|    Oct 20 Sat, 2018 3:56 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

പ്രത്യയശാസ്ത്രത്തിന് പകരം വടിവാളോ?

Published : 21st August 2016 | Posted By: SMR

slug-enikku-thonnunnathuആസിഫ് കുന്നത്ത്, കോഴിക്കോട്

കമ്മ്യൂണിസവും തീവ്ര ഹിന്ദുത്വ ഫാഷിസം എന്ന പേരില്‍ അറിയപ്പെടുന്ന സംഘപരിവാരവുമാണ് നിലവിലെ ജനാധിപത്യവ്യവസ്ഥിതികളെ തീരെ അംഗീകരിക്കാതെ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രമാണങ്ങളുമായി രംഗത്തുള്ളത്. ഇസ്‌ലാം, ക്രൈസ്തവമതം തുടങ്ങിയ സെമിറ്റിക് മതങ്ങളെല്ലാം സമത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കിലും അതിലെയും ഒരുകൂട്ടര്‍ വിഭാഗീയതയും വര്‍ഗീയതയും സ്വജനപക്ഷ ഭീകരതയും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇന്ത്യയുടെ സാമൂഹിക പരിസ്ഥിതിയില്‍ മാത്രം നിന്നുകൊണ്ട് ചര്‍ച്ചചെയ്യുമ്പോള്‍ സംഘപരിവാരത്തിന്റെയത്ര അപകടകാരികളായി ഇവ മാറിയിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. എന്നാല്‍, കേരളത്തില്‍ ഏറ്റവും വലിയ ഭീഷണിയായി നിലനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് ഭീകരതയാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നാട്ടിലെ ദേശീയതയെയും സാംസ്‌കാരികതയെയും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ചുള്ള ഒരു പ്രത്യയശാസ്ത്രം ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിച്ചില്ല. അടിസ്ഥാനവര്‍ഗ ശാക്തീകരണത്തിനും വിശ്വമാനവികതയ്ക്കും ഊന്നല്‍ നല്‍കുന്ന ശ്ലാഘനീയമായ പ്രത്യയശാസ്ത്രമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചതെങ്കിലും അതിന്റെ പ്രയോഗവല്‍ക്കരണത്തിന്റെ രീതിശാസ്ത്രം നിമിത്തം അതു ജനങ്ങളില്‍ വേണ്ടത്ര സ്വാധീനം ഉളവാക്കിയില്ല.
ഇന്ത്യയില്‍ ഗാന്ധിജി നയിച്ച ക്വിറ്റ് ഇന്ത്യാ സമരത്തെ രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ സോവിയറ്റ് യൂനിയനുമായി സഖ്യം ചേര്‍ന്നു എന്ന കാരണം പറഞ്ഞ് പിന്നില്‍നിന്ന് കുത്തിയും ബ്രിട്ടിഷുകാര്‍ക്ക് സമരഭടന്‍മാരെ ഒറ്റിയും രാജ്യവിരുദ്ധ നിലപാടാണ് അവര്‍ പ്രകടമാക്കിയത്. ഈ സംഭവം പൊതുജനങ്ങളില്‍നിന്ന് അവരെ അകറ്റിയതില്‍ പ്രധാനപ്പെട്ട ഒന്നാണ്. അവര്‍ക്ക് സ്വന്തമായി ദേശീയത ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ദേശീയതയിലും സെക്കുലര്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലുമൂന്നിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ ആക്രമിച്ചും സംഘപരിവാരത്തിന്റെ ആദ്യകാല രാഷ്ട്രീയരൂപമായ ജനസംഘവുമായി ചേര്‍ന്ന് അധികാരം പങ്കിട്ടും ഫാഷിസത്തോടുള്ള അവരുടെ താദാത്മ്യപ്പെടല്‍ വ്യക്തമാക്കുന്നതാണു പിന്നീട് കണ്ടത്.
ഇന്ന് കമ്മ്യൂണിസത്തിന് കുറച്ചെങ്കിലും വളക്കൂറും തെളിച്ചവും ഉള്ളത് കേരളത്തിലാണ്. അവരാണ് സംസ്ഥാനം ഭരിക്കുന്നതും. എന്നാല്‍, പ്രത്യയശാസ്ത്രപരമായി അമ്പേ പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിയോ ലിബറല്‍ സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥിനെ ഉപദേഷ്ടാവാക്കുന്ന കാഴ്ചയാണു നാം കണ്ടത്. അങ്ങനെ ആശയദാരിദ്ര്യവും പ്രത്യയശാസ്ത്രപരമായ തപ്പിതടയലുകളും ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാനുള്ള ഉപാധിയായി കേരളത്തിലെ സഖാക്കള്‍ കണ്ടുവച്ചത് കൊലപാതകങ്ങളാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും അപകടം ഇന്ന് കമ്മ്യൂണിസ്റ്റ് ഫാഷിസമാണ്. കൊലാസ്വാദകര്‍ എന്ന പദപ്രയോഗത്തിന് ഞാന്‍ മുതിരാന്‍ കാരണം കഴിഞ്ഞ ദിവസം 67 വെട്ടുകളാല്‍ കശാപ്പു ചെയ്യപ്പെട്ട അസ്‌ലം എന്ന 22കാരനായ ചെറുപ്പക്കാരന്റെ വെട്ടിനുറുക്കപ്പെട്ട ശരീരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിച്ച് ഞങ്ങളുടെ ധീരോദാത്തമായ പ്രവര്‍ത്തനഫലമാണീ കൊലപാതകം എന്ന് ഊറ്റംകൊണ്ട കമ്മ്യൂണിസ്റ്റ് യുവജനസംഘടനാ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു എന്നതാണ്. ഇത്തരത്തില്‍ യുവാക്കളുടെ മാനസികാവസ്ഥയെ തന്നെ പരുവപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ പാര്‍ട്ടിനേതൃത്വം കൃത്യമായ തിരുത്തല്‍ നടപടികള്‍ക്ക് തയ്യാറായില്ലെങ്കില്‍ സമൂഹത്തിന് അവര്‍ ആപത്താവുന്ന സ്ഥിതിയാവും. ക്ഷമയും സഹനവും സഹിഷ്ണുതയും സ്വയം പരിശീലിക്കുകയും അണികളെ പഠിപ്പിക്കുകയും ചെയ്യണം. സംഭവങ്ങളെ അതത് സ്ഥലത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികാന്തരീക്ഷത്തില്‍ ചര്‍ച്ചചെയ്ത് പോംവഴി കാണാനും ശീലിക്കണം.

(സബര്‍മതി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss