|    Nov 20 Tue, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രമേഹജന്യ നേത്രപടല രോഗനിര്‍ണയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ

Published : 8th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നയനാമൃതം പദ്ധതിയെക്കൂടി ഉള്‍പ്പെടുത്തിയതായി മന്ത്രി കെ കെ ശൈലജ. പ്രമേഹരോഗികളിലുണ്ടാവുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ കണ്ടുപിടിക്കാനും ചികില്‍സിക്കാനുമായിട്ടാണ് ഈ നൂതന സംരംഭം ആവിഷ്—കരിച്ചിട്ടുള്ളത്.
ആര്‍ദ്രം ദൗത്യം, ഇ-ഹെല്‍ത്ത് എന്നിവയുമായി സംയോജിപ്പിച്ചുകൊണ്ടാണ് നയനാമൃതം ആവിഷ്—കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരും ഓര്‍ണേറ്റ് ഇന്ത്യ-യുകെയും സംയുക്തമായി നടപ്പാക്കുന്ന നയനാമൃതം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നേത്രപടല അന്ധത കണ്ടെത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനുള്ള കാമറ വാങ്ങിനല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ വളരെ വേഗത്തില്‍ രോഗനിര്‍ണയം നടത്താനാവും. രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ചികില്‍സയ്ക്കായി താലൂക്ക്/ജില്ലാ ആശുപത്രി മുതലുള്ള ആശുപത്രികളില്‍ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒരു സ്റ്റാഫ്‌നഴ്—സിനും ഡോക്ടര്‍ക്കും നയനാമൃതം പദ്ധതിയോടനുബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിന് ആശ വോളന്റിയര്‍മാര്‍ക്ക് പരിശീലനവും നല്‍കിവരുന്നു. തുടക്കത്തിലേ തന്നെ കണ്ടുപിടിച്ച് ചികില്‍സ ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമായതിനാലാണ് സര്‍ക്കാര്‍ ഈയൊരു പദ്ധതി—ക്ക് രൂപംനല്‍കിയത്. ആരംഭത്തില്‍ ഈ രോഗം കണ്ടുപിടിച്ച് ചികില്‍സിച്ചില്ലെങ്കില്‍ അന്ധതയ്ക്ക് കാരണമായേക്കാം.
പ്രമേഹരോഗം ഉള്ളവരില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവിലോ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തേണ്ടതാണ്. അതിനാല്‍ തന്നെ എല്ലാവരും ഈ പദ്ധതിയുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഓര്‍ണേറ്റ് ഇന്ത്യ-യുകെ പ്രതിനിധി ഡോ. ശോഭ ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംല ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു തുങ്ങയവര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss