|    Apr 23 Mon, 2018 9:08 pm
FLASH NEWS

പ്രതിസന്ധിയിലാക്കിയത് തുഗ്ലക്കിനെ തോല്‍പിക്കുന്ന പരിഷ്‌കാരം

Published : 15th November 2016 | Posted By: SMR

തൊടുപുഴ: വിനിമയത്തിലുളള 16 ലക്ഷം കോടിയുടെ നോട്ടുകളില്‍ 14 ലക്ഷം കോടിയുടെ നോട്ടുകള്‍ മുന്നൊരുക്കമില്ലാതെ പിന്‍വലിച്ചതാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തളളിവിട്ടതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് കേന്ദ്ര ഭരണാധികാരികള്‍ തുഗ്ലക്കിനെ തോല്‍പ്പിക്കുന്ന പരിഷ്‌ക്കാരമാണ് നടത്തിയത്. ബദല്‍ സംവിധാനം ഉണ്ടാകും വരെ 1000, 500 രൂപ നോട്ടുകള്‍ പുനസ്ഥാപിക്കണമെന്നും ബെഫി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അനവസരത്തില്‍ നോട്ടുകള്‍ പിന്‍വലിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ ബുദ്ധിപരമല്ലാത്ത തീരുമാനം കൈക്കൊണ്ടത്. സ്വര്‍ണമായും ഭൂമിയായും കളളപ്പണം മാറ്റിയ വമ്പന്‍ സ്രാവുകളെ ഇതൊരു തരത്തിലും ബാധിക്കില്ല. കളളപ്പണം തലയണക്കടിയില്‍ സൂക്ഷിക്കുകയും തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിടുകയും ചെയ്യുന്ന കാലം കഴിഞ്ഞു.രാജ്യത്തെ സാധാരണക്കാരനെയാണ് ഇത് വലയ്ക്കുന്നത്. പുതിയതായി രംഗത്തിറക്കിയ 2000 രൂപ നോട്ടുകളില്‍ മുമ്പുണ്ടായിരുന്നതിലും അധികമായി യാതൊരു സുരക്ഷാ സംവിധാനവുമില്ല. 14 ലക്ഷം കോടിയുടെ 500 രൂപ നോട്ടുകള്‍ വേണ്ടിടത്ത് 30 ലക്ഷം രൂപയുടെ 500 നോട്ടുകള്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോഗ ശൂന്യമായതിനാല്‍ പൊതുജനത്തില്‍ നിന്നും തിരിച്ചുവാങ്ങിയ 100 രൂപ നോട്ടുകള്‍ വീണ്ടും വിനിമയത്തിന് ഉപയോഗിക്കുകയാണ്. സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകാനുളള യാതൊരു സാധ്യതയുമില്ല. രണ്ടു ലക്ഷം എ.ടി.എമ്മുകളും 105000 ബാങ്ക് ശാഖകളുമാണ് രാജ്യത്തുളളത്. ഇവയെല്ലാം പഴയപടിയാകാന്‍ കാലങ്ങളെടുക്കും.കേന്ദ്ര സര്‍ക്കാരിന്റെ അബദ്ധങ്ങള്‍ വരുത്തിയ കെടുതികള്‍ മറച്ചുവയ്ക്കാനാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ ബെഫി സമ്മേളനം വിവാദമാക്കിയത്. സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന ബാങ്ക് ജീവനക്കാരില്‍ 400 പേര്‍ മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എസ്ബിടി-എസ്ബിഐ ലയനം  കേരളത്തിലെ എടിഎം ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കും. ഇത് കേരളത്തിന്റെ സമ്പദ് രംഗത്ത് വന്‍ പ്രത്യാഘാതമുണ്ടാക്കും. 70 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടിയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട്  23 മുതല്‍ ഒരു മാസം നീളുന്ന പ്രക്ഷോഭം സംഘടിപ്പിക്കും. തൊഴില്‍ ചൂഷണത്തിനെതിരേ 22ന് ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തേക്ക് നടത്തുന്ന ജനകീയ മാര്‍ച്ചിന് പിന്തുണ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍, കെ എസ് രവീന്ദ്രന്‍, സി ജെ നന്ദകുമാര്‍ പി സദാശിവന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss