|    Apr 24 Tue, 2018 6:50 am
FLASH NEWS

പ്രഫുല്‍ ബിദ്വായ്: എഴുത്തിന്റെ കരുത്ത്

Published : 1st August 2015 | Posted By: admin

എ.എസ്. നാസര്‍

ഇക്കഴിഞ്ഞ ജൂണ്‍ 23ന് ആംസ്റ്റര്‍ഡാമില്‍ വച്ച് അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായ്, ആ ജനുസ്സിലെ അപൂര്‍വതയായിരുന്നു. ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍, രാഷ്ട്രീയകാര്യങ്ങള്‍, പരിസ്ഥിതി, സമാധാനപ്രവര്‍ത്തനം മുതലായ മേഖലകളില്‍ ധിഷണ വ്യാപരിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ സ്ഥാനം സമാധാനപ്രവര്‍ത്തകന്‍ എന്നതാണ്.
ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയപ്രക്രിയകളില്‍ ഏറെ സൂക്ഷ്മദൃക്കായ ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. വലതുപക്ഷ ഹിന്ദുത്വതീവ്രവാദ പ്രസ്ഥാനമായ ബി.ജെ.പിയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ശീര്‍ഷകം ‘ജനാധിപത്യത്തിന്റെ മേലുള്ള വൃത്തികെട്ട മുദ്ര’ (ആന്‍ അഗ്ലി സ്‌കാര്‍ ഓണ്‍ ഡെമോക്രസി) എന്നാണ്. ബി.ജെ.പിയുടെ വിജയത്തെ അദ്ദേഹം കണ്ടതു നമ്മുടെ സമൂഹത്തിന്റെ വലത്തോട്ടുള്ള ചായ്‌വായും ഹിന്ദു നവലിബറല്‍ മുതലാളിത്തശക്തിയുടെ കൂട്ടുകെട്ടിന്റെ മുന്നേറ്റവുമായാണ്. പല പത്രമാധ്യമങ്ങളും വികസനത്തെ മുന്‍നിര്‍ത്തിയുള്ള മോദിയുടെ പ്രചാരണത്തെ പിന്തുണച്ചപ്പോള്‍, പ്രഫുല്‍ ബിദ്വായ് അതിന്റെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞത്, ആ പ്രചാരണം ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയപ്രചാരണമെന്നാണ്. മോദിയുടെ പ്രചാരണത്തില്‍ ഉപയോഗിക്കപ്പെട്ട ചിന്തകളൊക്കെയും ഹിന്ദു മതാധിഷ്ഠിതമായിരുന്നു. കോണ്‍ഗ്രസ്സിനോടുള്ള വിപ്രതിപത്തി ചൂഷണം ചെയ്യാനും മോദിക്കു കഴിഞ്ഞു.
യു.പിയില്‍ ബി.ജെ.പി. നേടിയ വിജയത്തെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുന്നുണ്ട് ബിദ്വായ്. ജാട്ടുകള്‍, താഴ്ന്ന ജാതിക്കാര്‍ തുടങ്ങിയവരെ വര്‍ഗീയവല്‍ക്കരിച്ചും ജോലി വാഗ്ദാനം ചെയ്തുമാണ് മോദി വോട്ട് നേടിയത്. 19.6 ശതമാനം വോട്ട് കിട്ടിയിട്ടും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റും നേടാനായില്ല. സമാജ്‌വാദി പാര്‍ട്ടിയും വല്ലാതെ തകര്‍ന്നു, അതിന് 22.2 ശതമാനം വോട്ട് കിട്ടിയെങ്കിലും. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഈ പ്രതിസന്ധി മറികടക്കാന്‍ ക്രിയാത്മകമായ ഒരു നിര്‍ദേശം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. ബ്രിട്ടിഷ് രീതിയിലുള്ളപോലെ കൂടുതല്‍ വോട്ട് കിട്ടിയവന്‍ വിജയിച്ചു കയറുക എന്നതില്‍നിന്നു വ്യത്യസ്തമായി ആനുപാതികപ്രാതിനിധ്യം (പ്രപോഷനല്‍ റപ്രസന്റേഷന്‍) തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമാക്കുക എന്നതാണത്. കഴിഞ്ഞ തിരഞ്ഞെടുപ്പുഫലം ആര്‍.എസ്.എസിനു ജനാധിപത്യത്തിനു പിന്നില്‍ ഒളിക്കാന്‍ സൗകര്യം നല്‍കുന്നു എന്നൊരു അഭിപ്രായപ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ മൗലികസ്വഭാവത്തെ കുറിച്ചുള്ള ഒരപഗ്രഥനം കൂടിയാണിത്. പാര്‍ലമെന്ററി പാര്‍ട്ടികളില്‍നിന്ന് വലിയ പ്രതിരോധം ഹിന്ദുത്വ മുതലാളിത്തശക്തികള്‍ നേരിടാന്‍ പോകുന്നില്ലെന്നും ആ ബാധ്യത അടിസ്ഥാന സിവില്‍ സമൂഹവും സെക്കുലര്‍ ഇന്ത്യക്കു വേണ്ടി നിലകൊള്ളുന്ന പുരോഗമനശക്തികളും ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
വിജ്ഞാനമേഖലയിലെ വ്യാപകമായ കാവിവല്‍ക്കരണത്തെ കുറിച്ച് ഏറെ ഉല്‍ക്കണ്ഠപ്പെട്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. 102ാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടന്നത് മുംബൈയിലാണ്. ആ സമ്മേളനത്തില്‍ തികച്ചും അവിശ്വസനീയമായ അവകാശവാദങ്ങള്‍ പുരാതന ഇന്ത്യയിലെ ശാസ്ത്രീയനേട്ടങ്ങളെക്കുറിച്ച് ഉന്നയിക്കുകയുണ്ടായി. ക്രി.മു. 6000ല്‍ ഗോളാന്തരവിമാനങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവത്രേ! ഈ വാദം 40 വര്‍ഷം മുമ്പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍ തെറ്റാണെന്നു ചൂണ്ടിക്കാണിച്ചിരുന്നതായി ബിദ്വായ് അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍, സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളിലൊക്കെ ഹിന്ദുത്വ അനുഭാവമുള്ളവരെയാണ് ഈ ഗവണ്‍മെന്റ് നിയമിച്ചിരിക്കുന്നത്. വളരെ നീണ്ട ലേഖനത്തില്‍ മുന്‍ ഗവണ്‍മെന്റിന്റെ കാലത്തു നിയമിതരായ പലരും ജോലിയില്‍ തുടരാന്‍ വേണ്ടി ഇപ്പോഴത്തെ ഗവണ്‍മെന്റുമായി ധാരണയുണ്ടാക്കിയതായി രേഖപ്പെടുത്തുന്നുണ്ട്. യു.ജി.സി. ചെയര്‍മാന്‍ വേദ്പ്രകാശ്, ഡല്‍ഹി യൂനിവേഴ്‌സിറ്റി വി.സി. ദിനേശ് സിങ് എന്നിവരൊക്കെ അക്കൂട്ടത്തില്‍പ്പെട്ടവരാണ് എന്നു പറഞ്ഞാണ് ബിദ്വായ് ലേഖനം അവസാനിപ്പിക്കുന്നത്.
ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ അയോധ്യയില്‍ നടത്തിയ അതിദ്രുത ഖനനത്തെക്കുറിച്ചും അതിന്റെ ശാസ്ത്രീയത, അതുകൊണ്ട് ലക്ഷ്യമാക്കാവുന്ന ഫലങ്ങള്‍ എന്നിവയെക്കുറിച്ചുമൊക്കെ വിശദമായി പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ലേഖനമെഴുതി. വളരെ പെട്ടെന്നു ചെയ്തുതീര്‍ക്കേണ്ടതായി അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ച പ്രസ്തുത ഖനനം വിവാദപൂര്‍ണമായിരുന്നു. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അവിടെ പ്രവേശനമുണ്ടായിരുന്നില്ല.
ഇന്ത്യയിലെ പ്രമുഖരായ പലരും ഖനനത്തെ ചോദ്യംചെയ്തിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഇന്ത്യയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത് ടോല്ലാ-വികാസ് ഇന്റര്‍നാഷനല്‍ എന്ന കമ്പനിയെയായിരുന്നു. ആ പ്രദേശം കുഴിക്കാനുള്ള കരാര്‍ ലഭിച്ചത് വി.എച്ച്.പി. പ്രവര്‍ത്തകനായ കെ.കെ. പാണ്ഡേക്കായിരുന്നു.
ഈ ഖനനത്തിന്റെ ഫലം എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. 1528നു മുമ്പ് അവിടെ അമ്പലമുണ്ടായിരുന്നെന്നു തെളിയിക്കുകയാണെങ്കില്‍ ആ സ്ഥലത്തിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് മുസ്‌ലിംകള്‍ പറയുന്നത്. എന്നാല്‍, വി.എച്ച്.പിയും ബി.ജെ.പിയും ‘പ്രശ്‌നം ചരിത്രപരമല്ല, വിശ്വാസവുമായി ബന്ധപ്പെട്ടതാണ്’ എന്നാണ് അപ്പോള്‍ പറയുക.
1991ല്‍ ആര്‍.എസ്. ശര്‍മ, എം. അത്ഹര്‍ അലി, ഡി.എന്‍. ഝാ, സൂരജ് ഭാന്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ ‘രാഷ്ട്രത്തിനുള്ള ചരിത്രകാരന്മാരുടെ റിപോര്‍ട്ടി’ല്‍ തീര്‍ത്തുപറയുന്നത്, അമ്പലത്തിന്റെ സ്ഥാനത്തു പള്ളി പണിഞ്ഞതിന്റെ പരാമര്‍ശങ്ങള്‍ ഒരു രേഖയിലും ഇല്ലെന്നാണ്. ഖനനം ഉപയോഗരഹിതമായ പണിയാണെന്ന അദ്ദേഹം നടത്തിയ പ്രവചനം പില്‍ക്കാലചരിത്രം ശരിവച്ചു.
കോണ്‍ഗ്രസ്സിന്റെ ഡല്‍ഹി പതനത്തിനു ശേഷം അദ്ദേഹം എഴുതിയ ലേഖനം ഏറെ ചിന്താര്‍ഹമാണ്. കോണ്‍ഗ്രസ് അതിന്റെ നല്ല കാലത്ത് വിവിധ വര്‍ഗങ്ങളെയും ജാതികളെയും പ്രതിനിധീകരിക്കുന്ന ഇടതുസ്വഭാവമുള്ള പ്രസ്ഥാനമായിരുന്നു. 1970 മുതല്‍ അതിനു മാറ്റം വരാന്‍ തുടങ്ങി. പല പാവങ്ങളും കോണ്‍ഗ്രസ്സിനെ കണ്ടിരുന്നത്, ജനകീയമായ വികസനകാഴ്ചപ്പാടുമുള്ള സംഘടന എന്ന നിലയ്ക്കായിരുന്നു.
നവലിബറല്‍ നയങ്ങളുടെ ഇരകള്‍ക്കു സമാശ്വാസം നല്‍കാന്‍ പൊതുവിതരണസമ്പ്രദായം തുടങ്ങിയ പരിപാടികള്‍ ഗുണം ചെയ്തില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. കുറേക്കൂടി ഇടതുപക്ഷസ്വഭാവം കാണിക്കുക എന്നതാണ് കോണ്‍ഗ്രസ്സിന് ഈ പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനതാ പരിവാര്‍ പുനക്രമീകരണം എന്ന പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം പ്രസക്തമായ ചില വിശകലനങ്ങള്‍ നടത്തുന്നുണ്ട്. ജനതാപരിവാറിന്റെ ലോക്‌സഭ-രാജ്യസഭാ സംഖ്യാബലം പറഞ്ഞുകൊണ്ട് അതിന്റെ ഈ ഗുണപരമായ സവിശേഷതകളെ അദ്ദേഹം അപഗ്രഥിക്കുന്നുണ്ട്.
ജനതാ പരിവാര്‍ പുനക്രമീകരിക്കുന്നതിനു രണ്ടു കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഹിന്ദിബെല്‍റ്റില്‍ അവര്‍ക്കേറ്റ പരാജയം, ജാതിയധിഷ്ഠിത സാമൂഹിക നീതി എന്ന സങ്കല്‍പ്പത്തിനു വന്നുചേര്‍ന്ന അപ്രസക്തി എന്നിവയാണവ. യു.പിയില്‍ പുനക്രമീകരണം വലിയ സാധ്യത നല്‍കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത് ഇടതുകക്ഷികള്‍ക്കും ശുഭസൂചനയാണ്. നവലിബറലിസം ശക്തമായ ഇക്കാലത്ത് വളരെ അടിസ്ഥാനപരവും വിപ്ലവപരവുമായ ചര്‍ച്ചകള്‍ക്ക് അതു വഴിയൊരുക്കുന്നു. എന്നാല്‍, ജനതാപരിവാറിന്റെ ആഭ്യന്തരവൈരുധ്യങ്ങളും പ്രതിസന്ധികളും അദ്ദേഹം തുറന്നുപറയുന്നുണ്ട്.
ഇന്ത്യയില്‍ ആകമാനം വളര്‍ന്നുവരുന്ന അപകടകരമായ പ്രവണതകളെ അദ്ദേഹം അപഗ്രഥിക്കുന്നു. ശിവസേനാ നേതാവ് താക്കറേയെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനം ഏറെ വ്യതിരിക്തമാണ്. അയാളെ ‘വര്‍ഗീയവാദി’യായി കാണാന്‍ മാത്രമാണു പൊതുവേ മാധ്യമലോകം താല്‍പ്പര്യം കാണിക്കുന്നത്. എന്നാല്‍, ബിദ്വായ് ജ്ഞാനപരമായ അടിത്തറയില്‍നിന്നാണ് ഈ പ്രശ്‌നത്തെ കാണുന്നത്.
താക്കറേയുടെ ഗുരുവായിരുന്ന രാമകൃഷ്ണ ബജാജ് ആണ് ശിവസേന എന്ന പദം പറഞ്ഞുകൊടുക്കുന്നത്. ഒരു വ്യവസായപ്രമുഖനായിരുന്ന ബജാജ് തികഞ്ഞ ട്രേഡ് യൂനിയന്‍ വിരോധിയായിരുന്നു. താക്കറേ ആദ്യം ഉന്നംവച്ചത് തെന്നിന്ത്യയില്‍നിന്നുള്ള എന്‍ജിനീയറിങ്, കെമിക്കല്‍, മരുന്നുകമ്പനി തൊഴിലാളികളെയാണ്. നിക്ഷേപ സൗഹൃദ മഹാരാഷ്ട്ര ഗവണ്‍മെന്റിന് ശിവസേന ഏറെ പ്രിയപ്പെട്ടതായിരുന്നു. അവര്‍ ട്രേഡ് യൂനിയന്‍ സമരങ്ങളെ അടിച്ചുതകര്‍ത്തു. മുതലാളിമൂളികളായ ട്രേഡ് യൂനിയനുകളെ വളര്‍ത്തിക്കൊണ്ടുവന്നു. ശിവസേനയുടെ വളര്‍ച്ചയും ജനിതകഘടനയും കൃത്യമായി ‘ക്ലിനിക്കലാ’യി തന്നെയാണ് ബിദ്വായ് അപഗ്രഥിക്കുന്നത്.
അന്തര്‍ദേശീയപ്രശ്‌നങ്ങളിലും ബിദ്വായിയുടെ നിലപാടു നീതിയുക്തമായിരുന്നു. 2014ല്‍ നടന്ന ‘ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്’ എന്ന ശീര്‍ഷകത്തില്‍ ഇസ്രായേലിന്റെ ഗസാ ആക്രമണത്തെക്കുറിച്ചെഴുതിയ ലേഖനം പൊതുവേ ഇന്ത്യന്‍ മാധ്യമലോകത്ത് ഒറ്റപ്പെട്ടതായിരുന്നു. ഇസ്രായേലിക്രൂരതയെ അക്കമിട്ടു വരച്ചുകാട്ടിയ പ്രസ്തുത ലേഖനം ഫലസ്തീന്റെ സ്വയംപ്രതിരോധത്തിനു നിയമസാധുതകൂടി എടുത്തു പറയുന്നുണ്ട്. നെതര്‍ലന്‍ഡ്‌സിലെ ലീഡന്‍ യൂനിവേഴ്‌സിറ്റി അന്താരാഷ്ട്ര നിയമവിഭാഗത്തിലെ എമരിറ്റസ് പ്രഫസറായ ജോണ്‍ ഡ്യൂഗാറിനെ അദ്ദേഹം ഉദ്ധരിക്കുന്നു. ഫലസ്തീന്‍ ഒരധിനിവേശ പ്രദേശമാണ്. അതുകൊണ്ടുതന്നെ സ്വയംപ്രതിരോധത്തിനുള്ള അവകാശമുണ്ട്. ഫലസ്തീന്‍ അധിനിവേശം ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഹീനവും ക്രൂരവുമാണ്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തെ കൈകാര്യം ചെയ്ത രീതിയിലാണ് ഇതിനെയും കൈകാര്യം ചെയ്യേണ്ടത്. അതായത്, ബഹിഷ്‌കരിക്കുക, ഇന്‍വെസ്റ്റ് ചെയ്യാതിരിക്കുക, ഉപരോധം ഏര്‍പ്പെടുത്തുക എന്നതാണത്.
പ്രഫുല്‍ ബിദ്വായ് എറെ ശ്രദ്ധ കൊടുത്തിരുന്ന ഒരു മേഖലയാണ് ആണവമേഖല. 2014 മാര്‍ച്ച് 11 ഫുകുഷിമ ദുരന്തത്തിന്റെ നാലാം വാര്‍ഷികമായിരുന്നു. അതു സൃഷ്ടിച്ച ദുരന്തങ്ങള്‍ അവസാനിച്ചിരുന്നില്ല. ഇന്ത്യന്‍ മാധ്യമലോകം പൊതുവേ അതങ്ങ് തമസ്‌കരിച്ചുകളഞ്ഞു. എന്നാല്‍, ഇതേ മാധ്യമലോകം 2020-21ഓടെ ഇന്ത്യന്‍ ആണവാധിഷ്ഠിത വൈദ്യുത ഉല്‍പ്പാദനം മൂന്നിരട്ടിയാക്കുമെന്നു പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഈ മാധ്യമകൊട്ടിക്കലാശങ്ങളെ പ്രഫുല്‍ ബിദ്വായ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ഈ മാധ്യമങ്ങള്‍ പറഞ്ഞുപരത്തുന്നതുപോലെയല്ല കാര്യങ്ങള്‍. ലോകത്താകമാനം ആണവാധിഷ്ഠിത വൈദ്യുത ഉല്‍പ്പാദനം കുറഞ്ഞുവരുകയാണ്. അതിന്റെ ഉച്ചസ്ഥായി 17.6 ശതമാനമായിരുന്നു. എന്നാല്‍, 1996ല്‍ 10.8 ശതമാനത്തിലേക്ക് അതു താഴ്ന്നു. ബോംബെ ഐ.ഐ.ടിയില്‍ പഠിച്ച അദ്ദേഹം കാര്യങ്ങളെ നിരീക്ഷിക്കുന്നതില്‍ അസൂയാവഹമായ പാടവം കാണിക്കുന്നുണ്ട്.
പ്രഫുല്‍ ബിദ്വായിക്ക് ഏറ്റവും പറ്റുന്ന ടാഗ് സമാധാനപ്രവര്‍ത്തകന്‍ എന്നുള്ളതാണ്. അന്തര്‍ദേശീയതലത്തില്‍ തന്നെ ആണവനിര്‍വ്യാപന കരാര്‍ വിഷയത്തില്‍ ഏറെ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ഈ നാഗ്പൂര്‍ സ്വദേശി. ടെസ്റ്റിങ് ടൈംസ്: ദ ഗ്ലോബല്‍ സ്റ്റേക്ക് ഇന്‍ എ ന്യൂക്ലിയര്‍ ടെസ്റ്റ് ബാന്‍ എന്ന ഗ്രന്ഥം അദ്ദേഹം എഴുതിയത് അചിന്‍ വനായികുമായി ചേര്‍ന്നാണ്. ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ഗവേഷകന്റെ ചാതുരി ദര്‍ശിക്കാവുന്ന ഗ്രന്ഥമാണിത്. 1996ല്‍ ഡാഗ് ഹാമര്‍ഷോള്‍ഡ് ഫൗണേ്ടഷന്‍ പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകം നിലവിലുള്ള ആണവശക്തികളെയും ആണവശക്തിയുടെ പടിവാതില്‍ക്കല്‍ എത്തിയിട്ടുള്ളവരെയും വിമര്‍ശിക്കുന്നു.
അി കിറശമ ഠവമ േഇമി ടമ്യ ഥല:െ അ ഇഹശാമലേ ഞലുെീിശെയഹല ഉല്‌ലഹീുാലി േഅഴലിറമ ളീൃ ഇീുലിവമഴലി മിറ ആല്യീിറ, ടീൗവേ അശെമ ീി മ ടവീൃ േഎൗലെ: ചൗരഹലമൃ ജീഹശശേര െമിറ വേല എൗൗേൃല ീള ഏഹീയമഹ ഉശമെൃാമാലി,േ ഠലേെശിഴ ഠശാല:െ ഠവല ഏഹീയമഹ ടമേസല ശി മ ചൗരഹലമൃ ഠലേെ ആമി, ഞലഹശഴശീി, ഞലഹശഴശീശെ്യേ മിറ ഇീാാൗിമഹശാെ, കിറശമ ഡിറലൃ ടശലഴല, ഇവമഹഹലിഴല െണശവേശി മിറ ണശവേീൗ േഎന്നീ ഗ്രന്ഥങ്ങളും വിലപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss