|    Apr 24 Mon, 2017 7:02 am
FLASH NEWS

പ്രതിസന്ധി തുടരുന്നു; പണമില്ലാതെ ജനം വലഞ്ഞു

Published : 14th November 2016 | Posted By: SMR

തൊടുപുഴ: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പ്രതിസന്ധി തുടരുന്നു. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിച്ചിട്ടും 100, 50 നോട്ടുകളുടെ കുറവ് പ്രതിസന്ധി രൂക്ഷമാവുകയാണ്. ജില്ലയിലെ മിക്ക സ്ഥലങ്ങളിലേയും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചില്ല. പലയിടത്തും കാഷ് ഡിപ്പോസിറ്റ് മെഷീനും (സിഡിഎം) പണിമുടക്കി. വ്യാപാര മേഖലയിലെ മാന്ദ്യം തുടരുകയാണ്. മിക്ക സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിക്കിടന്നു. സിനിമാ തിയേറ്ററുകളില്‍ അവധി ദിവസമാണെങ്കിലും തിരക്കു കുറവായിരുന്നു. തൊടുപുഴയില്‍ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ മാത്രമായിരുന്നു പണമുണ്ടായിരുന്നത്. അതിന് മുമ്പില്‍ നീണ്ട ക്യൂവുമായിരുന്നു. ഉച്ച കഴിഞ്ഞതോടെ യൂനിയന്‍ ബാങ്കിന്റെ എടിഎമ്മിലും, എസ്ബിടി ടൗണ്‍ ശാഖയുടെ കീഴിലുള്ള രണ്ട് എടിഎമ്മും പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ അവിടെയും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ആളുകള്‍ നിരന്നു. ബാങ്കുകളില്‍ നോട്ടുകള്‍ മാറുന്നതിനും, ഡിപോസിറ്റ് ചെയ്യുന്നതിനുമായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ ബാങ്കുകളും ഇതിനായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടായിരുന്നു. ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ക്കായി വെള്ളം എല്ലാ ബാങ്കുകളിലും ഒരുക്കിയിരുന്നു. ചിലയിടത്ത് ലഘു ഭക്ഷണവും നല്‍കി. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും സ്ഥിതി ഇതു തന്നെയായിരുന്നു. ചെറുതോണി യൂനിയന്‍ ബാങ്കിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ തകരാറിലാത് ജനങ്ങളെ വലച്ചു. 11 മണിവരെ കണക്ഷനുണ്ടായിരുന്നു. ഇന്റര്‍നെറ്റ് ഇല്ലാതായതോടെ ആര്‍ക്കും നോട്ട് മാറ്റാന്‍ കഴിഞ്ഞില്ല. വിനോദ സഞ്ചാര മേഖലയായ കുമളിയില്‍ പണം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ യൂനിയന്‍ ബാങ്കിനു മുമ്പില്‍ ധര്‍ണ നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ പരിഷ്‌കരണം വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day