|    Apr 25 Wed, 2018 6:11 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ബിസിനസ് യാത്രയായി ചുരുങ്ങി

Published : 5th April 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം വന്‍കിട ബിസിനസ് കമ്പനികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ളതായിരുന്നുവെന്ന് വ്യാപക ആക്ഷേപമുയരുന്നു.
30 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉപജീവനം തേടുന്ന സൗദിയിലേക്ക് പ്രധാനമന്ത്രി എത്തുന്നുവെന്ന വാര്‍ത്ത ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്നതായിരുന്നു. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നു എന്ന കാരണത്താല്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം, വിമാനക്കമ്പനികളുടെ പകല്‍കൊള്ള, യാത്രാദുരിതം, തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളും ആവശ്യങ്ങളും പ്രധാനമന്ത്രിയോട് നേരിട്ട് ഉന്നയിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും പ്രവാസി സംഘടനാ ഭാരവാഹികളും. എന്നാല്‍, സംഘപരിവാരത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം കസേര ഒഴിവാക്കപ്പെട്ട ഹാളില്‍ മണിക്കൂറുകളോളം കാത്തുനിന്ന പ്രവാസികളോട് നേരിട്ട് സംവദിക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനോ പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ല.
ശനിയാഴ്ച മറ്റ് ഔദ്യോഗിക കൂടിക്കാഴ്ചകളോ യോഗങ്ങളോ ഇല്ലാതിരുന്നിട്ടും തങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ മോദി താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നത് പ്രവാസികളുടെ വ്യാപക പ്രതിഷേധത്തിനു കാരണമായി.
മണിക്കൂറുകളോളം മോദിയെ കാത്തുനിന്ന പ്രവാസി സമൂഹത്തെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടാതിരുന്ന പ്രധാനമന്ത്രി അവരോടൊപ്പം ഫോട്ടോയെടുക്കുന്നതില്‍ മാത്രമാണ് താല്‍പര്യം പ്രകടിപ്പിച്ചത്. ചടങ്ങു കഴിഞ്ഞയുടനെ എല്‍ആന്റ്ടി എന്ന ഇന്ത്യന്‍ കമ്പനിയിലെ തൊഴിലാളികളുടെ താമസകേന്ദ്രം സന്ദര്‍ശിച്ചത് നേരത്തെ തിരക്കഥ തയ്യാറാക്കിയ നാടകമായിരുന്നു.
ഒരു മണിക്കൂറിലധികം പ്രസ്തുത കാംപില്‍ മോദി ചെലവഴിച്ചു. നയതന്ത്ര കാര്യാലയം പോലും നിസ്സഹായമായി പോവുന്ന വേളകളില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജീവന്‍ പണയംവച്ചും നിരവധി നഷ്ടങ്ങള്‍ സഹിച്ചും സേവനം അനുഷ്ഠിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ അപമാനിക്കുന്ന നടപടികളായിരുന്നു പ്രധാനമന്ത്രിയുടെ സ്വീകരണ വേദിയില്‍ അരങ്ങേറിയത്.
ബിജെപിയുടെ പ്രവാസി സംഘടനയായ സമന്വയ ഭാരവാഹികളുടെ ഉത്തരവു പാലിക്കാന്‍ എംബസി ജീവനക്കാര്‍ പോലും നിര്‍ബന്ധിക്കപ്പെടുന്നത് പലപ്പോഴും ദൃശ്യമായി.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും മറ്റ് ഉന്നത മന്ത്രിമാരുമായും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചകളിലൊന്നും പ്രവാസികളുടെ തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്നത് ഇത് സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss