|    Nov 21 Wed, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയം: അനാസ്ഥ അന്വേഷിക്കാന്‍ നിയമസഭാ സമിതി രൂപീകരിക്കണം; എസ്ഡിപിഐ നിയമസഭാ ധര്‍ണ ഇന്ന്

Published : 30th August 2018 | Posted By: kasim kzm

തൃശൂര്‍: പ്രളയം സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഭാഗമായുണ്ടായതാണെന്നും ഡാമുകള്‍ തുറക്കുമ്പോള്‍ കൃത്യമായ മുന്‍കരുതല്‍ നടപടികളും മുന്നറിയിപ്പുകളും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി.
നവകേരളം സൃഷ്ടിക്കണമെന്ന് പറഞ്ഞ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലുണ്ടാവേണ്ട കൂട്ടായ്മ ചൂണ്ടിക്കാട്ടി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡാമുകള്‍ ഒന്നിച്ചു തുറന്നത് പലയിടത്തും പ്രളയത്തിന് കാരണമായി. കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇടുക്കി ഡാം തുറക്കുന്നതിന്റെ മുന്നോടിയായി പെരിയാര്‍ തീരത്ത് 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ മാത്രമാണ് മാറ്റിത്താമസിപ്പിച്ചത്. ഒഴുക്കന്‍ മട്ടിലുള്ള ജാഗ്രതാ നിര്‍ദേശം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഡാമുകളിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായിട്ടും മുന്‍കരുതലെടുത്ത് അല്‍പ്പാല്‍പ്പമായി വെള്ളം തുറന്നുവിടുന്നതിന് തയ്യാറാവാത്തത് വന്‍ വീഴ്ചയായി സര്‍ക്കാര്‍ സമ്മതിക്കണം.
10 ലക്ഷത്തോളം പേരാണ് അഭയാര്‍ഥികളായി ക്യാംപുകളിലെത്തിയത്. ജനങ്ങള്‍ ദിവസങ്ങളോളം നരകയാതന അനുഭവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിക്കാണ്. സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമസഭാ സമിതി രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന കമ്മിറ്റി ഇന്ന് നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തും. 2018 പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രത്യേകം അക്കൗണ്ടായി സൂക്ഷിക്കണം. ഓരോ വ്യക്തിക്കും മുഴുവന്‍ നഷ്ടവും വകവച്ചു നല്‍കണം. അടിയന്തര ധനസഹായം 2,50,00 രൂപയായി വര്‍ധിപ്പിച്ച് ഉടന്‍ വിതരണം ചെയ്യണം. പലിശരഹിത വായ്പകള്‍ അനുവദിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണ്. കേരള ജനതയെ അപഹസിച്ച് ബിജെപി രാഷ്ട്രീയം കളിക്കുന്നു. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 10ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുള്‍ ലത്തീഫ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss