|    Jan 23 Mon, 2017 8:12 am

പ്രധാനമന്ത്രി ആവാസ് യോജന; സമ്പൂര്‍ണ ഭവനനിര്‍മാണത്തിന് കല്‍പ്പറ്റ നഗരസഭ

Published : 2nd January 2016 | Posted By: SMR

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും ചേര്‍ന്നു നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയുമായി കല്‍പ്പറ്റ നഗരസഭയും കൈകോര്‍ക്കുമെന്നു ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, പി പി ആലി, എ പി ഹമീദ്, അര്‍ബന്‍ ഹൗസിങ് മിഷന്‍ ഡെപ്യൂട്ടി മനേജര്‍ ടി ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോഡല്‍ പരിപാടിയുടെ വിജയത്തിനായി വിവിധ പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കി. നഗരസഭയിലെ മുഴുവന്‍ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ പങ്കാളികളായി.
ചേരി വികസനം, ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി, അഫോര്‍ഡബിള്‍ ഹൗസിങ് സ്‌കീം, വ്യക്തിഗത ഭവനനിര്‍മാണം തുടങ്ങിയ നാലു പദ്ധതികള്‍ വഴിയാണ് രാജ്യത്ത് സമ്പൂര്‍ണ ഭവനപദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ അംഗങ്ങളില്‍ നിന്നു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍വേയര്‍മാരെ കണ്ടെത്തി അവര്‍ക്ക് വിപുലമായ പരിശീലനം നല്‍കിയിട്ടുണ്ട്. കരട് ഗുണഭോക്തൃ പട്ടികയും കുടുംബശ്രീ വാര്‍ഡ് തലത്തില്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി. 300 ആളുകള്‍ താമസിക്കുന്ന 60 മുതല്‍ 70 വരെ കുടുംബങ്ങളുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്ക് വീട് അനുവദിക്കലാണ് ചേരിവികസന പദ്ധതി വഴി ലക്ഷ്യമിടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുക. ഇതിന് കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഇളവ് ലഭിക്കും. പദ്ധതി പൂര്‍ത്തീകരണം വരെ ചേരിനിവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ഉത്തരവാദിത്തം സ്വകാര്യ പങ്കാളിക്കാണ്.
താഴ്ന്ന വരുമാനക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും ഭവനവായ്പയില്‍ പലിശയിളവ് നല്‍കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ലിങ്ക് സബ്‌സിഡി. മൂന്നു മുതല്‍ ആറു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കു പദ്ധതി വഴി 3,060 ചതുരശ്ര മീറ്റര്‍ കെട്ടിടം നിര്‍മിക്കാം. ബാങ്ക് പലിശയില്‍നിന്ന് ആറര ശതമാനം കുറച്ച് ആറു ലക്ഷം രൂപ വരെ 15 വര്‍ഷക്കാലത്തേക്ക് വായ്പ ലഭിക്കും. നിലവിലുള്ള വീടിന് മുറികള്‍ കൂട്ടുന്നതിനും ബാത്ത്‌റൂം നിര്‍മിക്കുന്നതിനും പദ്ധതി വഴി വായ്പ ലഭിക്കും.
കുറഞ്ഞ നിരക്കില്‍ വീടുകള്‍ സ്വകാര്യ സംരംഭകര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് അഫോര്‍ഡബിള്‍ ഹൗസിങ് സ്‌കീം. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്ന സ്വകാര്യസംരംഭകന് പ്രത്യേക ആനുകൂല്യങ്ങളും ഒരു കെട്ടിടത്തിന് ഒന്നര ലക്ഷം രൂപ നിരക്കില്‍ ധനസഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സ്വന്തമായി സ്ഥലം ഇല്ലാത്ത ഗുണഭോക്താക്കളെയാണ് ഈ പദ്ധതി വഴി ലക്ഷ്യംവയ്ക്കുന്നത്. പദ്ധതി ആനുകൂല്യം സ്വകാര്യ സംരംഭകന് ലഭിക്കുന്നതിന് ആകെ വീടുകളുടെ 35 ശതമാനമെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് നല്‍കണം.
സ്വന്തമായി സ്ഥലമുള്ള കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ഒന്നര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് വ്യക്തിഗത ഭവന നിര്‍മാണത്തിനുള്ള ധനസഹായ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭകളുടെയും വിഹിതം കൂടിയാവുമ്പേള്‍ ധനസഹായം രണ്ടു ലക്ഷം ലഭിക്കും. മുഴുവന്‍ പദ്ധതിയുടെയും നടത്തിപ്പ് ചുമതല പിഎംഎവൈ നോഡല്‍ ഏജന്‍സിയായ അര്‍ബന്‍ ഹൗസിങ് മിഷനാണ്. രാജ്യത്ത് ഒരുഭാഗത്തും വീടില്ലാത്ത ആര്‍ക്കും പദ്ധതിയില്‍ അംഗമാവാം. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ക്ഷേമകാര്യ അധ്യക്ഷരായ ഒ സരോജിനി, കെ അജിത, സനിത ജഗദീഷ് എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 317 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക