|    Apr 26 Wed, 2017 5:12 pm
FLASH NEWS

പ്രഭാവര്‍മയുടെ ശ്യാമമാധവം

Published : 4th January 2017 | Posted By: fsq

vettum-thiruthum-new
കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരലബ്ധി എന്നൊക്കെ ശ്രവിക്കവെ മനസ്സില്‍ മിന്നിമറയുക ‘എങ്ങനെ ഒപ്പിച്ചെടുത്തു’ എന്നൊരു ദുഷ്ടചിന്തയാണ്. കവി എം എന്‍ പാലൂരിന്റെ ആത്മകഥാരചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോഴാണ് ഇത്തരമൊരു ദുഷ്ടചിന്ത സമീപകാലേ കടന്നുവരാത്തത്. പാവം, പാലൂര് അവാര്‍ഡ് കിട്ടാനൊന്നും അത്യധ്വാനം ചെയ്യില്ല. ആരോടും ശുപാര്‍ശക്കത്തും വാങ്ങില്ല. പ്രഭാവര്‍മയുടെ ശ്യാമമാധവം എന്ന നല്ലതില്‍ നന്നായ കാവ്യഗ്രന്ഥത്തിന് ഈ വര്‍ഷം കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ മിന്നിയത് ”സന്ധ്യതന്‍ ചോപ്പു തട്ടിത്തന്‍കണ്‍കളെങ്ങാന്‍ ചുവക്കുകില്‍ കോപിച്ചു രാധയെന്നോര്‍ക്കാംകണ്ണനെന്നു ഭയന്നവള്‍!”രാധയെന്ന കഥാപാത്രത്തിന്റെ സൂക്ഷ്മഞരമ്പുകള്‍ പോലും കവി കണ്ടെത്തുന്നത് അത്രമേല്‍ ആസ്വദിച്ചിട്ടുണ്ട്. രാധയെ വര്‍ണിക്കുന്നിടത്തൊക്കെയും ”ചമയങ്ങള്‍ അണിഞ്ഞിടാതെ, ഒട്ടും ഒരുങ്ങീടാതെ” അകമേ പൂത്തുനിന്നവള്‍ എന്നും, ഉയിരും ഉടലും ശ്യാമമാധവന് അര്‍പിതമെന്നും അര്‍ച്ചിതമെന്നും കവി ‘രാധാമാധവ’ത്തില്‍ വരയ്ക്കുന്നതും ഒട്ടൊന്നുമല്ല ആസ്വാദകമനസ്സിനെ വിശ്വസിപ്പിച്ചിട്ടുള്ളത്. ‘ചന്ദനനാഴി’ തൊട്ടാണ് ഞാനീ കവിയെ ശ്രദ്ധിച്ചു വായിക്കുന്നത്. ചങ്ങനാശ്ശേരിയുടെ സാരസ്വത തേനുണ്ട് വളരാന്‍ ഭാഗ്യം സിദ്ധിച്ച  ശ്യാമമാധവകാരന് പുരസ്‌കാരലബ്ധികൊണ്ട് ലഭിക്കുന്ന യശസ്സ് വളരെ വലുതാണ്. ലക്ഷ്മീപുരം കൊട്ടാരത്തിന്റെയും പെരുന്നയുടെയും കൈനിക്കര സഹോദരന്മാരാല്‍ കളങ്കമേശാത്ത കാറ്റിന്റെയും മഹാകവി ഉള്ളൂരും ചങ്ങനാശ്ശേരി പരമേശ്വരന്‍ നായരും അടക്കം ഒത്തിരി പ്രതിഭകളുടെയും ഇരുകൈവെള്ള ഈ കവിമൂര്‍ധാവില്‍ കിനാവിലെങ്കിലും പതിഞ്ഞു എന്നും വിശ്വസിക്കാനാണെനിക്കിഷ്ടം. നല്ല എഴുത്തിനെ ഭൂതക്കണ്ണാടിയുടെ സഹായമില്ലാതെ തിരിച്ചറിയുകയും നന്മയുള്ളതെങ്കില്‍ വാനോളം ഉയര്‍ത്തുകയും ചെയ്യുന്ന ഏറ്റുമാനൂര്‍ സോമദാസനെപ്പോലൊരു അക്ഷരമര്‍മ്മജ്ഞന്‍ പൂവു കണ്ടാല്‍ പുഞ്ചിരിച്ചുപോവുകയും നിലാവു കണ്ടാല്‍ കരഞ്ഞുപോവുകയും ചെയ്യുന്ന ആര്‍ദ്രവിലോലമായ മനസ്സുള്ള കവിയെന്ന് പ്രഭാവര്‍മയെ തലോടുമ്പോള്‍ എനിക്കേതും സംശയമില്ല, ശ്യാമമാധവം മലയാള കവിതാസമ്പത്തിലെ നല്ലൊരു ഈടുവയ്പുകളിലൊന്നാണെന്ന്. പണിക്കുറ തീര്‍ത്ത് ഖണ്ഡകാവ്യം കൈയില്‍ കിട്ടുമ്പോള്‍ ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ ആഹ്ലാദിച്ചിരിക്കും. എന്തോ ചില രാഷ്ട്രീയപ്രശ്‌നങ്ങളാല്‍ ജയചന്ദ്രന്‍ നായര്‍ ഖണ്ഡകാവ്യം പ്രസിദ്ധീകരണം തടഞ്ഞതും നൊമ്പരങ്ങളോടെ ആയിരിക്കുമെന്ന് ഞാന്‍ നിനയ്ക്കുന്നു. കാരണം, പ്രഭാവര്‍മയിലെ കവിയെ തുടച്ചുമിനുക്കുന്നതില്‍ കലാകൗമുദി കാലംതൊട്ടേ ജയചന്ദ്രന്‍ നായര്‍ കൈമിടുക്ക് പിശുക്കില്ലാതെ ചെലവാക്കിയ വ്യക്തിയാണ്. കവിത എഴുത്തിന് ഇത്രയേറെ പുരസ്‌കാരങ്ങള്‍ക്ക് ശിരസ്സുകുനിച്ച മറ്റൊരു കവിയെയും എനിക്കോര്‍ത്തെടുക്കാനില്ല. ”ആശാനേന്തിയ പന്തമേറ്റു വാങ്ങിയവരില്‍ പ്രമുഖന്‍ വൈലോപ്പിള്ളിയാണെങ്കില്‍ വൈലോപ്പിള്ളിയില്‍ നിന്നു പന്തം ഏറ്റുവാങ്ങിയ പുതിയ കാലത്തെ കവി” പ്രഭാവര്‍മയാണെന്ന് ഒഎന്‍വി എഴുതുമ്പോള്‍ അതിനൊരു തിരുത്തായാലോ എന്ന് എന്റെ എളിയ സഹൃദയത്വം നിര്‍ബന്ധിക്കുന്നു. ജഡമായ കാവ്യഭാഷയെ പ്രഭാവര്‍മ നിരാകരിെച്ചന്നു പറഞ്ഞ് ഒഎന്‍വി പ്രഭാവര്‍മയെ താലോലിച്ചതു മനസ്സിലാക്കാം. എന്നാലും മറ്റാരും കൊളുത്തിയ പന്തമല്ല ശ്യാമമാധവകാരന്‍ ആകാശത്തോളം ഉയര്‍ത്തുന്നതെന്നും ഒരു കവിയുടെയും നേരിയ നിഴല്‍പ്പാടുപോലും ശ്യാമമാധവത്തില്‍ ക്ഷണിക്കാത്ത അതിഥിവാക്കായി കടന്നുവരുന്നില്ലെന്നും നിസ്സംശയം പറയുമ്പോള്‍ ഒഎന്‍വിയുടെ ആത്മാവ് ക്ഷമിക്കട്ടെ! സംസ്‌കൃതവൃത്ത പ്രധാനമായതെന്ന് ശ്യാമമാധവത്തെ എന്‍ വി പി ഉണിത്തിരിയെ പോലൊരു സംസ്‌കൃതമറിയുന്ന ആസ്വാദകന്‍ വിലയിരുത്തുന്നതും ഉള്ളിലെടുക്കുന്നു. അരണ്യകൃഷ്ണന്‍ എന്ന ഖണ്ഡത്തിലെ ”താരകം തന്നെയാം സൂര്യന്‍എന്നതേ സത്യമെങ്കിലുംഅറിയാ, മര്‍ക്കനായ്ത്തീരാന്‍താരകങ്ങള്‍ക്കസാധ്യമാം…” എന്നതെടുത്തെഴുതി ‘ശ്യാമമാധവം’ മലയാള കാവ്യലോകത്തെ നക്ഷത്രങ്ങള്‍ക്കു വെട്ടം വിതറുന്ന, കാലം തല്ലിക്കെടുത്താത്ത ‘ഒറ്റനക്ഷത്ര’മെന്നു സവിനയം വിളിച്ച് പിന്മാറട്ടെ. ഈ കവിയുടെ മൂര്‍ധാവില്‍ വ്യാസ-കാളിദാസാദികളുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടെന്നും ആശംസിക്കട്ടെ.                              ി

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day