|    Jan 24 Tue, 2017 10:52 pm
FLASH NEWS

പ്രതിസന്ധി നേരിടുന്ന ഷാവേസിന്റെ വെനിസ്വേല

Published : 28th June 2016 | Posted By: SMR

അഡ്വ. ജി സുഗുണന്‍

ലാറ്റിന്‍ അമേരിക്കയിലെ സമ്പന്നരാഷ്ട്രമാണ് വെനിസ്വേല. ഒപെക് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെട്ട വെനിസ്വേല എണ്ണ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നു. രാജ്യത്തിന്റെ മുഖ്യ വരുമാനം എണ്ണപ്പാടങ്ങളില്‍നിന്നാണ്. ഫെഡറല്‍ ഭരണഘടനയാണ് വെനിസ്വേലയില്‍ ഉള്ളത്. പ്രസിഡന്റാണ് മുഖ്യ ഭരണാധികാരി. ഇന്നും വെനിസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പേരിലാണ് അറിയപ്പെടുന്നത്. പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് 1999ല്‍ രാജ്യത്തിന് ഒരു പുതിയ ഭരണഘടന പ്രഖ്യാപിക്കുകയും ചെയ്തു. നികോളാസ് മദ്യുറോയെ പിന്‍ഗാമിയാക്കിക്കൊണ്ട് അദ്ദേഹം അര്‍ബുദത്തിനു കീഴടങ്ങി.
പൊതുവേ ഇന്ന് ലാറ്റിന്‍ അമേരിക്കയില്‍ രാഷ്ട്രീയ അസ്ഥിരത കൊടുമ്പിരികൊള്ളുകയാണ്. ബ്രസീലിനുശേഷം വെനിസ്വേലയിലാണ് ഇപ്പോള്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഏതുനിമിഷവും അട്ടിമറിക്കപ്പെട്ടേക്കാം എന്ന ഭീഷണിയിലാണ് നികോളാസ് മദ്യുറോ ഭരണ കൂടം. മദ്യുറോ ഭരണത്തില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ജനഹിത പരിശോധന വേണമെന്ന ആവശ്യമുയര്‍ന്നിട്ട് നാളുകള്‍ ഏറെയായി. വെനിസ്വേലയിലെ ദേശീയ തിരഞ്ഞെടുപ്പ് കൗണ്‍സിലില്‍ ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനങ്ങള്‍ ഒപ്പിട്ട പരാതി കഴിഞ്ഞ മാസം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പരാതിയില്‍ ഭൂരിഭാഗവും അസാധുവാണെന്നാണ് തിരഞ്ഞെടുപ്പ് കൗണ്‍സില്‍ പറയുന്നത്. ഈയൊരു കാരണത്താല്‍ ജനഹിത പരിശോധന നടത്താന്‍ ഈ വര്‍ഷം സാധിക്കില്ലെന്ന് മദ്യുറോയും പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷേ, പ്രതിപക്ഷം കൗണ്‍സിലിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞിരിക്കുകയാണ്. സര്‍ക്കാരുമായി ചേര്‍ന്ന് അവര്‍ ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യുറോയുടെ പ്രസിഡന്റ് കാലാവധി 2019 ജനുവരി വരെയാണ്. പ്രസിഡന്റ് പദത്തില്‍ രണ്ടുവര്‍ഷം പിന്നിട്ടിരിക്കുകയാണ് മദ്യുറോ. ജനഹിതപരിശോധന 2017 ജനുവരി 10ാം തിയ്യതിക്കു മുമ്പു നടത്തുകയും അതില്‍ മദ്യുറോയ്‌ക്കെതിരേ ഫലം വരുകയും ചെയ്താല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. എന്നാല്‍, 2017 ജനുവരി 10നു ശേഷമാണു നടത്തുന്നതെങ്കില്‍ മദ്യുറോയുടെ കീഴില്‍ വൈസ് പ്രസിഡന്റായി തുടരുന്ന അരിസ്റ്റോബ്യൂലോ ഇസ്റ്റൂരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാന്‍ സാധിക്കും. ഇതിലൂടെ മദ്യുറോയ്ക്ക് ഭരണത്തില്‍ സ്വാധീനം ഉറപ്പിക്കാനും കഴിയും.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം അകപ്പെട്ടിരിക്കുന്നത്. ഇതു നേരിടാനാണ് പ്രസിഡന്റ് മദ്യുറോ രാജ്യത്ത് മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തന്നെ അട്ടിമറിക്കാനുള്ള നീക്കത്തെ നേരിടാനാണ് അടിയന്തരാവസ്ഥാപ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് മദ്യുറോയുടെ അനുകൂലികള്‍ പറയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ പ്രശ്‌നം വികസന മോഡലിന്റേതാണ്.
ഹ്യൂഗോ ഷാവേസ് 1990കള്‍ മുതല്‍ നടപ്പാക്കിയ സോഷ്യലിസ്റ്റ് മോഡല്‍ വികസനം ഉയര്‍ന്ന എണ്ണവിലയെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എണ്ണവില ഇടിഞ്ഞപ്പോള്‍ കാര്യങ്ങള്‍ താളംതെറ്റി. പണപ്പെരുപ്പം രണ്ടക്കത്തില്‍ എത്തി. കടം കൂടി. അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണം മെച്ചപ്പെടുത്തി സാമ്പത്തിക പുനരുജ്ജീവനത്തിന് വഴിതേടുകയാണ് രാജ്യം ചെയ്യേണ്ടത്. അടഞ്ഞ സമൂഹമായി നിലകൊണ്ടാല്‍ സാമ്പത്തിക-സാമൂഹിക സുരക്ഷ കൂടുതല്‍ അവതാളത്തിലാവുക മാത്രമേ ചെയ്യൂ.
മദ്യുറോയും ഷാവേസും പിന്തുടര്‍ന്ന ഇടതുപക്ഷ നയങ്ങളാണ് രാജ്യത്തെ ദുരവസ്ഥയ്ക്കു കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ വാദത്തെ മദ്യുറോ തള്ളിക്കളയുകയാണ്. രാജ്യത്തെ സമ്പന്നവിഭാഗം സര്‍ക്കാരിനെതിരേ സാമ്പത്തികയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഈയൊരു സാഹചര്യമാണ് വെനിസ്വേലയുടെ മാന്ദ്യത്തിന് കാരണമായതെന്നുമാണ് മദ്യുറോ പറയുന്നത്. രാജ്യത്ത് സാമ്പത്തികാന്തരീക്ഷം മന്ദഗതിയിലാണെന്നും ഭക്ഷ്യലഭ്യത കുറഞ്ഞെന്നും നാണയമൂല്യം ശോഷിച്ചെന്നും കള്ളക്കടത്തും നീതിന്യായവ്യവസ്ഥയും തകര്‍ന്നെന്നും ആരോപിച്ചാണ് പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചത്. വൈദ്യുതി വിഹിതത്തില്‍ കുറവുവരുത്തിയതിനാല്‍ ദിവസവും പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും സര്‍ക്കാര്‍ജോലികള്‍ രണ്ടുദിവസമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 2017 വരെ നീട്ടിയേക്കുമെന്ന് പ്രസിഡന്റ് മദ്യുറോ പറഞ്ഞു. ജനജീവിതത്തെ ദുസ്സഹമാക്കുന്ന നടപടികളൊന്നും അടിയന്തരാവസ്ഥയുടെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലിനു ശേഷം വെനിസ്വേലയിലും അട്ടിമറി നടത്താനുള്ള തയ്യാറെടുപ്പിലാണ് വലതുപക്ഷം. ഇവര്‍ക്ക് അമേരിക്കയുടെ കാര്യമായ പിന്തുണയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ മൗറിഷ്യോ മാക്രിയുടെ നേതൃത്വത്തില്‍ വലതുപക്ഷം അധികാരത്തില്‍ എത്തിയതോടെയാണ് മാറ്റങ്ങള്‍ക്കു തുടക്കമിട്ടത്. സ്വതന്ത്ര വിപണിയെ പ്രോല്‍സാഹിപ്പിക്കുന്ന മാക്രി വാഷിങ്ടണുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തികൂടിയാണ്.
ലാറ്റിന്‍ അമേരിക്കയില്‍ യുഎസ് സാമ്രാജ്യത്വത്തിനെതിരായ നിലപാട് കൈക്കൊള്ളുന്ന ഒരു ഗവണ്‍മെന്റിനെയും തുടരാന്‍ അനുവദിക്കുകയില്ലെന്നുള്ളതാണ് അമേരിക്കന്‍ നിലപാട്. ബ്രസീലില്‍ പ്രസിഡന്റ് ദില്‍മാ റൂസേഫ് അധികാരത്തില്‍നിന്ന് പുറത്താവുകയും പാര്‍ലമെന്റ് വിചാരണയെ നേരിടുകയുമാണല്ലോ. കഴിഞ്ഞ വര്‍ഷമാണ് അര്‍ജന്റീനയില്‍ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ തങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരുകളെ ആകെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്റെ ഭാഗംതന്നെയാണ് വെനിസ്വേലയിലെയും സംഭവവികാസങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക