|    Jul 18 Wed, 2018 10:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രതീക്ഷയോടെ ഇന്‍ഷ കാത്തിരിക്കുന്നു, വീണ്ടും സൂര്യോദയം കാണാന്‍

Published : 29th October 2016 | Posted By: SMR

insha-mushraq

ശ്രീനഗര്‍: ഇരുനിലകളുള്ള തന്റെ വസതിയുടെ ജാലകത്തിലൂടെ തെരുവിലെ സംഘര്‍ഷം നോക്കിനിന്ന ഇന്‍ഷാ മുഷ്ത്താഖ് എന്ന ബാലിക ഞൊടിയിടനേരംകൊണ്ടാണ് അന്ധതയിലേക്ക് വഴുതിവീണത്. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പെല്ലറ്റ് പ്രയോഗത്തിലൂടെ തന്റെ കാഴ്ച കവര്‍ന്നെടുത്ത സുരക്ഷാ സൈനികനോട് ഇന്‍ഷ ചോദിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവരിലും ആ വേദന പടര്‍ന്നുകയറും.
നഷ്ടപ്പെട്ടുപോയ കാഴ്ചശക്തി തിരികെ ലഭിക്കുമോയെന്ന അന്വേഷണവുമായി മൂന്നുമാസമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഇന്‍ഷയും കുടുംബവും. ചികില്‍സകളൊന്നും ഫലം കാണുന്നില്ലെങ്കിലും തന്റെ ജാലകത്തിലൂടെ സൂര്യോദയം വീണ്ടും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഷ.
കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പ് ഒരു ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹമെന്ന് തന്നെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് ഇന്‍ഷ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കാണിക്കാന്‍ കൊണ്ടുവന്ന ടെക്സ്റ്റ്ബുക്കുകളുടെ പേജുകള്‍ അവള്‍ മറിച്ചെങ്കിലും ഒന്നും വായിക്കാന്‍ അവള്‍ക്കാവുമായിരുന്നില്ല. ഇന്ന് ഇവയൊക്കെയും തൊട്ടറിയാമെന്ന് നിറമിഴികളോടെ ഇന്‍ഷ പറഞ്ഞു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ വധത്തിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ 89 സാധാരണക്കാര്‍ക്കാണ് ജീവഹാനി നേരിട്ടത്. പതിനായിരങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന് സൈന്യം ഉപയോഗിച്ച പെല്ലറ്റ് തോക്കുകള്‍ ആയിരങ്ങളുടെ കാഴ്ചശക്തിയാണ് കവര്‍ന്നത്. മൃഗവേട്ടയ്ക്കായി സാധാരണ ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ 2010ലാണ് കശ്മീരികള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കാന്‍ ആരംഭിച്ചത്. ബുള്ളറ്റിനേക്കാ ള്‍ പ്രഹരശക്തി കുറവാണെങ്കിലും പൊട്ടുന്നതോടെ എല്ലാ വശങ്ങളിലേക്കും ചിതറിത്തെറിക്കുന്ന ലോഹച്ചീളുകള്‍ വന്‍ പ്രഹരശേഷിയുള്ളതാണ്. കനത്ത നാശങ്ങള്‍ക്ക് കാരണമായേക്കാവുന്ന കൂര്‍ത്ത പെല്ലറ്റുകളാണ് സൈന്യം ഉപയോഗിച്ചതെന്ന് പരിക്കേറ്റവരെ ചികില്‍സിച്ച ഡോക്ടറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
കുടുംബത്തിന്റെ തീരാവേദനയായി ഇന്‍ഷ മാറിയെന്നു മാതാപിതാക്കള്‍ പരിതപിക്കുന്നു. അവള്‍ കൊല്ലപ്പെട്ടിരുെന്നങ്കില്‍ താന്‍ ഇത്ര സങ്കടപ്പെടുമായിരുന്നില്ല. കാഴ്ച നഷ്ടപ്പെട്ട അവളുടെ കണ്ണുകള്‍ കാണുമ്പോള്‍ താന്‍ വീണ്ടും വീണ്ടും മരിക്കുകയാണെന്ന് ഇന്‍ഷയുടെ പിതാവ് പറഞ്ഞു.
അതേസമയം, വേദനകളെ ക്രിയാത്മകമായി കാണാനാണ് ഇന്‍ഷ ഇഷ്ടപ്പെടുന്നത്. തന്നെ സന്ദര്‍ശിക്കുന്ന അതിഥികളെ പുഞ്ചിരിയോടെ വരവേ ല്‍ക്കുകയാണ് ഇന്‍ഷ. ബന്ധുക്കളോടൊപ്പം വീടിനു വെളിയിലേക്കിറങ്ങുമ്പോഴും അവളുടെ മുഖത്ത് ആ പുഞ്ചിരിയുണ്ടായിരുന്നു. അതേസമയം, അവള്‍ക്കും അവളെപ്പോലുള്ള അനേകായിരങ്ങള്‍ക്കും നീണ്ടതും ദുര്‍ഘടമേറിയതുമായ പാതകളാണ് തരണംചെയ്യേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss