|    Feb 20 Mon, 2017 11:37 pm
FLASH NEWS

പ്രതിഷേധിക്കുന്നവരെ കേസുകളില്‍ കുടുക്കാന്‍ രഹസ്യനീക്കം

Published : 30th November 2016 | Posted By: SMR

padam-1-blur

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മാവോവാദികളെ വെടിവച്ചുകൊന്ന പോലിസ് നടപടിക്കെതിരേ പരസ്യമായും രഹസ്യമായും പ്രതിഷേധിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കി നിശ്ശബ്ദരാക്കാന്‍ സര്‍ക്കാര്‍ നീക്കം. പോസ്റ്ററൊട്ടിച്ച കേസില്‍ സിപിഐ എംഎല്‍ നേതാവ് മുണ്ടൂര്‍ രാവുണ്ണിക്കെതിരേ യുഎപിഎ ചുമത്തിയത് ഈ ശ്രമത്തിന്റെ ആദ്യപടിയാണ്.
മാവോവാദികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെയെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള കേസുകളില്‍ പ്രതികളാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.  പ്രതിഷേധ സമരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഓരോരുത്തരുടെയും വിശദ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്.
ഡിജിപിയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഇതിനായി നിലമ്പൂരിലെ മാവോവാദി വധത്തിന് ശേഷം രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നതായി അറിയുന്നു. പോലിസിന്റെ ആത്മവീര്യം കെടുത്തുന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ഏതു വിധേനയും ഒതുക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദവുമുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉണ്ടായ സംഭവങ്ങള്‍ പോലിസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നിലമ്പൂരില്‍ നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നും കീഴടങ്ങാന്‍ തയ്യാറായിരുന്ന രോഗികളായ കുപ്പു ദേവരാജിനെയും അജിതയെയും പോലിസ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും പൊതുസമൂഹം വിശ്വസിക്കുന്നു. ഇതിനു തടയിടണമെങ്കില്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ നിയമ നടപടികളില്‍ കുരുക്കിയിടണമെന്നാണു വിദഗ്‌ധോപദേശം.
കോഴിക്കോട് സംഭവത്തില്‍ പ്രതിഷേധിച്ചവരുടെ വീടുകളില്‍ രഹസ്യാന്വേഷണ വിഭാഗം നേരിട്ട് എത്തിയതായി വിവരമുണ്ട്. മക്കളെ പിന്തിരിപ്പിച്ചില്ലെങ്കില്‍ ജയിലില്‍ പോയി കാണേണ്ടി വരുമെന്നാണ് മാതാപിതാക്കളോട് പറഞ്ഞത്. യുഎപിഎ ചുമത്തുമെന്ന ഭീഷണിയും വിവിധ ഏജന്‍സികളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെ ഉയരുന്നുണ്ട്. നേതാക്കള്‍ക്കെതിരേ നടപടി വരുന്നതോടെ അണികള്‍ പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ആഭ്യന്തര വകുപ്പ് കരുതുന്നത്. പിണറായി അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് പോലിസ് രാജാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മൂന്നു മാസത്തിനകം ആറ് കസ്റ്റഡി മരണങ്ങള്‍ സംസ്ഥാനത്തുണ്ടായത് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 666 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക