്ടപ്പാടിയില്‍ സന്നദ്ധ സേവകരും മാധ്യമപ്രവര്‍ത്തകരുമടക്കം ആദിവാസി മേഖലയില്‍ പ്രവേശിക്കുന്നത് വിലക്കിയുള്ള നോഡല്‍ ഓഫിസറുടെ ഉത്തരവും ആദിവാസികള്‍ക്ക് സഹായമെത്തിക്കുന്നവരെ തടയുന്ന വനംവകുപ്പിന്റെ നടപടിയും ദുരിതാശ്വാസത്തിന് തടസ്സമാവുകയാണെന്നും ഗീതാനന്ദന്‍ ആരോപിച്ചു.
വിഷയത്തില്‍ പഠനം നടത്താന്‍ വസ്തുതാന്വേഷണ സമിതിക്ക് രൂപം നല്‍കും. ആദിവാസി മേഖലയിലെ പുനരധിവാസത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമായി സമിതിയുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. സപ്തംബര്‍ 15, 16 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കുന്ന ദ്വിദിന ശില്‍പശാലയില്‍ ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഗീതാനന്ദന്‍ പറഞ്ഞു. ആദിജനസഭ സെക്രട്ടറി സി ജെ തങ്കച്ചന്‍, പി ജി ജനാര്‍ദനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss