|    Jan 23 Mon, 2017 10:32 pm

പ്രമുഖരുടെ പെരുന്നാള്‍ ആശംസകള്‍

Published : 12th September 2016 | Posted By: G.A.G

 

ത്യാഗസന്നദ്ധതയും സമത്വബോധവും വളര്‍ത്തുക: തങ്ങള്‍
കോഴിക്കോട്: ആദര്‍ശത്തിനുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും സ്രഷ്ടാവിനു മുമ്പില്‍ എല്ലാ മനുഷ്യരും തുല്യരാണെന്ന സമത്വബോധവുമാണ് ബലിപെരുന്നാളിന്റെ പാഠമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും -ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അസ്ഹായും- ദൃഢമായ വിശ്വാസത്തിന്റെയും കളങ്കമറ്റ ഭക്തിയുടെയും പ്രതിഫലനമാണ്. വിശ്വാസത്തില്‍ വൈരാഗ്യങ്ങള്‍ക്കു സ്ഥാനമില്ല. പരിശുദ്ധ ഹജ്ജ് കര്‍മത്തിലെ പുണ്യ അറഫാ സംഗമത്തിന്റെ നിര്‍വൃതിയിലാണ് മുസ്‌ലിംലോകം.
ഐക്യത്തിനും സന്മനോഭാവത്തിനും കീര്‍ത്തികേട്ടവരാണ് മലയാളി മുസ്‌ലിം സമൂഹം. നിസ്സാരമായ തര്‍ക്കങ്ങളുടെ പേരില്‍ ഭിന്നിച്ച് ആ ഐക്യവും നന്മയും തകര്‍ക്കപ്പെട്ടുകൂടാ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍

പരസ്പര സ്‌നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സഹജീവികളോടു സഹനവും കാരുണ്യവും കാണിക്കാനും പെരുന്നാള്‍ ദിനത്തില്‍ പ്രതിജ്ഞ പുതുക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍. അല്ലാഹു ഇഷ്ടപ്പെടുന്ന രൂപത്തില്‍ ആരാധനകള്‍ നിര്‍വഹിച്ച് അവന്റെ തൃപ്തി നേടുന്ന വിശ്വാസികളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെയെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

കാന്തപുരം
എ പി അബൂബക്കര്‍
മുസ്‌ല്യാര്‍

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ അനുസ്മരിക്കുന്നു. ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും ഹാജറ ബീവിയും കാണിച്ച ആത്മീയതയില്‍ അധിഷ്ഠിതമായി ജീവിതം നയിക്കാന്‍ വിശ്വാസികള്‍ സന്നദ്ധമാവണം.
അമിതമായ ആഘോഷങ്ങളിലേക്കു പോയി പെരുന്നാള്‍ പകരുന്ന ആത്മീയ ചൈതന്യം നഷ്ടപ്പെടുത്തരുത്. വിശ്വാസികള്‍ക്ക് ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.

വലിയ ഖാസി

തിരുവനന്തപുരം: ത്യാഗവും സഹനവും സമര്‍പ്പണവുമാണ് ഈദുല്‍ അസ്ഹായുടെ സന്ദേശമെന്നും ഭൗതിക മോഹങ്ങള്‍ക്കു കടിഞ്ഞാണിട്ട് ലോകത്തെങ്ങുമുള്ള മര്‍ദിത സമൂഹത്തോട് ഐക്യപ്പെടാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്നും തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ബഹാവുദ്ദീന്‍ നദ്‌വി

ഖലീലുല്ലാഹി ഇബ്രാഹീം, മകന്‍ ഇസ്മാഈല്‍, ഭാര്യ ഹാജറ എന്നിവരുടെ അചഞ്ചല വിശ്വാസവും അര്‍പ്പണബോധവും  ആത്മസമര്‍പ്പണവുമാണ് ബലിപെരുന്നാള്‍ വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കുന്നതെന്ന് ബഹാവുദ്ദീന്‍ നദ്‌വി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ദേശ-ഭാഷ സംസ്‌കാരങ്ങള്‍ക്കതീതമായി മുസ്‌ലിം സഹോദരങ്ങള്‍ സംഗമിക്കുന്ന ഹജ്ജ്‌വേള പകരുന്ന അതിരുകളില്ലാത്ത ഐക്യബോധം നമ്മുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.

എസ്ഡിപിഐ

ബക്രീദും ഓണവും ആഘോഷിക്കുന്ന മലയാളികള്‍ക്ക് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആശംസ നേര്‍ന്നു. ഓണം ജനക്ഷേമത്തിന്റെ സന്ദേശവും ബക്രീദ് നന്മ വിളയിക്കുന്നതിന് ത്യാഗവും പരിശ്രമവും വേണമെന്ന ബോധനവും നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അധികാരികളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിക്കാനും സത്യത്തിന്റെ പക്ഷം ചേര്‍ന്നുനില്‍ക്കാനുമുള്ള പ്രചോദനമാണ് ഈ ആഘോഷങ്ങള്‍. നീതിക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് ഭൗതിക പ്രതീക്ഷയില്‍ കവിഞ്ഞ സഹായത്തിനര്‍ഹതയുണ്ടെന്ന് ഹജ്ജ് പെരുന്നാളിന്റെ അടിസ്ഥാനമായ ഇബ്‌റാഹീം നബിയുടെ ജീവിതാനുഭവങ്ങള്‍ തെളിയിക്കുന്നു.
കേവലം ആസ്വാദനത്തിനപ്പുറം ആഘോഷങ്ങളുടെ പ്രചോദന കേന്ദ്രങ്ങളായ വ്യക്തിത്വങ്ങളെയും ചരിത്രസംഭവങ്ങളെയും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള ശക്തിസ്രോതസ്സാക്കി മാറ്റുകയാണ് വേണ്ടത്. പൗരന്‍മാര്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തി രാജ്യത്തിനകത്ത് വീണ്ടും വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രഭരണകൂടത്തിന്റെ ഒത്താശയോടെ ശക്തിപ്രാപിക്കുമ്പോള്‍ ആഘോഷങ്ങളുടെ ആന്തരികാര്‍ഥം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവരാകാന്‍ മജീദ് ഫൈസി ആഹ്വാനം ചെയ്തു.

പോപുലര്‍ ഫ്രണ്ട്

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഉജ്ജ്വല മാതൃകയിലൂടെ മാനവരാശിക്ക് മാര്‍ഗദീപം തെളിച്ച ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ജീവിതപാത അനുധാവനം ചെയ്യുകയാണ് വിശ്വാസി സമൂഹത്തിന്റെ എക്കാലത്തേയും ബാധ്യത. പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ചരിത്രപാഠങ്ങള്‍ നമുക്ക് പ്രചോദനമാവണം. അഭിനവ നംറൂദുമാര്‍ക്ക് മുമ്പില്‍ വിശ്വാസദാര്‍ഢ്യത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ ആര്‍ജവം കാട്ടുകയും ദൈവമാര്‍ഗത്തില്‍ ത്യാഗത്തിനു സന്നദ്ധമാവുകയും ചെയ്യുകയാണ് ബലിപെരുന്നാളിന്റെ സന്ദേശം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നതായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് പറഞ്ഞു.

കെഎന്‍എം

മതസൗഹാര്‍ദത്തിന്റെ ഇടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവിയും ബലിപെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. പ്രവാചക പിതാവായ ഇബ്‌റാഹീം നബിയുടെ ത്യാഗോജ്ജ്വല ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. മതതീവ്രതയ്ക്കും ഭീകരതയ്ക്കുമെതിരേ മുസ്‌ലിംലോകം നടത്തുന്ന പോരാട്ടത്തിന് ശക്തിപകരണം. ഭീകരതയെ യഥാര്‍ഥ മതസന്ദേശംകൊണ്ട് ചെറുക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത്. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. വിദ്വേഷം വളര്‍ത്തുന്ന മതവായനകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അറിയിച്ചു.

ഐഎസ്എം

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകള്‍ പെയ്തിറങ്ങി മണ്ണിലും വിണ്ണിലും സൗഹൃദത്തിന്റെ താരാട്ടുപാട്ടുമായി ബലിപെരുന്നാള്‍ വന്നെത്തുമ്പോള്‍, അനീതിക്കും അധര്‍മത്തിനുമെതിരേ സന്ധിയില്ലാ സമരം നടത്തിയ ഇബ്രാഹീം നബിയുടെ ജീവിതമാതൃക പിന്തുടരാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. തീവ്രവാദത്തിനും വര്‍ഗീയതയ്ക്കുമെതിരേ പ്രവര്‍ത്തിക്കാനും മാനവികതയുടെ വീണ്ടെടുപ്പിനായി കഠിനാധ്വാനം ചെയ്യാനും ഈ ദിനം പ്രചോദനമാവട്ടെ എന്ന് ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

ഫോക്കസ് ഇന്ത്യ

പ്രലോഭനങ്ങളെ അതിജയിച്ച് ദൈവവഴിയില്‍ എന്തും സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാള്‍ ഓര്‍മിപ്പിക്കുന്നതെന്ന് ഫോക്കസ് ഇന്ത്യ പ്രസിഡന്റ് പ്രഫ. യു പി യഹ്‌യാഖാനും ജന. സെക്രട്ടറി ഷുക്കൂര്‍ കോണിക്കലും ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ബഹുമത സമൂഹത്തില്‍ പരസ്പരം സൗഹാര്‍ദവും സ്‌നേഹവും വളര്‍ത്താന്‍ ആഘോഷങ്ങള്‍ പര്യാപ്തമാവേണ്ടതുണ്ട്. താന്‍ ജീവിച്ച നാടിന്റെയും രാജ്യത്തിന്റെയും സമാധാനത്തിനും നന്മയ്ക്കും വേണ്ടി ജീവിതം മാറ്റിവച്ച ഇബ്രാഹീം നബിയുടെ മാര്‍ഗവും മാതൃകയുമാണ് ലോകസമൂഹം പിന്തുടരേണ്ടത്.
മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും മാനവികത മുറുകെ പിടിക്കാനും പെരുന്നാള്‍ പ്രചോദകമാവട്ടെ എന്നും ഫോക്കസ് ഇന്ത്യ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.

എസ്‌വൈഎസ്

മാനുഷിക മൂല്യങ്ങളുടെ ഏറ്റവും വലിയ നിദര്‍ശനമാണ് ഹജ്ജും ബലിപെരുന്നാളുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രേട്ടറിയറ്റ് പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ദേശ-വര്‍ഗ-വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന വലിയൊരു മുഹൂര്‍ത്തമാണ് ഹജ്ജിലെ അറഫാസംഗമം. ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ കടുത്ത പീഢനങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളോടുള്ള ഐക്യപ്പെടല്‍ കൂടിയാണ് പെരുന്നാളാഘോഷം.
സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഉദാത്ത സന്ദേശമാണ് ബലിപെരുന്നാള്‍ വിശ്വാസികള്‍ക്കു നല്‍കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും ജനറല്‍ സെക്രട്ടറി മജീദ് കക്കാടും സന്ദേശത്തില്‍ പറഞ്ഞു.

വിശ്വാസികള്‍  ബക്രീദ് ആഘോഷിക്കുന്നത് ഒരേ മനസ്സോടെ:
പിണറായി

തിരുവനന്തപുരം:  ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ബക്രീദ് എന്നു പിണറായി വിജയന്‍. ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഒരേ മനസ്സോടെയാണ് ബക്രീദ് ആഘോഷിക്കുന്നതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ബലിപെരുന്നാള്‍ എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങളെ ദൈവകാരുണ്യത്താല്‍ നിറയ്ക്കട്ടെ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഓര്‍മപുതുക്കലാണ് ബലിപെരുന്നാളെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആശംസിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 213 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക