|    Oct 21 Sun, 2018 2:24 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രതീക്ഷ നല്‍കും കൗമാരം

Published : 10th December 2015 | Posted By: SMR

പി എന്‍ മനു

കോഴിക്കോട്: ഒടുവില്‍ മറ്റൊരു സംസ്ഥാന സ്‌കൂള്‍ കായികമേള കൂടി ചരിത്രത്താളുകളിലേക്ക് മായുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവു കൊണ്ടും വന്‍ വിജയമായി മാറിയ 59ാമത് സ്‌കൂള്‍ മീറ്റും ഒരുപിടി നവമുകുളങ്ങളെയാണ് കായികകേരളത്തിനു സമ്മാനിച്ചത്.
വിത്തില്‍ വളംവയ്ക്കാതെ ഈ കുരുന്നുകളെ പരിപാലിച്ചാല്‍ അതു കേരളത്തിനു മാത്രമല്ല ഇന്ത്യക്കും അഭിമാനിക്കാന്‍ വകനല്‍കും. ഒപ്പം വാഗ്ദാനങ്ങളില്‍ പകുതിയെങ്കിലും നടപ്പാക്കാന്‍ സര്‍ക്കാരുകളും മുന്‍കൈയുടെത്താല്‍ കേരളം ഇന്ത്യയുടെ കായിക ഭൂപടത്തിലെ തലസ്ഥാനമായി മാറുകയും ചെയ്യുമെന്നുറപ്പ്. നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കണ്ട കായികമേള കൂടിയായിരുന്നു ഇത്തവണത്തേത്. ചില വമ്പന്‍മാരുടെ പതനവും മറ്റു ചിലരുടെ വളര്‍ച്ചയുമെല്ലാം മീറ്റില്‍ കണ്ടു. മേളയിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.
സെന്റ് ജോര്‍ജിന്റെ വീഴ്ച
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചാംപ്യന്‍ സ്‌കൂളെന്നാല്‍ എല്ലാവരുടയും മനസ്സില്‍ തെളിയുക ഒരു ചിത്രമായിരിക്കും. എറണാകുളത്തെ കോതമംഗലത്തു നിന്നുള്ള സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ മൊട്ടക്കൂട്ടമായിരുന്നു അത്. റെക്കോഡുകള്‍ നിരവധി തകര്‍ത്തെറിഞ്ഞ് സെന്റ് ജോര്‍ജ് നടത്തിയ ആര്‍പ്പുവിളികള്‍ എത്രയെത്രം നാം കണ്ടു.
എന്നാല്‍ കോഴിക്കോടിന്റെ മണ്ണില്‍ സെന്റ് ജോര്‍ജ് വെറും നനഞ്ഞ പടക്കങ്ങളായിരുന്നു. രാജുപോള്‍ പരിശീലിപ്പിക്കുന്ന സെന്റ് ജോര്‍ജിന് ഇത്തവണ കിരീടം നിലനിര്‍ത്തുക ബുദ്ധിമുട്ടാവുമെന്ന് ഒന്നാംദിനത്തിലെ ഫൈനലുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായിരുന്നു. പോയിന്റ്പട്ടികയില്‍ അവര്‍ അഞ്ചാമതായിരുന്നു ആദ്യദിനം. പിന്നീട് ഈ സ്ഥാനത്തു നിന്ന് മുകളിലേക്ക് കയറാന്‍ സെന്റ് ജോര്‍ജിനായിട്ടില്ല. മീറ്റ് സമാപിച്ചപ്പോള്‍ ആറാംസ്ഥാനത്തേക്ക് സെന്റ് ജോര്‍ജ് കൂപ്പുകുത്തിയത് പലരെയും ഞെട്ടിച്ചു.
മറുഭാഗത്ത് കഴിഞ്ഞ തവണ അവസാനദിനം കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ സെന്റ് ജോര്‍ജിനു കിരീടം അടിയറവ് വച്ച മുഖ്യ എതിരാളികളായ മാര്‍ബേസില്‍ എച്ച്എസ്എസ് തുടക്കം മുതല്‍ ഒടുക്കം വരെ മികവ് പുലര്‍ത്തിയാണ് ചാംപ്യന്‍പട്ടം തിരിച്ചുപിടിച്ചത്.
മാര്‍ബേസിലിന് കനത്ത വെല്ലുവിളിയുമായി മനോജ് പരിശീലിപ്പിക്കുന്ന പാലക്കാട്ട് നിന്നുള്ള പറളി എച്ച്എസ്എസ് തൊട്ടരികിലുണ്ടായിരുന്നെങ്കിലും രണ്ടാസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. എന്നാല്‍ ലഭിച്ച സ്വര്‍ണമെഡലുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ പറളിയാണ് യഥാര്‍ഥ ചാംപ്യ•ാര്‍. പറളിക്കു 12ഉം മാര്‍ബേസിലിന് ഒമ്പതും സ്വര്‍ണമാണ് ലഭിച്ചത്.
ജില്ലകളില്‍ എറണാകുളത്തിന്റെ കുത്തക അധികകാലമുണ്ടാവില്ലെന്നതിന്റെ സൂചനയാണ് ഈ മീറ്റ് നല്‍കുന്നത്. പറളി, കല്ലടി, മുണ്ടൂര്‍ സ്‌കൂളുകളുടെ കരുത്തില്‍ പാലക്കാട് കിരീടത്തിനു തൊട്ടരികില്‍ വരെയെത്തി. അടുത്ത തവണ പാലക്കാട് ചാംപ്യന്‍മാരായും അദ്ഭുതപ്പെടാനില്ല. ആതിഥേയരായ കോഴിക്കോടാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ജില്ല. മെഡല്‍പട്ടികയില്‍ മൂന്നാമതെത്തി തങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണെന്നു കോഴിക്കോട് തെളിയിച്ചു.
പോരാട്ടം സ്‌കൂളുകള്‍ തമ്മില്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ യഥാര്‍ഥത്തില്‍ ജില്ലകള്‍ തമ്മിലാണ് ഒന്നാംസ്ഥാനത്തിനായി പോരാട്ടമെങ്കിലും കുറച്ചു വര്‍ഷങ്ങളായി അത് സ്‌കൂളുകള്‍ തമ്മിലാവുന്നത് ഖേദകരമാണ്. എറണാകുളത്തെ സെന്റ് ജോര്‍ജ്, മാര്‍ബേസില്‍ പാലക്കാട്ടു നിന്നുള്ള പറളി, കല്ലടി എന്നീ നാല് സ്‌കൂളുകളെ മാത്രം കേന്ദ്രീകരിച്ചാണ് ഏതാനും വര്‍ഷങ്ങളായി കിരീടത്തിനുവേണ്ടിയുള്ള പിടിവലി നടക്കുന്നത്.
മല്‍സരം സ്‌കൂളുകള്‍ തമ്മിലായതോടെ ജില്ലകളുടെ പ്രാധാന്യം തന്നെ പലപ്പോഴും അപ്രസക്തമായി മാറുകയാണ്. ഇത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. തങ്ങളുടെ നേട്ടത്തിനായി സ്‌കൂളുകള്‍ മറ്റു പല ജില്ലകളില്‍ നിന്നുമുള്ള പ്രതിഭകളെ കൊത്തിയെടുത്ത് സ്വന്തം സ്‌കൂളുകളിലെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
സെന്റ് ജോര്‍ജ്, മാര്‍ബേസില്‍ എന്നിവരൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇവരുടെ സ്‌കൂളുകളിലെ ഭൂരിഭാഗം താരങ്ങളും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണെന്നു പരിശോധിച്ചാല്‍ വ്യക്തമാവും., സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് പഠനത്തോടൊപ്പം പരിശീലിക്കാനുള്ള സൗകര്യവുമൊരുക്കിയാണ് ഇവര്‍ തട്ടിയെടുക്കുന്നത്.
എന്നാല്‍ പാലക്കാട്ടെ പറളി സ്‌കൂള്‍, ഇടുക്കിയിലെ എസ്എന്‍എംഎച്ച്എസ് വണ്ണപ്പുറം എന്നിവരെപ്പോലുള്ള ചില ചെറുകിട കൂളുകള്‍ പ്രാദേശികമായുള്ള മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നവരാണ്. ഇതുപോലെ സ്വന്തം നാട്ടില്‍ നിന്നു തന്നെയുളള താരങ്ങളെ ചെറുപ്പത്തില്‍ നിന്ന് തിരഞ്ഞുപിടിച്ച് പരിശീലനം നല്‍കുകയാണെങ്കില്‍ അത് ഭാവിയില്‍ സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടം കുറയ്ക്കാന്‍ സഹായിക്കും.
ഒളിംപ്യന്‍ മേഴ്‌സിക്കുട്ടനെപ്പോലുള്ള പലരും ഇതിന് അനുകൂലിച്ച് നേരത്തേ തന്നെ രംഗത്തു വന്നിരുന്നു. ചാംപ്യന്‍ സ്‌കൂളെന്ന പദവി തന്നെ മേളയില്‍ നിന്ന് എടുത്തുകളയണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
ജിസ്‌ന, അനസ്, അനുമോള്‍… എത്രയെത്ര നക്ഷത്രങ്ങള്‍
അന്താരാഷ്ട്ര മീറ്റുകളില്‍പ്പോലും രാജ്യത്തിനു മെഡല്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരുപിടി മികച്ച താരങ്ങളെ ഈ മേള കേരളത്തിനു നേടിത്തന്നു.
കോഴിക്കോട്ടുകാരയായ ജിസ്‌ന മാത്യു, ഇടുക്കിക്കാരിയായ അനുമോള്‍ തമ്പി, പാലക്കാട്ടു നിന്നുള്ള എന്‍ അനസ് എന്നിങ്ങനെ ഒരുപിടി താരോദയങ്ങള്‍ മേളയുടെ സംഭാവനയാണ്. ഇവരില്‍ ഒളിംപ്യന്‍ പി ടി ഉഷയുടെ അക്കാദമിയില്‍ നിന്നുള്ള ജിസ്‌ന തന്റെ മുന്‍ഗാമിയായ ടിന്റു ലൂക്കയെപ്പോലെ ലോക വേദിയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള അത്‌ലറ്റാണ്. ഈ മീറ്റില്‍ മൂന്നു വ്യക്തിഗത സ്വര്‍ണവും ഒരു റിലേ സ്വര്‍ണവുമടക്കം നാലു മെഡലുകളാണ് ജിസ്‌ന കൈക്കലാക്കിയത്. ഇതില്‍ മൂന്ന് വ്യക്തിഗത ഇനത്തിലും മീറ്റ് റെക്കോഡും താരം തിരുത്തി. മേളയിലെ ഏറ്റവും മികച്ച താരമായ തിരഞ്ഞെടുക്കപ്പെട്ടതും ജിസ്‌നയായിരുന്നു.
ജൂനിയര്‍ വിഭാഗത്തില്‍ മല്‍സരിച്ച അനസ് കഴിഞ്ഞ ജില്ലാ മീറ്റില്‍ സംസ്ഥാന മീറ്റിലെ റെക്കോഡ് മറികടന്നാണ് സംസ്ഥാന മേളയ്‌ക്കെത്തിയത്. കോഴിക്കോട്ട് താരം ട്രിപ്പിള്‍ജംപില്‍ ദേശീയ റെക്കോഡിനെ ഏറെ പിന്നിലാക്കി സ്വര്‍ണമണിയുകയും ചെയ്തു. ഇനി നടക്കാനിരിക്കുന്ന ദേശീയ മീറ്റില്‍ അനസ് ഏതു റെക്കോഡാണ് പഴങ്കഥയാക്കുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പലരും.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ലോക സ്‌കൂള്‍ മീറ്റ് റെക്കോഡ് സമയം മറികടന്ന താരമാണ് മാര്‍ബേസില്‍ എച്ച്എസ്എസിലെ അനുമോള്‍ തമ്പി. ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യന്‍പട്ടവും അനുമോള്‍ക്കായിരുന്നു. ഇവരെക്കുടാതെ സീനിയറില്‍ വ്യക്തിഗത ചാംപ്യനായ ബിബിന്‍ ജോര്‍ജ്, ജൂനിയറില്‍ വിജയായ എം കെ ശ്രീനാഥ്, സബ് ജൂനിയറില്‍ ജേതാക്കളായ സായൂജ്, ഗൗരിനന്ദന എന്നിവരും മികച്ച ഭാവി വാഗ്ദാനങ്ങളാണ്.
വാഗ്ദാനങ്ങള്‍ പാഴ്‌വാക്കുകളാവരുത്
പതിവുപോലെ ഈ കായികമേളയ്ക്കിടയിലും താരങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങളാണ് സര്‍ക്കാരും മറ്റു നല്‍കിയത്. മീറ്റ് കഴിയുന്നതോടെ ഇവയില്‍ ഭൂരിഭാഗവും കടലാസുകളില്‍ മാത്രമായി ഒതുങ്ങുകയാണ് പതിവ്. ഇത്തവണ മുതലെങ്കിലും ഇതിനൊരു മാറ്റം അനിവാര്യമാണ്.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന സ്‌കൂളുകളെയും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത താരങ്ങളെയും ഇനിയെങ്കിലും അധികാരികള്‍ കണ്ടില്ലെന്നു നടിക്കരുത്. ഇവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും മറ്റും കഴിയുന്നത്ര വേഗത്തില്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകള്‍ നേടിയ പാലക്കാട്ടുനിന്നുള്ള എം ഡി താരയെപ്പോലുള്ള മികച്ച അത്‌ലറ്റുകള്‍ക്ക് ജോലി പോലും നല്‍കാതെ അവഗണിക്കുകയാണ് അധികൃതര്‍.
കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന താരങ്ങള്‍ക്ക് പ്രൈസ്മണി പോലും നല്‍കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നില്ല. ദ്രോണാചാര്യ പുരസ്‌കാരം നേടിയ കേരള അത്‌ലറ്റിക്‌സിലെ തന്നെ കാരണവരായ കോച്ച് തോമസ് മാഷെപ്പോലുള്ളവര്‍ ഇക്കാര്യം നിരവധി തവണ ചൂണ്ടിക്കായിരുന്നു. ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുള്ളവരാണ്.
പണക്കൊഴുപ്പിന്റെ വേദിയായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പ്രൈസ്മണി വര്‍ഷാവര്‍ഷങ്ങളില്‍ മുടക്കമില്ലാതെ സര്‍ക്കാര്‍ നല്‍കുമ്പോള്‍ കായികമേളയെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്യുന്നത്. കലോല്‍സവത്തില്‍ ജയിക്കുന്നവരേക്കാളുപരി ഭാവിയില്‍ കേരളത്തിനും ഇന്ത്യക്കും മുതല്‍ക്കൂട്ടാവുക അത്‌ലറ്റുകളാണെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാവില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss