|    Jan 17 Tue, 2017 12:27 pm
FLASH NEWS

പ്രധാനാധ്യാപിക പരസ്യമായി അപമാനിച്ചെന്ന്; പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചു

Published : 7th September 2016 | Posted By: SMR

suicide

കോട്ടയം: പ്രധാന അധ്യാപിക പരസ്യമായി അപമാനിച്ചെന്ന് പരാതി. പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ വാഴക്കുളം മണിയംതടം സ്വദേശിനിയുടെ മകള്‍ മൂവാറ്റുപുഴ ഗവ. മോഡല്‍ വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിന്റെ എണ്‍പത് ശതമാനത്തിലധകം പൊള്ളലേറ്റ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
സംഭവത്തെക്കുറിച്ച് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിനും വാഴക്കുളം പോലിസിനും വിദ്യാര്‍ഥിനി മൊഴി നല്‍കി. ശനിയാഴ്ച പ്ലസ് ടു വിദ്യാര്‍ഥികളുടെ ഓണ പരിക്ഷയായിരുന്നു. പരീക്ഷയ്ക്കിടയില്‍ പ്രധാന അധ്യാപിക വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്നതായിരുന്നു പരിശോധന ലക്ഷ്യം. ഇതിനിടയില്‍ തന്റെ ബാഗും പ്രിന്‍സിപ്പല്‍ പരിശോധിക്കുകയും ബാഗിനുള്ളിലെ ഒരു ബുക്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു കത്ത് കണ്ടെടുക്കുകയും ചെയ്തു.
പരീക്ഷയ്ക്കു ശേഷം പ്രിന്‍സിപ്പല്‍ കുട്ടിയെ ടീച്ചേഴ്‌സ് റൂമിലേക്ക് വിളിച്ചുവരുത്തി. ഇടവേള സമയത്ത് അവിടെയുണ്ടായിരുന്ന മുഴുവന്‍ അധ്യാപകരുടെയും മുന്നില്‍ വച്ച് കത്ത് വായിച്ചു. അതിനുശേഷം വിദ്യാര്‍ഥിനിയെ മോശം വാക്ക് ഉപയോഗിച്ച് അപമാനിച്ചതായും പറയുന്നു. പിന്നീട് തിങ്കളാഴ്ച രക്ഷിതാവിനെ കൊണ്ടുവരണമെന്ന് പറഞ്ഞുവിടുകയും ചെയ്തു.
ഉച്ചയ്ക്ക് 1.30ഓടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ ആശൂപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ച് ഡോക്ടര്‍മാര്‍ വിവരം അറിയച്ചപ്പോഴാണ് സംഭവം അറിയുന്നത്.
ഉടന്‍ തന്നെ ഗാന്ധിനഗര്‍ പോലിസില്‍ വിവരം അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റും ഇന്നലെ രാത്രി എട്ടിന് വാഴക്കുളം പോലിസും ആശുപത്രിയിലെത്തി വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ കോട്ടയം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുവാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, തന്റെ മകള്‍ സ്‌കൂളിന്റെ വാര്‍ഷികപ്പതില്‍ അടക്കം നിരവധി കവിതകള്‍ എഴുതിയിട്ടുണ്ടെന്നും അത്തരത്തില്‍ എഴുതിയ കവിതയാണ് പ്രിന്‍സിപ്പല്‍ തെറ്റിദ്ധരിച്ച് തന്റെ മകളെ പരസ്യമായി അപമാനിച്ചതാണെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതിനല്‍കുമെന്നും പിതാവ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 166 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക