|    Nov 13 Tue, 2018 10:28 pm
FLASH NEWS

പ്രത്യേക പാക്കേജില്‍ മലയോര മേഖലയെ ഉള്‍പ്പെടുത്തും

Published : 12th August 2018 | Posted By: kasim kzm

ഇരിട്ടി: രൂക്ഷമായ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന പ്രത്യേക പാക്കേജില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബ്ലോക്ക് ഓഫിസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമാനതകളില്ലാത്ത ദുരന്തങ്ങളാണ് മഴക്കെടുതിയുടെ ഭാഗമായി സംഭവിച്ചത്. അതിന്റെ പ്രാധാന്യം ഉള്‍കൊണ്ടായിരിക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. നഷ്ടത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാക്കാന്‍ അതാത് വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്, കൃഷി, ഭൂമി എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാനാണു ശ്രമിക്കുന്നത്. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകള്‍ക്കൊപ്പം മണ്ണിടിഞ്ഞുവീണ് വാസയോഗ്യമല്ലാതായ വീടുകളുടെയും കണക്കുകള്‍ എടുക്കണം. ഭൂമി നഷ്ടമായവര്‍ക്ക് പകരം സംവിധാനമൊരുക്കും.
അടുത്ത ദിവസം പഞ്ചായത്ത്-വില്ലേജ് ഓവര്‍സിയര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ എന്നിവരും ജനപ്രതിനിധികളും ചേര്‍ന്ന് നാശനഷ്ടങ്ങളുടെ കണക്കെടുക്കും. നേരിട്ടുള്ള കണക്കെടുപ്പില്‍ വിട്ടുപോയവര്‍ക്കായി 16ന് പഞ്ചായത്ത് ഓഫിസുകളില്‍വച്ച് വില്ലേജുതല ഹിയറിങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി സംവിധാനങ്ങള്‍, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
രണ്ട് താലൂക്കുകളിലുമായി ഒട്ടേറെ റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ളവയാണ് ഇവയിലേറെയും. ഇവ ശരിയാക്കിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധ്യമല്ല. കേന്ദ്രത്തില്‍ നിന്നുള്ള സഹായത്തിലാണ് പ്രതീക്ഷ. പ്രദേശത്തെ ക്വാറികള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഗൗരവത്തോടെ കാണും. ക്വാറികളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടു താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. പ്രധാനപ്പെട്ട ആശുപത്രികളില്‍ ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി മെഡിക്കല്‍ സംഘത്തെ സജ്ജമാക്കിയതായി ഡിഎംഒ ഡോ. നാരായണ നായിക്ക് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്ര സിഡ ന്റ് കെ വി സുമേഷ്, ബ്ലോ ക്ക് പ ഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ഇരിട്ടി നഗര സഭാ ചെ യര്‍മാന്‍ പി പി അശോ കന്‍, ഉളി ക്കല്‍ പഞ്ചായത്ത് പ്ര സിഡന്റ് ഷെര്‍ലി അലക്‌സാ ണ്ടര്‍, ആറ ളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, അയ്യന്‍ കുന്ന് പഞ്ചായത്ത് പ്രസി ഡന്റ് ഷീജ സെബാസ്റ്റ്യന്‍, ജില്ലാ പ ഞ്ചായത്തംഗം തോമസ് വര്‍ഗീ സ്, അസിസ്റ്റന്റ് കല ക്ടര്‍ അര്‍ ജുന്‍ പാണ്ഡ്യന്‍, തഹ സി ല്‍ദാര്‍ കെ കെ ദിവാകരന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss