|    Jul 18 Wed, 2018 6:56 am
FLASH NEWS

പ്രതിഷേധവുമായി മല്‍സ്യത്തൊഴിലാളികള്‍; റോഡും കലക്ടറേറ്റും ഉപരോധിച്ചു

Published : 2nd December 2017 | Posted By: kasim kzm

കൊല്ലം: ജോനകപ്പുറത്ത് മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങി. മൂതാക്കരയില്‍ നിന്ന് രണ്ട് വള്ളങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോയ എട്ടുപേരെ കണ്ടെത്താന്‍ കാര്യമായ അന്വേഷണം നടക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ കണ്ടെത്താന്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമായിട്ടും മന്ത്രിയും സ്ഥലം എംഎല്‍എയും മറ്റ് ജനപ്രതിനിധികളും പ്രദേശത്ത് എത്താത്തതിലും തൊഴിലാളികള്‍ പ്രതിഷേധിച്ചു.
ഇതേ ആവശ്യമുന്നയിച്ച് വൈകുന്നേരത്തോടെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ജില്ലാ കലക്ടറേറ്റ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആള്‍ക്കാര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്ത് ദേശീയപാതയും ഉപരോധിച്ചു.
അതേസമയം കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ മറൈന്‍ എന്‍ഫോഴ്‌മെന്റിന്റേതടക്കം മൂന്ന് ബോട്ടുകള്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ശക്തികുളങ്ങരയില്‍ നിന്ന് മല്‍സ്യത്തൊഴിലാളികളുടെ ബോട്ടും ഉണ്ട്. കടല്‍ക്ഷോഭവും കാറ്റും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അതേസമയം കടലില്‍ അകപ്പെട്ട മുപ്പതോളം മല്‍സ്യത്തൊഴിലാളികളെ രക്ഷിച്ച് കൊല്ലം തീരത്ത് എത്തിച്ചു. ഇവരെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ഇവരെ പിന്നീട് പള്ളിത്തോട്ടം പോലിസ് ഇടപെട്ട് സ്വദേശങ്ങളിലേയ്ക്ക് അയച്ചു. വൈകുന്നേരത്തോടെ ജോനകപ്പുറത്ത് എത്തിച്ച മല്‍സ്യത്തൊഴിലാളികളായ ക്രിസ്തുദാസ്, ആന്റണി എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മാര്‍ത്താണ്ഡം  തുറയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയവരാണ്.  കൊല്ലത്ത് നിന്ന് തിരച്ചിലിന് പോയ ബോട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss