|    Oct 19 Thu, 2017 3:54 am
FLASH NEWS

പ്രധാനമന്ത്രി ഭവന പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; ബിജെപി നേതാവ് കസ്റ്റഡിയില്‍

Published : 12th November 2016 | Posted By: SMR

താമരശ്ശേരി: പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ആറു ലക്ഷം രൂപ ലഭ്യമാക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ ബിജെപി നേതാവും സഹായിയും കസ്റ്റഡിയില്‍. ബിജെപി നേതാവ് അമ്പായത്തോട് സ്വദേശി ഹംസ മുസല്യാര്‍, സഹായി പള്ളിപ്പുറം വാടിക്കല്‍ രാമകൃഷ്ണന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.  ഏജന്റുമാര്‍ മുഖേനെ നിര്‍ധന കുടുംബങ്ങളെ കണ്ടെത്തിയാണ് തട്ടിപ്പ് നടത്തിയത്. താമരശ്ശേരി പോലിസ് സ്റ്റേ ഷന് സമീപത്തെ കെട്ടിടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ആറു ലക്ഷം വായ്പ ലഭിക്കുമെന്നും മൂന്ന് ലക്ഷം തിരിച്ചടച്ചാല്‍ മതി എന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നിര്‍ധന കുടുംബങ്ങളുടെ വീടുകള്‍ കണ്ടെത്തി ലോണ്‍ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും അപേക്ഷ നല്‍കാനായി താമരശ്ശേരിയിലെത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.താമരശ്ശേരി അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെയാണ് സംഘം തമ്പടിച്ചിരുന്നത്. ഇവിടെയുള്ള ഫോട്ടോസ്റ്റാറ്റ് കടയില്‍ 10 രൂപ നല്‍കിയാല്‍ അപേക്ഷ ഫോമിന്റെ കോപ്പി നല്‍കും. അവ്യക്തമായ ഫോമില്‍ എന്താണ് എഴുതിയതെന്ന് പോലും ആര്‍ക്കും മനസ്സിലാവില്ല. ഫോം പൂരിപ്പിക്കുന്ന രാമകൃഷ്ണന് 20 രൂപയും ഫോം സ്വീകരിക്കുന്ന ഹംസ മുസ്‌ല്യാര്‍ക്ക് 200 മുതല്‍ 250 രൂപവരെയുമാണ് ഫീസ് ഈടാക്കിയത്. ഹംസ മുസ്‌ല്യാരുടെ നിര്‍ദേശ പ്രകാരമാണ് ഫോം പൂരിപ്പിച്ച നല്‍കുന്നതെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. താന്‍ ബിജെപി നേതാവായതിനാല്‍ പഞ്ചായത്തുകളില്‍ എത്തുംമുമ്പ് തന്നെ തനിക്ക് വിവരം ലഭിച്ചുവെന്നും കോര്‍പറേഷനില്‍ നിന്നാണ് ഫോം ലഭിച്ചതെന്നുമാണ് ഹംസ മുസ്‌ല്യാരുടെ വാദം. പൂരിപ്പിച്ച ഫോം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന് അറിയില്ലെന്നും ഡല്‍ഹിയിലേക്ക് അയച്ചുകൊടുത്താല്‍ ബിജെപിയുടെ ആളുകള്‍ എല്ലാം ശരിയാക്കുമന്നുമാണ് ഇയാള്‍ വ്യക്തമാക്കുന്നത്. നിരവധിപേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച ഉച്ചവരെ 19 പേരില്‍ നിന്നാണ് പണം കൈക്കലാക്കിയത്. ഏതാനും ദിവസമായി ഇവിടെ അപേക്ഷകരുടെ നീണ്ട നിരയായിരുന്നു. പദ്ധതി സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ മറുപടി പറയാതിരുന്നതില്‍ സംശയം തോന്നിയവരാണ് പോലിസില്‍ പരാതി നല്‍കിയത്. രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലിസ് പറഞ്ഞു. പരാതിയുമായി എത്തിയവര്‍ക്കെല്ലാം പണം തിരികെ നല്‍കിയതായും പോലിസ് പറയുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോയാല്‍ കോടതി കയറേണ്ടിവരുമെന്ന് ചില പോലിസുകാര്‍ സ്ത്രീകളെ ഉപദേശിച്ചതായി ഇരയായവര്‍ പറയുന്നു. തട്ടിപ്പു നടത്തിയവരെ സഹായിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു. ഇവരെ കേസില്ലാതെ രക്ഷപ്പെടുത്താനുള്ള ശ്രമം അണിയറയില്‍ തകൃതിയായി നടത്തുന്നതായും ആരോപണം ഉണ്ട്. പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഹ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക