|    May 23 Tue, 2017 8:31 pm
FLASH NEWS

പ്രധാനാധ്യാപികയുടെ പീഡനം: വിദ്യാര്‍ഥിനി മരിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Published : 11th September 2016 | Posted By: SMR

മൂവാറ്റുപുഴ: പ്രധാനാധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വിദ്യാര്‍ഥിനി ചികില്‍സയിലിരിക്കെ മരിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് മണിയന്തടം പനവേലില്‍ അനിധരന്റെയും രേഖയുടെയും മകള്‍ നന്ദന(17)യാണ് മരിച്ചത്. ഗവ. മോഡല്‍ വിഎച്ച്എസ്ഇ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 12.40ഓടെയാണ് അന്ത്യം. സംഭവത്തെ തുടര്‍ന്ന് ആരോപണവിധേയയായ അധ്യാപികയെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ 3ന് ഉച്ചയ്ക്ക് 1.30നാണ് കേസിന് ആസ്പദമായ സംഭവം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ നിലയില്‍ വീടിനകത്താണ് നന്ദനയെ കണ്ടെത്തിയത്. സമീപവാസികള്‍ ഉടനെ തൊടുപുഴ കാരിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
സ്‌കൂളില്‍ പരീക്ഷ നടക്കുന്ന ദിവസമാണ് നന്ദന ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാവിലെ പരീക്ഷ തുടങ്ങുന്നതിനു മുമ്പായി അധ്യാപകര്‍ കുട്ടികളുടെ ബാഗും മറ്റും പരിശോധിച്ചു. ഇതിനിടെ നന്ദനയുടെ ബാഗില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ഉടനെ പ്രധാനാധ്യാപിക ഓഫിസില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ അന്വേഷിക്കുകയും മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. മാതാപിതാക്കളെയും അറിയിച്ചു. സ്‌കൂളില്‍ നിന്നു വീട്ടിലെത്തിയ നന്ദന അയല്‍വീട്ടില്‍ നിന്നു മണ്ണെണ്ണ വാങ്ങിയാണ് തീ കൊളുത്തിയത്.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിയുടെ മൊഴി ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മകളെ പ്രധാനാധ്യാപിക പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി പിതാവ് വാഴക്കുളം പോലിസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അധ്യാപിക മുന്‍കൂര്‍ ജാമ്യം നേടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരി: നയന (വിദ്യാര്‍ഥിനി).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day