|    May 26 Fri, 2017 7:29 am
FLASH NEWS

പ്രധാനമന്ത്രി ഇന്നെത്തും;’ കനത്ത സുരക്ഷാവലയത്തില്‍ കരിപ്പൂര്‍ വിമാനത്താവളം

Published : 24th September 2016 | Posted By: SMR

കൊണ്ടോട്ടി: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഒരുക്കി.
വിമാനത്താവള സുരക്ഷ ഇന്നലെ മുതല്‍ എസ്പിജി ഏറ്റെടുത്തു. പ്രധാനമന്ത്രിയെ കൂടാതെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും ശനിയാഴ്ച കരിപ്പൂരിലെത്തും. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി കരിപ്പൂരിലെത്തുക. പിന്നീട് 4.10ന് ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്ലിലേക്ക് പുറപ്പെടും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഉച്ചയ്ക്ക് 12നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി എന്നിവര്‍ ഉച്ചയ്ക്ക് ഒരു മണിക്കും പ്രത്യേക വിമാനത്തിലായി കരിപ്പൂരിലെത്തും. രണ്ട് പ്രത്യേക വിമാനങ്ങളിലായി കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി മറ്റംഗങ്ങളും ഉച്ചയ്ക്ക് മുമ്പായി കരിപ്പൂരിലെത്തും. ഞായറാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശ ട്രയല്‍ നടത്തി. വിമാനത്താവളം, കൊണ്ടോട്ടി മോയീന്‍കുട്ടി വൈദ്യര്‍ അക്കാദമി എന്നിവടങ്ങളില്‍ പ്രത്യേക സുരക്ഷാ യോഗം ചേര്‍ന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മറ്റുമായി അഞ്ഞൂറിലധികം പൊലിസുകാരെയാണ് കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വരെ നിയമിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോലിസുകാരെയാണ് പ്രധാന ഇടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ എആര്‍ ക്യാംപില്‍ നിന്നുള്ളവരെയും ചുമതലയേല്‍പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ ബാധിക്കാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കവാടങ്ങളിലെല്ലാം ആയുധങ്ങളേന്തിയ സുരക്ഷാ ഭടന്മാരെ നിയോഗിച്ചു. വിമാനത്താവള ടെര്‍മിനലിനു മുമ്പിലെ അനധികൃത പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. ആകാശ യാത്രയ്ക്ക് പ്രതികൂല സാഹചര്യമുണ്ടായാല്‍ മാത്രമെ പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗം ക്രമീകരിക്കുകയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day