|    Dec 10 Mon, 2018 11:23 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പ്രതീക്ഷ നല്‍കാത്ത ഭരണമുഖ്യര്‍

Published : 28th May 2018 | Posted By: kasim kzm

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നാലാം വാര്‍ഷികവും പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികവും ആഘോഷിക്കുന്ന തിരക്കിലാണ്.  ‘അച്ഛേ ദിന്‍’ എന്ന സുമോഹന വാഗ്ദാനവുമായാണ് മോദി ആരംഭിച്ചത്. നാലു വര്‍ഷം പിന്നിടുമ്പോള്‍ പ്രസ്തുത മുദ്രാവാക്യം മോദി തന്നെ ഉപേക്ഷിച്ച മട്ടാണ്.
വികസനത്തിന്റെ കരുത്തനായ സാരഥിയായി സ്വയം വിശേഷിപ്പിച്ച് അധികാരത്തിലെത്തിയ മോദിക്ക് പക്ഷേ, ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കാനായില്ലെന്നു മാത്രമല്ല, നിരവധി ജനവിരുദ്ധ ചെയ്തികളിലൂടെ ജനരോഷം ഏറ്റുവാങ്ങേണ്ടിവന്ന അവസ്ഥയിലുമാണിപ്പോള്‍.
സാമ്പത്തിക രംഗത്തെ നടപടികള്‍ പലതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്കു വരെ വഴിവയ്ക്കുന്നതായി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനം അധരവ്യായാമമായി അവശേഷിച്ചു. വിജയ് മല്യയും നീരവ് മോദിയും പണം കൊള്ളയടിച്ച് നാടുകടന്നു. സാമ്പത്തിക-സാമൂഹിക രംഗങ്ങള്‍ കടുത്ത അസ്വസ്ഥതകള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും വേദിയായി. ആള്‍ക്കൂട്ട കൊലകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍, വിദ്വേഷ പ്രചാരണങ്ങള്‍ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിനു ഭീഷണിയായിത്തീര്‍ന്നു.
എല്ലാം ശരിയാക്കാമെന്ന വാഗ്ദാനത്തോടെ കേരളത്തില്‍ ഭരണത്തിനു തുടക്കമിട്ട പിണറായി സര്‍ക്കാരാവട്ടെ, വിവാദങ്ങളില്‍ കുരുങ്ങി തുടര്‍ച്ചയായ പ്രതിച്ഛായാ നഷ്ടം ഏറ്റുവാങ്ങുന്നു. ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മൂന്നു മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. മൂന്നാര്‍, തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം സര്‍ക്കാരിനു മാത്രമല്ല, മുഖ്യമന്ത്രിക്കു തന്നെയും മുഖം നഷ്ടപ്പെട്ടു. കൂട്ടുത്തരവാദിത്തമില്ലാത്ത സര്‍ക്കാരെന്ന പേരുദോഷം തുടക്കം മുതലേ പിണറായി സര്‍ക്കാര്‍ നേടിയെടുത്തിരുന്നു. ഘടകകക്ഷികളില്‍ പ്രമുഖരായ സിപിഐയുടെ മന്ത്രിമാരുമായി തര്‍ക്കവിഷയങ്ങളില്‍ സമവായത്തിനു പകരം തുറന്ന പോരുമായി നീങ്ങുകയായിരുന്നു മുഖ്യമന്ത്രി പലപ്പോഴും. സമ്പന്നനായ തോമസ് ചാണ്ടിക്കൊപ്പമാണ് താനെന്നു തോന്നിക്കുന്നതുവരെ കാര്യങ്ങള്‍ എത്തി.
മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പ് സര്‍ക്കാരിനെ പലപ്പോഴും പ്രതിക്കൂട്ടിലാക്കി. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ബീമാപള്ളി വെടിവയ്പാണെങ്കില്‍ ഇത്തവണ നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയായിരുന്നു. കസ്റ്റഡി മരണങ്ങള്‍ സര്‍ക്കാരിനെ വേട്ടയാടുന്നു. ജനകീയ സമരങ്ങളോടുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ വ്യക്തമായ നിദര്‍ശനങ്ങളായി പുതുവൈപ്പ്, ഗെയില്‍, കീഴാറ്റൂര്‍, ദേശീയപാത വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍.
ന്യൂനപക്ഷ സമുദായത്തോട് സര്‍ക്കാരിന്റെയും പോലിസിന്റെയും വിവേചനപരമായ സമീപനവും സംഘപരിവാര അനുകൂല നിലപാടും കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. മാധ്യമപ്രവര്‍ത്തകരോടുള്ള അസഹിഷ്ണുതയും അപമര്യാദയും മുഖ്യമന്ത്രിയെത്തന്നെ വിവാദങ്ങള്‍ക്കു നടുവില്‍ പ്രതിഷ്ഠിച്ചു. മോദിയും പിണറായി വിജയനും ഭരണാധികാരികളെന്ന നിലയില്‍ ഭാവിയെക്കുറിച്ച് പ്രതീക്ഷകളല്ല നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss