|    Oct 18 Wed, 2017 4:55 pm
FLASH NEWS

പ്രതീക്ഷയുടെ ചിറകിലേറി തിരുവമ്പാടി വിമാനത്താവളം

Published : 8th August 2017 | Posted By: fsq

 

കോഴിക്കോട്: നിര്‍ദിഷ്ട തിരുവമ്പാടി വിമാനത്താവളത്തിന് പ്രതീക്ഷയുടെ ചിറക് മുളയ്ക്കുന്നു. വിമാനത്താവളത്തിന്റെ സാധ്യത പരിശോധിക്കാന്‍ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ക്കും എയര്‍പോര്‍ട്ട് ഡയരക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലവിലെ പ്രത്യേക സാഹചര്യം നിര്‍ദ്ദിഷ്ട തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യത വലിയതോതില്‍ വര്‍ധിപ്പിക്കുന്നുണ്ട്. സുരക്ഷിതത്വവും ഭാവിയിലെ വികസന സാധ്യതയും തിരുവമ്പാടിയില്‍ വിമാനത്താവളം വരുന്നതിന് അനുകൂലമാണ്. തിരുവമ്പാടിയില്‍ സ്ഥലം കണ്ടെത്താന്‍ വലിയപ്രയാസം ഉണ്ടാവില്ലെന്നാണ് എംഎല്‍എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ അഭിപ്രായം. കോഴിക്കോടിന്റെ സമഗ്രവികസനത്തിനും വിനോദസഞ്ചാര സാധ്യത വര്‍ധിപ്പിക്കാനും പുതിയ വിമാനത്താവളം അവസരമൊരുക്കും. മുത്തപ്പന്‍പുഴ ടൂറിസം വികസനം, കള്ളാടിമേപ്പാടി തുരങ്കപാത എന്നിവക്കൊപ്പം എയര്‍പ്പോര്‍ട്ട് കൂടിവന്നാല്‍ അത് കോഴിക്കോടിന്റെ വികസനത്തില്‍ നാഴികക്കല്ലായി മാറുമെന്ന് എംഎല്‍ എ പറഞ്ഞു. നിര്‍ദ്ദിഷ്ട തിരുവമ്പാടി വിമാനത്താവളം ആരംഭിക്കുന്നത്തിന് സാമ്പത്തിക തടസ്സങ്ങളില്ലെന്ന് മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി ചീഫ് കോ-ഓഡിനേറ്റര്‍ ഷെവലിയാര്‍ സി ഇ ചാക്കുണ്ണി പറയുന്നു. സംസ്ഥാന സര്‍ക്കാരാണ് വിമാനത്താവളവിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത്. സഹകരണമേഖലയില്‍ വേണോ, പിപിപി അടിസ്ഥാനത്തില്‍ വേണോ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളത്തിനുള്ള നയം ഉദാരമാക്കിയതോടെ കാര്യങ്ങള്‍ എളുപ്പമാണ്. നിര്‍ദിഷ്ട തിരുവമ്പാടി വിമാനത്താവളത്തിനായി സാമ്പത്തിക സഹായം നല്‍കാന്‍ നിരവധി കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും  ചാക്കുണ്ണി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവമ്പാടിയില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രദേശത്ത് അനൗദ്യോഗിക സന്ദര്‍ശനം നടത്തിയതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക