|    Nov 16 Fri, 2018 1:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രത്യേക നിയമസഭാ സമ്മേളനം; സജി ചെറിയാനും രാജു എബ്രഹാമിനും സംസാരിക്കാന്‍ അവസരം നല്‍കിയില്ല

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പളയബാധിത പ്രദേശങ്ങളിലെ സിപിഎം എംഎല്‍എമാര്‍ക്ക് അവസരം നല്‍കാത്തത് വിവാദമായി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍, റാന്നി എംഎല്‍എ രാജു എബ്രഹാമിനുമാണ് പാര്‍ട്ടി ഇടപെട്ട് സംസാരിക്കാന്‍ അവസരം നിഷേധിച്ചത്. ഇതിനെതിരേ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവടക്കം രംഗത്തുവരുകയുണ്ടായി.
സജി ചെറിയാനും രാജു എബ്രഹാമിനും വേണ്ടി കൂടിയാണ് സംസാരിക്കുന്നതെന്നു പ്രതിപക്ഷ എംഎല്‍എമാര്‍ പരിഹസിച്ചു. പ്രളയത്തിന്റെ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചതാണ് ഇരുവര്‍ക്കും വിനയായത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് സ്ഥിതി രൂക്ഷമാക്കിയെന്നു രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ വെള്ളം പൊങ്ങി ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നു സജി ചെറിയാനും പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം എത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചുപോവുമെന്നായിരുന്നു സജി ചെറിയാന്റെ വികാരപരമായ വാക്കുകള്‍.
ഇതു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമായി 41 എംഎല്‍എമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നത്. നാലു മണിക്കൂര്‍ ചര്‍ച്ചയില്‍ 95 മിനിറ്റാണ് സിപിഎമ്മിന് അനുവദിച്ചത്. സ്വതന്ത്രനായ പി വി അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അതേസമയം, കൃത്യമായ മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതാണു പ്രളയത്തിനു കാരണമെന്ന മുന്‍ പ്രസ്താവനയ്ക്കു വിശദീകരണവുമായി രാജു എബ്രഹാം എംഎല്‍എ രംഗത്തുവന്നു. ചില മാധ്യമങ്ങള്‍ താന്‍ പറഞ്ഞതു വളച്ചൊടിക്കുകയായിരുന്നു. മൂന്നു തവണ പ്രളയ മുന്നറിയിപ്പ് നല്‍കിയെന്നാണ് അന്നു മാധ്യമങ്ങളോടു പറഞ്ഞത്. 500ഓളം തവണ ഉരുള്‍പൊട്ടി. ആ വെള്ളമാണ് നദികളിലേക്കു വന്നത്. എന്നാല്‍, താന്‍ പറഞ്ഞതു മാധ്യമങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ പണം പാഴാക്കാനായി ദുരന്തനിവാരണ അതോറിറ്റിയെന്ന സംവിധാനം വേണോയെന്നു ചിന്തിക്കേണ്ട സമയമാണിതെന്നു പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. പ്രളയകാലത്ത് ഒരു ഇടപെടലും നടത്താന്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല.
ദുരന്തനിവാരണ അതോറിറ്റി പരാജയമായിരുന്നു. രാവിലെ വന്ന് അഞ്ചു മണിക്ക് ഓഫിസില്‍ നിന്നു പോവുന്ന സംവിധാനമാണിത്. ഇങ്ങനെയുള്ള സംവിധാനം കൊണ്ട് സംസ്ഥാനത്തിനു ഗുണമില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നു പണം മുടക്കി ഫയര്‍ഫോഴ്‌സിന് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ വാങ്ങിനല്‍കാന്‍ പോലും അതോറിറ്റി തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കായലുകളും നദികളും ഉള്ള പ്രദേശങ്ങളിലെ പോലിസ് സ്റ്റേഷനുകള്‍ക്കും ഫയര്‍ സ്റ്റേഷനുകള്‍ക്കും കരുത്തേറിയ എന്‍ജിനുള്ള ഡിങ്കി ബോട്ടുകള്‍ വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
സുനാമി ഫണ്ട് കടലില്ലാത്ത കോട്ടയത്തും പാലായിലും ചെലവിട്ട യുഡിഎഫുകാരാണ് ഓഖി ഫണ്ടിനെ പറ്റി ആക്ഷേപം ഉന്നയിക്കുന്നത്. ഓഖി ഫണ്ട് മുഴുവന്‍ കൃത്യമായി ഈ സര്‍ക്കാര്‍ വിനിയോഗിച്ചിട്ടുണ്ട്. പ്രളയരക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ നേതൃത്വമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. മികച്ച ഏകോപനമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss