|    Oct 20 Sat, 2018 1:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

Published : 18th February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് കേന്ദ്രം പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച പുതിയ നിയമം നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണു നീക്കമെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവിലുള്ള 1956ലെ അന്തര്‍സംസ്ഥാന നദീജല തര്‍ക്ക നിയമപ്രകാരം ഒന്നിലധികം കോടതികളായാണു പ്രവര്‍ത്തിക്കുന്നത്.  തര്‍ക്കപരിഹാരത്തിനായി നിശ്ചിത സമയപരിധിയും നിയമം അനുശാസിക്കുന്നില്ല. ട്രൈബ്യൂണല്‍ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനും നിലവിലെ സാഹചര്യത്തില്‍ സാധ്യമാവും. പുതിയ നിയമം വരുന്നതോടെ നിലവിലെ അഞ്ച് ട്രൈബ്യൂണലുകള്‍ ഒരെണ്ണമായി ചുരുങ്ങും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച അന്തര്‍സംസ്ഥാന നദീജല തര്‍ക്കം സംബന്ധിച്ച ഭേദഗതി ബില്ല് പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന ഭേദഗതികളോടെയായിരിക്കും ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്ല് ലോക്‌സഭയിലെത്തുകയെന്നും കേന്ദ്ര ജലവിഭവ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ നിയമപ്രകാരം വിഷയത്തില്‍ വിദഗ്ധരായവരെ ഉള്‍പ്പെടുത്തി ഒരു തര്‍ക്കപരിഹാര കമ്മിറ്റിക്കു കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കും. കമ്മിറ്റി മുമ്പാകെ എത്തുന്ന തര്‍ക്കങ്ങളില്‍ 18 മാസത്തിനകം തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ തര്‍ക്കം ട്രൈബ്യൂണലിനു മുന്നിലെത്തൂ. നിലവിലുള്ള വിവിധ ട്രൈബ്യൂണലുകള്‍ക്കു പകരം വിവിധ ബെഞ്ചുകളായിരിക്കും പുതിയ നിയമപ്രകാരം പ്രവര്‍ത്തിക്കുക. മൂന്നു വര്‍ഷമാണു തര്‍ക്കം പരിഹരിക്കുന്നതിന് ഇവയ്ക്കുള്ള പരമാവധി കാലാവധി. ഇതുപ്രകാരം ഒരു തര്‍ക്കം പരമാവധി നാലരവര്‍ഷംകൊണ്ടു പരിഹരിക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ട്രൈബ്യൂണല്‍ വിധി സുപ്രിംകോടതി വിധിക്ക് സമാനമായി പരിഗണിക്കപ്പെടുന്നതായതിനാല്‍ അന്തിമമായിരിക്കും.
കാവേരി നദീജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് നിലവിലുണ്ടായിരുന്ന വിധി റദ്ദാക്കി കര്‍ണാടകയ്ക്ക് അധികജലം അനുവദിച്ച സുപ്രിംകോടതി വിധിക്കു പിറകെയാണ് പുതിയ നിയമം തയ്യാറാവുന്നത്. നദീജലതര്‍ക്കങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും വിധിയില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിമോ തട്ടിപ്പ്: പ്രധാനമന്ത്രിയുടെ ഓഫിസിനുള്‍പ്പെടെ മൂന്ന്
വര്‍ഷം മുമ്പ് പരാതി ലഭിച്ചുന്യൂഡല്‍ഹി: നീരവ് മോദിയുടെ പങ്കാളി മെഹുല്‍ സി ചോക്‌സിയുടെ സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിപ്പിനെക്കുറിച്ചുള്ള പരാതി മൂന്നുവര്‍ഷം മുമ്പേ പ്രധാനമന്ത്രിയുടെ ഓഫിസിനു ലഭിച്ചതായി റിപോര്‍ട്ട്.
2015 മെയില്‍ കമ്പനികാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചു തുടര്‍നടപടിയുണ്ടാവാതിരുന്നത് കൂടുതല്‍ തട്ടിപ്പിനു വഴിവയ്ക്കുകയായിരുന്നു. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതി ഇന്ത്യ വിട്ടേക്കുമെന്നും പരാതിക്കാരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
വിവാദ സ്ഥാപനങ്ങളുമായി ബന്ധമുണ്ടായിരുന്ന വൈഭവ് ഖുറാനി—യാണ് 2015 മെയ് 7നു സുപ്രധാന ഓഫിസുകളിലേക്കു പരാതി അയച്ചത്. കമ്പനികാര്യമന്ത്രാലയത്തില്‍, ഗുരുതര ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിഭാഗത്തിന്റെ (സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) ഡയറക്ടര്‍ നിലിമേഷ് ബറുവയ്ക്കു നല്‍കിയ പരാതിയുടെ പകര്‍പ്പുകള്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെബി എന്നിവയ്ക്കും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൈമാറി. ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെയും വിവിധ ഉപസ്ഥാപനങ്ങളുടെയും സിഎംഡി മെഹുല്‍ സി ചോക്‌സിയെയും ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തായിരുന്നു പരാതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss