|    Mar 28 Tue, 2017 9:41 pm
FLASH NEWS

പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി: വായ്പ നല്‍കാതെ ബാങ്കുകള്‍

Published : 29th June 2016 | Posted By: SMR

എ കാജാ ഹുസൈന്‍

പാലക്കാട്: ചെറുകിട ബിസിനസ് സംരംഭകര്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി പ്രകാരമുള്ള വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുന്നതായി പരാതി. ചെറുകിട ബിസിനസുകള്‍ക്കും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമായി മോദി സര്‍ക്കാരിന്റെ പ്രധാനപദ്ധതിയെന്നു കൊട്ടിഘോഷിച്ചു നടപ്പാക്കിയ പരിഷ്‌കാരമാണ് ബാങ്കുകളുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്.
ശിശു, കിശോര്‍, തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ശിശു വായ്പാവിഭാഗത്തില്‍ ഈടില്ലാതെ കച്ചവട-വ്യാവസായിക ആവശ്യങ്ങള്‍ക്കായി 50,000 രൂപ വരെ നല്‍കും. കിശോര്‍ വിഭാഗത്തില്‍ 50,000 മുതല്‍ അഞ്ചുലക്ഷം രൂപ വരെയും തരുണ്‍ വിഭാഗത്തില്‍ അഞ്ചു മുതല്‍ 25 ലക്ഷം രൂപ വരെയും വായ്പ നല്‍കുന്നതാണു പദ്ധതി. 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്കു നല്‍കുന്ന ഈ വായ്പയില്‍ പരമാവധി 12.5 ശതമാനം പലിശ മാത്രമേ ഈടാക്കാവൂവെന്നും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഈടുകള്‍ ഒന്നുമില്ലാതെ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഒരു ഫോട്ടോ എന്നിവ മാത്രമേ അപേക്ഷകനോട് വാങ്ങാന്‍ പാടുള്ളൂ. വര്‍ഷത്തില്‍ ബാങ്കിന്റെ വിഹിതത്തില്‍ നിശ്ചിത ശതമാനം തുക മുദ്ര യോജന വായ്പ ഇനത്തില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കണമെന്നും ഇല്ലെങ്കില്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ദേശസാല്‍കൃത-സ്വകാര്യ ബാങ്കുകള്‍ക്കു നല്‍കിയിരിക്കുന്നത്.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വികസനനേട്ടങ്ങളിലൊന്നായി ചിത്രീകരിച്ച് പരസ്യങ്ങള്‍ നല്‍കിയ ഈ പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ് ബാങ്കുകളെ സമീപിക്കുന്നവര്‍ക്കെല്ലാം നിരാശ മാത്രമാണ് ഫലം. ഈ വായ്പകള്‍ നല്‍കാന്‍ ഓരോ ബാങ്കുകളും വ്യത്യസ്ത തടസ്സവാദങ്ങളാണ് ഉന്നയിക്കുന്നത്.
ചെറുകിട വ്യവസായം ആരംഭിക്കുന്നതിനായി ജില്ലാ വ്യവസായകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഒലവക്കോട് സ്വദേശി ആഷിഖ് ആറുമാസം മുമ്പ് ഒലവക്കോട് വിജയാ ബാങ്കില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലോണ്‍ ലഭ്യമായിട്ടില്ല. അപേക്ഷ സ്വീകരിച്ച് 15 ദിവസത്തിനുശേഷം നടപടിയുണ്ടാക്കാമെന്ന് ബാങ്കധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ വിവരമൊന്നുമുണ്ടായിട്ടില്ല.
ജില്ലയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിലും എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളിലും കാനറാ ബാങ്കിലുമെല്ലാം പദ്ധതിയുടെ വിവരങ്ങള്‍ കാട്ടി ഫഌക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വായ്പ മാത്രം നല്‍കുന്നില്ല. വായ്പ നല്‍കാത്തതിന്റെ കാരണം എന്താണെന്നു രേഖാമൂലം വ്യക്തമാക്കാനും ബാങ്കുകള്‍ തയ്യാറാവുന്നില്ല.
ഇത്തരമൊരു പദ്ധതിയെപ്പറ്റി തങ്ങള്‍ക്കു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് മാനേജര്‍മാര്‍ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി മതിയായ ഈട് നല്‍കിയാല്‍ ലോ ണ്‍ നല്‍കാമെന്നു ചില ബാങ്കുകള്‍ അറിയിച്ചതായും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയോടുള്ള ബാങ്ക് അധികൃതരുടെ ധിക്കാരസമീപനത്തിനെതിരേ പ്രധാനമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങുകയാണ് ഉപഭോക്താക്കള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day