|    Oct 18 Thu, 2018 7:08 pm
FLASH NEWS

പ്രധാനമന്ത്രിയുടെ പ്രസംഗം : സംപ്രേഷണം തടസ്സപ്പെടുത്തി കെഎസ്‌യു, എംഎസ്എഫ് പ്രതിഷേധം

Published : 12th September 2017 | Posted By: fsq

 

കോഴിക്കോട്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നത് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ കെഎസ്‌യുവും, യൂനിവേഴ്‌സിറ്റിയില്‍ എംഎസ്എഫ് പ്രവര്‍ത്തകരും തടഞ്ഞു. നിര്‍ബന്ധിതമായി പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ കോളജുകളിലും തത്സമയം സംപ്രേക്ഷണ ചെയ്യണമെന്ന യുജിസി ഉത്തരവിനെതിരെയായിരുന്നു ഇരുപാര്‍ട്ടികളുടെയും പ്രതിഷേധം. മലബാര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നാല്‍പത് മിനിറ്റോളം കോളജിന്റെ കംപ്യൂട്ടര്‍ റൂമില്‍ പ്രസംഗം കേള്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെത്തി പ്രസംഗ സംപ്രേക്ഷണം തടസ്സപ്പെടുത്തുകയായിരുന്നു. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രസംഗം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന നിലപാട് എടുത്തതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. നിര്‍ബന്ധിതമായി പ്രസംഗം കേള്‍പ്പിക്കണമെന്ന് ഉത്തരവിനെതിരേ പ്രതിഷേധിക്കുമെന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദുയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാര്‍ഥികളെയും കേള്‍പ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യുജിസിയും ഐഐസിടിയും നല്‍കിയ കര്‍ശന നിര്‍ദേശത്തിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു.  മഹാന്‍മാരായ ദേശീയ നേതാക്കളുടെ ജന്മശതാബ്ദി ചടങ്ങുകളില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍  ഇത്തവണ പ്രധനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാര്‍ഥികളെയും കേള്‍പ്പിക്കണമെന്നതിനു പിന്നില്‍ സംഘപരിവാര അജണ്ടയാണന്നത് വ്യക്തമായതോടെയാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രസംഗ സംപ്രേക്ഷണം തടഞ്ഞത്. പ്രതിഷേധത്തിന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, ഫായിസ് നടുവണ്ണൂര്‍,  മുഹമ്മദ് യാഷിഫ്, ഫുവാദ് സെനിന്‍, ബിബില്‍, സുഹൈല്‍, മിസ്ഹബ് നേതൃത്വം നല്‍കി. പ്രധാന മന്ത്രിയുടെ പ്രസംഗം കോഴിക്കോട് സര്‍വകലാശാലയില്‍  പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം എംഎസ്എഫ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചു.  പ്രധാനമന്ത്രി പ്രസംഗം തീരുന്നതു— വരെ ടെലിക്കാസ്റ്റ്— ചെയ്യാന്‍ തയ്യാറാക്കിയ സ്‌ക്രീനിനു മുന്‍പില്‍ “ഞങ്ങളെ കേള്‍ക്കാത്ത പ്രധാന മന്ത്രിയെ ഞങ്ങള്‍ക്ക്—  കാണേണ്ട” എന്നെഴുതിയ ബോര്‍ഡുകളുമായി  എംഎസ്എഫ്—  പ്രവര്‍ത്തകര്‍ കണ്ണും കാതും മൂടിക്കെട്ടി പ്രതിഷേധം തുടര്‍ന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസംഗം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു. പ്രതിഷേധ സമരത്തിന് കെ എം ഫവാസ്, വി പി അഹമ്മദ് സഹീര്‍, പി കെ നവാസ്, കബീര്‍ മുതു പറമ്പ്, റഷീദ് പെരുവള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി വിദ്യാര്‍ഥികളുടെ നിരവധി ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാതെ എതിര്‍ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നവര്‍ക്ക് പിന്തുണയും നല്‍കുന്ന പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രേരിതമായ പ്രസംഗം കാംപസുകളില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചാല്‍  ശക്തമായ പ്രതിഷേധങ്ങള്‍ക്കു എംഎസ്എഫ് നേതൃത്വം നല്‍കുമെന്നും പ്രദര്‍ശന അനുമതി നിഷേധിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും  എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന. സെക്രട്ടറി എം പി നവാസ് എന്നിവര്‍  ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss