|    Apr 22 Sun, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: അസമിലും ബിഹാറിലും 52 മരണം

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളെ പ്രളയത്തിലാക്കിയ കനത്ത മഴ അസമിലും ബിഹാറിലും വ്യാപക നാശം വിതച്ചു. ഇരു സംസ്ഥാനങ്ങളിലും 26 പേര്‍ വീതം മരിച്ചതായാണ് റിപോര്‍ട്ട്. അസമിലെ പ്രളയമേഖലയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യോമനിരീക്ഷണം നടത്തി. മരിഗാവ് ജില്ലയിലെ ക്യാംപുകള്‍ സന്ദര്‍ശിച്ച അദ്ദേഹം, പ്രളയം ദേശീയ ദുരന്തമാണെന്നു പ്രഖ്യാപിക്കാന്‍ വിസമ്മതിച്ചു. പ്രശ്‌നത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ലെന്നും ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സംബന്ധിച്ച് പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അസമിലെ 22 ജില്ലകളിലെ 19 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. ക്യാംപുകള്‍ക്കു പുറമെ നിരവധി കുടുംബങ്ങള്‍ ബോട്ടുകളിലും വള്ളങ്ങളിലുമാണു താമസിക്കുന്നത്. കാസിരംഗ ദേശീയോദ്യാനത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലാണ്. ഒമ്പത് ബറ്റാലിയന്‍ സൈനികരെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഇവര്‍ 2000ത്തിലധികം പേരെ രക്ഷപ്പെടുത്തി. ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍ അസമിലേക്കു പ്രത്യേക ചരക്കുവണ്ടികള്‍ സൗജന്യമായി അയക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ബിഹാറിലെ 10 ജില്ലകളില്‍ 25 ലക്ഷം പേരെയാണു പ്രളയം ബാധിച്ചത്. ദുരന്തം നേരിടാന്‍ ബൃഹദ്പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ തെറായ് മേഖലയിലെ മിക്ക പ്രധാന നദികളും കരകവിഞ്ഞൊഴുകുകയാണ്. ഹിമാലയന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 20 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. കോടികളുടെ വിളകള്‍ നശിച്ചു. 41 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ 31 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങി.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, സേലം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയസാധ്യതാ മുന്നറിയിപ്പുണ്ട്. കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നതിനാല്‍ നദികള്‍ കരകവിഞ്ഞതാണ് തമിഴ്‌നാട്ടിലെ സേലം, കൃഷ്ണഗിരി ജില്ലകള്‍ക്കു ഭീഷണിയായത്. സേലത്തും കനത്ത മഴയുണ്ട്. ഇവിടുത്തെ പല പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. ബംഗളൂരുവില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
മഹാരാഷ്ട്രയില്‍ മുംബൈ നഗരത്തിലും അയല്‍ ജില്ലകളിലും തുടരുന്ന കനത്ത മഴ ജനജീവിതം തടസ്സപ്പെടുത്തി. ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. മുംബൈ നഗരത്തില്‍ 24 മണിക്കൂറിനകം 10.42 സെന്റീ മീറ്റര്‍ മഴ പെയ്തുവെന്നാണു കാലാവസ്ഥാവകുപ്പിന്റെ കണക്ക്. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലും കനത്ത മഴ പെയ്തു. കഴിഞ്ഞദിവസം ദേശീയതലത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയ ഹരിയാനയിലെ ഗുഡ്ഗാവ് ഹൈവേയില്‍ ഗതാഗതസ്തംഭനം ഒഴിവായി.
ഇടിമിന്നല്‍: ഒഡീഷയില്‍ 30 മരണം
ഭുവനേശ്വര്‍: ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 30 പേര്‍ മരിച്ചു. 35 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബദ്രക്, ബാലസോര്‍, ഖുര്‍ദ, കോണ്‍ജര്‍, നയാഗഡ്, മയൂര്‍ഗഞ്ച്, ജയ്പൂര്‍, കേന്ദ്രപാറ ജില്ലകളിലാണു സംഭവം. ബദ്രക്കിലും ബാലസോറിലും ഏഴുപേര്‍ വീതവും ഖുര്‍ദയില്‍ ആറുപേരും കോണ്‍ജര്‍, നയാഗഡ്, മയൂര്‍ഗഞ്ച്, ജയ്പൂര്‍, കേന്ദ്രപാറ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss