|    Jan 20 Fri, 2017 5:10 am
FLASH NEWS

പ്രതിസന്ധികളില്‍ കാലിടറി കോണ്‍ഗ്രസ്; നേട്ടമുണ്ടാക്കാനൊരുങ്ങി ബിജെപി

Published : 25th August 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു ശേഷം ഗ്രൂപ്പ് തര്‍ക്കവും യുഡിഎഫ് തകര്‍ച്ചയുംമൂലം നിവര്‍ന്നുനില്‍ക്കാനാവാതെ കോണ്‍ഗ്രസ്സിന് കാലിടറുമ്പോള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ബിജെപി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുമ്പോള്‍, പുനസ്സംഘടന ഉള്‍െപ്പടെ കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാതെ കേന്ദ്ര-സംസ്ഥാന നേതൃത്വം മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
ബൂത്ത്തലം മുതല്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാസംവിധാനം നിര്‍ജീവമാണെന്നു തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ജില്ലാ കമ്മിറ്റികള്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. പരിഹാര നടപടികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗ്രൂപ്പ് തര്‍ക്കങ്ങളും സംസ്ഥാന നേതൃത്വത്തിലെ അനൈക്യവും തടസ്സമാവുകയായിരുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും യുഡിഎഫില്‍ നിന്നു വിട്ടുപോയി. ഇതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിംലീഗ് പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ പ്രധാനമായി ഉന്നയിച്ചതും കോണ്‍ഗ്രസ്സിലെ അനൈക്യമായിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ മൂന്നാംമുന്നണി ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിനെ തകര്‍ക്കുന്ന തരത്തിലുള്ളതാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ നിലപാടുകളെന്നു ലീഗ് കുറ്റപ്പെടുത്തി. യുഡിഎഫിനെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടതായും ലീഗ് വിമര്‍ശനം ഉന്നയിച്ചു. മാണി യുഡിഎഫ് വിട്ടുപോയ സാഹചര്യത്തില്‍ ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തിനെതിരേ ശക്തമായ താക്കീതുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും രംഗത്തെത്തി. കോണ്‍ഗ്രസ്സില്‍ തലമുറമാറ്റം വേണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം. കേരളത്തിലെ കോണ്‍ഗ്രസ്സിന് നാശം വരാന്‍ പോവുന്നുവെന്നും മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്ന അടിത്തറ ഇന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. സംഘപരിവാരം കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ അടര്‍ത്തിയെടുക്കുന്നതായും ജാഗ്രതവേണമെന്നും ആന്റണി സംസ്ഥാന നേതൃത്വത്തെ ബോധിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം പാഠമാക്കാതെ യുഡിഎഫ് കൂടുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്നതിനിടെ അതു നേട്ടമാക്കി തങ്ങളുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ബിജെപി രൂപംനല്‍കി ക്കഴിഞ്ഞു. യുഡിഎഫ് വിട്ടുവന്നവര്‍ക്ക് എന്‍ഡിഎയുടെ വാതില്‍ തുറന്നുകിടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. മാത്രമല്ല, അടിത്തറ ശക്തിപ്പെടുത്തി കേരളത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സംഘടനാ കാര്യങ്ങളിലും ദേശീയ പ്രസിഡന്റ് അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കും. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെ സമ്മേളനത്തില്‍ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി കേരളത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായതായും അടുത്തമാസം കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞത്. എല്ലാ മാസവും സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനപുരോഗതി റിപോര്‍ട്ട് ദേശീയ അധ്യക്ഷനു സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ബിജെപിക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും പരാജയപ്പെടുകയാണ്. ബിജെപിയുടെ വര്‍ഗീയ നീക്കങ്ങള്‍ പോലും രാഷ്ട്രീയ ആയുധമാക്കാന്‍ ഇരുമുന്നണികള്‍ക്കും കഴിയുന്നില്ല. ഇക്കഴിഞ്ഞ 20ന് സംഘപരിവാര സംഘടനകള്‍ തിരുവനന്തപുരത്തെ ഒരു മുസ്‌ലിം പള്ളിയിലേക്കും മഞ്ചേരിയിലെ മതപഠന സ്ഥാപനത്തിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടും സിപിഎമ്മും കോണ്‍ഗ്രസ്സും മൗനം പാലിച്ചത് ഇതിനുദാഹരണമാണ്. മാത്രമല്ല, ബിജെപി ശക്തിയാര്‍ജിച്ച നേമം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായതായും വിലയിരുത്തലുണ്ടായിട്ടുണ്ട്.
നേമത്ത് ബിജെപി അക്കൗണ്ട് തുറന്നതില്‍ സിപിഎമ്മിനും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണു പാര്‍ട്ടിയുടെ പുതിയ കണ്ടെത്തല്‍. കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് ബിജെപിക്ക് വിജയിക്കാനായതെന്നായിരുന്നു ഇതുവരേ സിപിഎമ്മിന്റെ വിശദീകരണം. തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് സിപിഎം കീഴ്ഘടകങ്ങളില്‍ നടത്തിയ പഠനങ്ങളിലാണു തങ്ങളുടെ സംഘടനാ ദൗര്‍ബല്യവും ബിജെപിക്ക് ഗുണംചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക