|    Oct 21 Sun, 2018 7:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതിസന്ധി രൂക്ഷമായിട്ടും കുടിശ്ശിക പിരിച്ചെടുക്കാന്‍ കെഎസ്ഇബിക്ക് വിമുഖത

Published : 17th January 2017 | Posted By: fsq

 

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്ന കെഎസ്ഇബി കുടിശ്ശികയിനത്തില്‍ കിട്ടാനുള്ള കോടികള്‍ പിരിച്ചെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി കണക്കുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത് 1996.75 കോടി രൂപയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍, ജല അതോറിറ്റി, സ്വകാര്യസ്ഥാപനങ്ങള്‍, ലൈസന്‍സികള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ മെഡിക്കല്‍ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയില്‍നിന്നാണ് കോടികള്‍ കുടിശ്ശികയിനത്തില്‍ ലഭിക്കാനുള്ളത്. ഇതില്‍ 1210.71 കോടി രൂപയുടെ കുടിശ്ശിക പിരിക്കുന്നത് സംബന്ധിച്ച് നിയമനടപടികള്‍ നേരിടുകയാണ്. ബാക്കി 786.04 കോടി രൂപയുടെ കിട്ടാക്കടത്തിന്റെ കാര്യത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാവുന്നില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് 118.93 കോടിയും  പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍നിന്ന് 440.42 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് 4.86 കോടിയും ഉള്‍പ്പെടെ 564.2 കോടിയാണ് സര്‍ക്കാര്‍ മേഖലയില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ളത്. ആഭ്യന്തരം, ആരോഗ്യം, കൃഷി, ജലസേചനം, ജയില്‍, ലോട്ടറി വകുപ്പുകളാണ് കൂടുതലായും കുടിശ്ശിക വരുത്തിയിട്ടുള്ളത്. സ്വകാര്യ കമ്പനികളില്‍നിന്ന് 219.74 കോടിയും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുമായി 2.10 കോടിയുമാണ് കുടിശ്ശികയിനത്തില്‍ ലഭിക്കാനുള്ളത്. ജല അതോറിറ്റിയുടെ 524 കോടിയുടെ കുടിശ്ശിക എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ തുക പ്രതിവര്‍ഷം 52.4 കോടി രൂപ വീതം 10 വര്‍ഷത്തെ ബജറ്റ് വിഹിതമായി വൈദ്യുതി ബോര്‍ഡിന് നല്‍കാനായിരുന്നു ഉത്തരവ്. ഇത്തരത്തില്‍ ഇതുവരെ 262 കോടി രൂപ അനുവദിച്ചതില്‍ 167.2 കോടി രൂപ കെഎസ്ഇബിക്ക് ബജറ്റ് വിഹിതമായി ലഭിച്ചിട്ടുണ്ട്. ബാക്കി തുക വരുംവര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കുടിശ്ശിക എഴുതിത്തള്ളിയ ശേഷവും ജല അതോറിറ്റി കുടിശ്ശിക വരുത്തിയിട്ടുണ്ട്. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി സര്‍ക്കാര്‍ പലതവണ യോഗം ചേര്‍ന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 37.47 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഹ്രസ്വകാല- ദീര്‍ഘകാല വായ്പയായി 16,996.38 കോടി രൂപയാണ് വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് കെഎസ്ഇബി എടുത്തിട്ടുള്ളതെന്നാണ് കണക്കുകള്‍. 2013-14ല്‍ 5,261.10 കോടിയും 2014-15ല്‍ 5,809.83 കോടിയും 2015-16ല്‍ 5,925.45 കോടിയുമാണ് ബോര്‍ഡ് വായ്പയെടുത്തത്. കടക്കെണിയില്‍പ്പെട്ടിരിക്കുന്ന കെഎസ്ഇബിയെ രക്ഷിക്കുന്നതിന് ഉപഭോക്താക്കള്‍ക്കുമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. കെഎസ്ഇബിയുടെ വരവുചെലവ് കണക്കുകളിലെ അന്തരം പരിഗണിച്ച് ഫെബ്രുവരിയോടെ നിരക്കുവര്‍ധനയ്ക്ക് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുമെന്നാണ് വിവരം. ഗാര്‍ഹിക നിരക്കുകളില്‍ യൂനിറ്റിന് 10 മുതല്‍ 50 പൈസയുടെ വരെ വര്‍ധനവിനാണ് സാധ്യതയുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss