|    Jun 25 Mon, 2018 7:10 pm
FLASH NEWS

പ്രതിഷേധത്തിനിടയില്‍ ഗെയില്‍ സര്‍വേ നടത്തി

Published : 11th January 2017 | Posted By: fsq

 

താമരശ്ശേരി: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി വന്‍ പോലീസ് സന്നാഹത്തോടെ ചാലക്കരയില്‍ ഗെയില്‍ വാതകപൈപ്പലൈന്‍ സര്‍വ്വേ നടത്തി.രാവിലെ 11 മണിയോടെ സര്‍വ്വേ സംഘം താമരശ്ശേരിതഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെയും  ഡിവൈഎസ്പി സുദര്‍ശന്റെയും നേതൃത്വത്തിലാണ് സംഘം സര്‍വ്വേക്ക് എത്തിയത്. സര്‍വ്വെ ഉദ്യോഗസ്ഥരെ തങ്ങളുടെ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി നൂറോളം വരുന്ന ഗെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കളായ എ അരവിന്ദന്‍, സി മുഹസിന്‍,ലീഗ് നേതാവ് അയ്യൂബ് ഖാന്‍,ബി.ജെ.പി നേതാവ് ശശി എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തേക്കുള്ള വഴിയില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു. ഉദ്യോഗസ്ഥരും സമരക്കാരും  ഏറെ നേരം വാക്കേറ്റം നടന്നു.ഇതിനിടയില്‍ പോലീസ് അരവിന്ദനെയും മുഹ്‌സിന്‍,അയ്യൂബ് ഖാന്‍ എന്നിവരെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു. ഇതോടെ സര്‍വ്വേക്കുള്ള സ്ഥലത്തേക്കുള്ള റോഡില്‍ കരിങ്കല്ലും മറ്റും ഉപയോഗിച്ചു കെട്ടിപ്പൊക്കിയ മതിലിനു സമരക്കാര്‍ മണ്ണെണ്ണ ഉപയോഗിച്ചു തീയിട്ടു. സ്ഥലത്തുണ്ടായിരുന്ന അഗ്നി ശമന സേന തീ അണച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞ മറ്റു സമരക്കാരെയും അറസ്റ്റ് ചെയ്തു.എട്ട് സ്ത്രീകളടക്കം 34 പേരെ പോലീസ് അറസ്റ്റ് ചെയ്തു സ്‌റ്റേഷനിലെത്തിച്ചു.തുടര്‍ന്നു  ഉദ്യോഗസ്ഥര്‍ പോലീസ് കാവലോടെ ഒരുകിലോമീറ്ററോളം ദൂരം സര്‍വ്വെ നടത്തി.ഇന്നും സര്‍വ്വെ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടയില്‍ പ്രദേശവാസി രോഗിയായ വൃദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു. ചാലക്കര വട്ടത്തു മണ്ണില്‍ മുഹമ്മദ്(65) ആണ് കുഴഞ്ഞുവീണു മരിച്ചത്. നിരവധി തവണ സര്‍വ്വെക്കെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.ഇതുമൂലം സര്‍വ്വെ നടപടികളുമായി മുന്നോട്ടു പോവാന്‍ അധികൃതര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നു സമരസസമിതി നേതാക്കളായ പതിനൊന്നു പേര്‍ക്കെതിരെ കോടതി കേസ് എടുത്തു ജാമ്യം നല്‍കി.ഇന്നലെ ജല പീരങ്കിയും അഗ്നി ശമന വിഭാഗവും അടക്കം സര്‍വ്വ വിധ സജ്ഞീകരണങ്ങളുമായാണ് പോലീസ് സംഘം എത്തിയത്. നേതാക്കന്മാരില്‍ പലരും രംഗത്തില്ലാത്തത് സമരത്തിന്റെ വീര്യം നഷ്ടപ്പെടാന്‍ കാരണമായതായി ആക്ഷേപം ഉയരുന്നു.സമരക്കാര്‍ കുറഞ്ഞതും ഏറെ ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമാവുകയും ചെയ്തു.ബദല്‍ സ്ഥലം ഒരുക്കാമെന്ന നിര്‍ദേശവും നടപ്പാക്കാനവാത്തതും സമരത്തിന്റെ ഉദ്ദേശ ശുദ്ദിയെതന്നെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.വൈകുന്നേരം അഞ്ചുമണിയോടെ സമരക്കാരെ സ്‌റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ വിട്ടു. ജാമ്യത്തില്‍ വിട്ട സമരക്കാരെ ആനയിച്ചു താമരശ്ശേരിയില്‍  പ്രകടനം നടത്തി.പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു താമരശ്ശേരിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ അഞ്ചുവരെ ഹര്‍ത്താല്‍ ആചരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss