|    Nov 21 Wed, 2018 5:40 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പ്രതീക്ഷ ഉയര്‍ത്തുന്ന ഉപതിരഞ്ഞെടുപ്പു ഫലം

Published : 8th November 2018 | Posted By: kasim kzm

കര്‍ണാടക സംസ്ഥാനത്തെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ടു നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ബിജെപിക്ക് കനത്ത പ്രഹരമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
രണ്ടു നിയമസഭാ സീറ്റ് ഉള്‍പ്പെടെ നാലിടത്തും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം വെന്നിക്കൊടി പാറിച്ചപ്പോള്‍ അരലക്ഷത്തിലധികം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ ശിവമോഗ ലോക്‌സഭാ മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞത് ബിജെപിക്ക് ഒരാശ്വാസം പോലുമാവില്ല. മറ്റു ലോക്‌സഭാ മണ്ഡലങ്ങളായ മാണ്ഡ്യയിലും ബള്ളാരിയിലും ലക്ഷങ്ങളുടെ വന്‍ മാര്‍ജിനിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്.
മതനിരപേക്ഷ കക്ഷികള്‍ ഐക്യത്തോടെ നിന്നാല്‍ ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പുഫലം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. ഇതു രാജ്യത്തിനു മൊത്തം മാതൃകയാക്കാവുന്ന രാഷ്ട്രീയ പരീക്ഷണമാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ കക്ഷികള്‍ കൈവരിച്ച ഈ നേട്ടം എന്തുകൊണ്ടും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചകമായും കര്‍ണാടക ഉപതിരഞ്ഞെടുപ്പുഫലത്തെ വിലയിരുത്താവുന്നതാണ്. എന്നാല്‍, ഈ ആശ്വാസവേളയിലും അതിജാഗ്രത പുലര്‍ത്തി വേണം പ്രതിപക്ഷ കക്ഷികള്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാവേണ്ടത്. 2014ലെ തിരഞ്ഞെടുപ്പില്‍ 38 ശതമാനം വോട്ടുവിഹിതമേ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി ലഭിച്ചുള്ളൂ. എങ്കില്‍ പോലും വ്യക്തമായ മേധാവിത്വത്തോടെ ഭരണത്തിലേറാന്‍ ബിജെപിക്കു കഴിഞ്ഞുവെന്ന യാഥാര്‍ഥ്യം നമ്മുടെ മുമ്പിലുണ്ട്. അന്നുണ്ടായിരുന്ന ദൗര്‍ബല്യവും പ്രതികൂല സാഹചര്യങ്ങളും മറികടക്കാന്‍ ഒരു പരിധിവരെ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ഥിതി മൊത്തം ഭദ്രമാണെന്നു പറയാനാവില്ല.
എന്നും തീവ്രഹിന്ദുത്വത്തിനു വഴിയൊരുക്കിയിട്ടുള്ളത് പ്രതിപക്ഷനിരയിലെ വിള്ളലുകളാണ്. വിശാല പ്രതിപക്ഷ സഖ്യത്തിനു പ്രതിബന്ധമായ ഘടകങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന വസ്തുത അവഗണിച്ചുകൂടാ. ബിഎസ്പിയും ഇടതുപക്ഷവും കോണ്‍ഗ്രസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നതില്‍ പുലര്‍ത്തുന്ന വൈമുഖ്യം തുടരുക തന്നെയാണ്. അമിത്ഷാ-മോദി ദ്വയങ്ങള്‍ കളിക്കാനിടയുള്ള വൃത്തികെട്ട വര്‍ഗീയ രാഷ്ട്രീയത്തിന്റെ അപകടസാധ്യതകള്‍ മറ്റൊരു വെല്ലുവിളിയാണ്. ഈ ദശാസന്ധിയില്‍ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവവും മതേതര അടിത്തറയും ഭരണഘടനാ പ്രതിബദ്ധതയും വീണ്ടെടുക്കാന്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്തമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. രാജ്യം മുഴുവന്‍ വേരുകളുള്ള പാര്‍ട്ടിയെന്ന നിലയില്‍ പോരായ്മകളുണ്ടെങ്കിലും പ്രതിപക്ഷ ഐക്യത്തിന്റെ നേതൃപദവി വഹിക്കാന്‍ കെല്‍പുള്ളതും കോണ്‍ഗ്രസ്സിനു മാത്രമാണ്.
അതുകൊണ്ട് മഹത്തായ ലക്ഷ്യവും രാഷ്ട്രത്തിന്റെ നന്‍മയും കണക്കിലെടുത്ത് വിട്ടുവീഴ്ചകള്‍ക്കുള്ള വിശാല മനസ്സ് പ്രകടിപ്പിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനുണ്ടെന്ന് ആ പാര്‍ട്ടി മനസ്സിലാക്കണം. വര്‍ഗീയ ഫാഷിസത്തിന്റെ അക്രമോല്‍സുക മുന്നേറ്റത്തെ തളയ്ക്കാനുള്ള ചരിത്രദൗത്യമാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്ന തിരിച്ചറിവോടെയാവണം ഭാവി രാഷ്ട്രീയനീക്കങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss