|    Jan 22 Sun, 2017 1:31 pm
FLASH NEWS

പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശം; സോഷ്യല്‍മീഡിയ പ്രതിഷേധത്തിനെതിരായ ബിജെപി പ്രതിരോധം പാളി

Published : 13th May 2016 | Posted By: SMR

bjp

പി പി ഷിയാസ്

തിരുവനന്തപുരം: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോമോനേ മോദി ഹാഷ്ടാഗില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം അലയടിച്ചതോടെ ബിജെപി പ്രതിരോധം പാളി. പ്രതിഷേധത്തിനെതിരേ വ്യാജരേഖകളുമായെത്തിയ അനുയായികള്‍ വെട്ടിലാവുകയും ചെയ്തു. അട്ടപ്പാടിയിലേതെന്നു കാട്ടി പ്രചരിപ്പിച്ച ചിത്രങ്ങള്‍ ശ്രീലങ്കയിലേതും ജാര്‍ഖണ്ഡ്, അസം തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുമാണ്.
കൈയില്‍ പോഷകാഹാരക്കുറവുള്ള കുട്ടിയുമായി നില്‍ക്കുന്ന മാതാവിന്റെ ചിത്രമാണ് പ്രധാനമായും മോദി അനുയായികള്‍ പുറത്തുവിട്ടതെങ്കിലും ഇത് ശ്രീലങ്കയിലെ ചിത്രമാണ്. ഒപ്പം, കേരളത്തിലെ പട്ടികജാതി വിഭാഗത്തിലെ കുട്ടികളുടെ പോഷകാഹാരക്കുറവു കണക്കിലെടുത്താണ് സോമാലിയയെക്കാള്‍ കൂടുതലാണെന്ന് മോദി പറഞ്ഞതെന്നുള്ള വാദവുമായി ചിലര്‍ രംഗത്തെത്തിയെങ്കിലും ഗുജറാത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് ഇതിനേക്കാള്‍ ഭീകരമാണെന്നുള്ള കണക്കുകളാണ് മറപടിയായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സിഎജി റിപോര്‍ട്ട് പ്രകാരം 94 ശതമാനം ഗുജറാത്തി ആദിവാസിക്കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണ്. മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ നിര്‍ദേശമനുസരിച്ച് കുപോഷണ്‍ മുക്ത് ഗുജറാത്ത് മഹാഅഭിയാന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേപ്രകാരമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
18 വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തില്‍ പോഷകാഹാരക്കുറവും വിളര്‍ച്ചയും അനുഭവിക്കുന്നത് 5.13 ലക്ഷം കുട്ടികളാണ് എന്നതാണ് പഠനറിപോര്‍ട്ട്. കടുത്ത രീതിയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന ഗണത്തില്‍പ്പെടുന്നവരാണ് ഗുജറാത്തിലെ ഒന്നരലക്ഷം കുട്ടികളുമെന്നാണ് സര്‍ക്കാരിന്റെ റിപോര്‍ട്ട് പറയുന്നത്. ഒരു വര്‍ഷത്തിനിടെ ഒരുലക്ഷം കുട്ടികള്‍ എന്ന നിലയില്‍ ഈ അവസ്ഥ കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരുഭാഗത്ത് ഇത്തരം കുപ്രചാരണങ്ങള്‍ പൊളിച്ചടുക്കവെ, മോദിയുടെ പരാമര്‍ശത്തിനെതിരേ ഒരു സോമാലിയക്കാരന്‍തന്നെ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. സൗദിയിലെ പ്രവാസി മലയാളിയായ താനൂര്‍ സ്വദേശി ഉബൈദ് മുസ്തഫയാണ് തന്റെ സോമാലിയക്കാരന്‍ സുഹൃത്തിന്റെ സെല്‍ഫി വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. മോദിയെ കണക്കറ്റ് പരിഹസിക്കുന്ന വീഡിയോ ഇതിനോടകം 8500ഓളം പേരാണു കണ്ടത്. വീഡിയോ ഇങ്ങനെ- മിസ്റ്റര്‍ നരേന്ദ്ര മോദി, ഇന്ത്യന്‍ പ്രധാനമന്ത്രി. നിങ്ങള്‍ സോമാലിയയെ കേരളവുമായി താരതമ്യം ചെയ്തു. നിങ്ങള്‍ക്കു ബിരുദമില്ല. ഞാന്‍ സോമാലിയക്കാരനാണ്. എനിക്കു ബിരുദമുണ്ട്. സോമാലിയ കേരളത്തേക്കാള്‍ ഭേദമല്ല. പക്ഷേ, സോമാലിയ നിങ്ങളേക്കാള്‍ ഭേദമാണ്. സോമാലിയയെ കേരളവുമായി ഇനിയെങ്കിലും താരതമ്യപ്പെടുത്തരുത്. ഇതാണ് മോദിക്കുള്ള എന്റെ സന്ദേശമെന്നും സോമാലിയക്കാരന്‍ പറയുന്നു.’മോദി നടത്തിയ ഈ പരാമര്‍ശം രാജ്യത്തെ ഏതെങ്കിലും ഒരു കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി നടത്തിയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തല്‍, തുറുങ്കിലടയ്ക്കല്‍, പീഡനം തുടങ്ങിയ കിരാതനടപടികളായിരിക്കും സ്വീകരിക്കുകയെന്ന വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 140 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക