|    Mar 27 Mon, 2017 12:36 am
FLASH NEWS

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസം മാറ്റിയേക്കും

Published : 21st September 2016 | Posted By: mi.ptk

prime-minister-hpuse

ന്യൂഡല്‍ഹി: രാജ്യം വന്‍ സുരക്ഷാഭീഷണി നേരിടുകയും തലസ്ഥാനത്ത് ഇതുസംബന്ധിച്ച് തിരക്കിട്ട ഉന്നതതല യോഗങ്ങ ള്‍ നടക്കുകയും ചെയ്യുമ്പോള്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വീട്ടുവിലാസം മാറ്റുന്നതിനെക്കുറിച്ചാണ് ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ഡല്‍ഹിയിലെ പ്രധാന നിരത്തുകളിലൊന്നാണ്   പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന റേസ് കോഴ്‌സ് റോഡ്. ഇവിടത്തെ ഏഴാം നമ്പര്‍ കെട്ടിടത്തിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. റേസ് കോഴ്‌സിന്റെ പേര് ഏകാത്മാ മാര്‍ഗ് എന്നാക്കി മാറ്റണമെന്നാണ് ഇപ്പോള്‍ ബിജെപി എംപി മീനാക്ഷി ലേഖിയുടെ പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം കൂടിയായ ലേഖി സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. റേസ് കോഴ്‌സ് റോഡ് എന്നത് ഇന്ത്യന്‍ സംസ്‌കാരവുമായി ചേരുന്നില്ലെന്നാണ് ഇവരുടെ വാദം. അടുത്ത മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് മീനാക്ഷി ലേഖി പറഞ്ഞു. സംഘപരിവാര ആചാര്യനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ സ്മരണ നിലനിര്‍ത്തുന്നതാവണം പ്രധാനമന്ത്രിയുടെ വീടിന്റെ വിലാസമെന്നാണ് മീനാക്ഷി ലേഖിയുടെ അഭിപ്രായം. ഏകാത്മ എന്നത് ഉപാധ്യായയുടെ ഏകാത്മ മാനവ് എന്ന ഉദ്‌ബോധനത്തില്‍നിന്നു കടമെടുത്തതാണ്. എന്നാല്‍, സംഘപരിവാര ഛായ നല്‍കി റേസ് കോഴ്‌സ് റോഡിന്റെ പേരു മാറ്റാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. റോഡിന്റെ പേരു മാറ്റുകയാണെങ്കില്‍ അത് രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍മാരുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ടാവണമെന്ന് ആപ് എംഎല്‍എയും മുന്‍ എന്‍എസ്ജി കമാന്‍ഡോയുമായ സുരീന്ദര്‍ സിങ് പറഞ്ഞു. സുരീന്ദര്‍ സിങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ്.  പ്രധാനമന്ത്രിയുടെ വീടിനു പുറമേ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓഫിസുകളും ബംഗ്ലാവുകളും റേസ് കോഴ്‌സ് റോഡിലാണ് സ്ഥിതിചെയ്യുന്നത്.കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയശേഷം ഡല്‍ഹിയിലെ പല സുപ്രധാന നിരത്തുകളുടെയും പേരുകള്‍ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് റോഡിന്റെ പേരു മാറ്റി മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാമിന്റെ പേരു നല്‍കിയത് ഏറെ വിവാദമായിരുന്നു. അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് മാര്‍ഗ് എന്നാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് വ്യാവസായിക നഗരമായ ഹരിയാനയിലെ ഗുഡ്ഗാവിന്റെ പേരു മാറ്റി ഗുരുഗ്രാമം എന്നാക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക