|    Feb 24 Fri, 2017 9:52 am
FLASH NEWS

പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് നടപടി നിജസ്ഥിതി അറിഞ്ഞ ശേഷം: മുഖ്യമന്ത്രി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിനു പരാതി ലഭിച്ചാല്‍ നേരിട്ട് പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പരിശോധിക്കും. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നറിയാന്‍ വസ്തുതകളും പരാതി നല്‍കാനുണ്ടായ സാഹചര്യവും കൃത്യമായി പരിശോധിച്ച ശേഷം നിയമവശവും പരിശോധിക്കും. അതിനു ശേഷമായിരിക്കും കേസ് നിലനില്‍ക്കുമോയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ത്വരിതപരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അഴിമതി കാണിക്കുന്നവരും ആരെയെങ്കിലും ക്രൂശിക്കാന്‍ ആരോപണം ഉന്നയിക്കുന്നവരുമുണ്ടാവാം. അന്വേഷണ ഏജന്‍സികള്‍ സ്വാഭാവികമായി അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും. അപ്പോള്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് അതിന്റേതായ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായും വരും. അതുകൊണ്ടാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയുണ്ടായാല്‍ മൂന്നുനാലു ഘട്ടങ്ങളിലായി വസ്തുതാന്വേഷണം നടത്തിയ ശേഷം അന്വേഷണ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാവുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് വ്യാപകമാവുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ബോധ്യപ്പെടുന്നതിനു ഹോളോഗ്രാം ഉള്‍െപ്പടെയുള്ള പ്രത്യേക സംവിധാനം സര്‍വകലാശാലകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഎസ്‌സി നിയമനങ്ങളില്‍ അസ്സല്‍ പ്രമാണപരിശോധനയ്ക്കു പുറമേ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പരിശോധനയും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷയില്‍ സര്‍വകലാശാലയുടെ അനുമതി ലഭിച്ച കോളജുകള്‍ക്കാണ് വിദ്യാര്‍ഥികളുടെ പഠനസൗകര്യം കണക്കിലെടുത്ത് 2015-16 വര്‍ഷത്തേക്ക് പുതിയ കോഴ്‌സ് അനുവദിച്ചതെന്ന് റോജി എം ജോര്‍ജിന്റെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. കഴിഞ്ഞ വര്‍ഷം എല്ലാ നടപടികളും പൂര്‍ത്തിയാക്കി സര്‍ക്കാര്‍ അനുമതി മാത്രം വേണ്ട അപേക്ഷകള്‍ക്കാണ് അനുമതി നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെന്‍ഷന്‍കാര്‍ക്കുള്ള പ്രായപരിധി 60ല്‍ നിന്ന് 65 ആക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക