|    Jun 22 Fri, 2018 11:20 am
FLASH NEWS

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; സ്‌കോള്‍ കേരള മലബാര്‍ മേഖലാ കേന്ദ്രം മാറ്റില്ലെന്ന് എക്‌സി. ഡയറക്ടറുടെ ഉറപ്പ്

Published : 9th October 2016 | Posted By: SMR

മലപ്പുറം: സ്‌കോള്‍ കേരള (ഓപണ്‍ സ്‌കൂള്‍) മലബാര്‍ മേഖലാ കേന്ദ്രം അടച്ചുപൂട്ടില്ലെന്ന് എക്‌സി. ഡയറക്ടറുടെ ഉറപ്പ്. ഒഴിവുള്ള റീജ്യനല്‍ ഡയക്ടര്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും സ്‌കോള്‍ കേരള എക്‌സി. ഡയറക്ടര്‍ ഡോ. കെ എം ഖലീല്‍ ഉറപ്പുനല്‍കി.
ഇന്നലെ വൈകീട്ടോടെ മലപ്പുറം റസ്റ്റ്ഹൗസില്‍ പി ഉബൈദുല്ല എംഎല്‍എയുടെ അധ്യക്ഷതയില്‍ വിദ്യാര്‍ഥി യുവജന സംഘടനകളുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഡയറക്ടര്‍ ഉറപ്പുന ല്‍കിയത്. ഓപണ്‍ സ്‌കൂള്‍ മലബാര്‍ മേഖലാ കേന്ദ്രം അടച്ചുപൂട്ടുന്നതിന്റെ ആദ്യപടിയെന്നോണം കേന്ദ്രം വഴി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് അപേക്ഷിച്ചവരുടെ രേഖകള്‍ തിരുവനന്തപുരം ആസ്ഥാന കേന്ദ്രത്തിലേയ്ക്കു മാറ്റാന്‍ കഴിഞ്ഞ ദിവസം ഉത്തരവു ലഭിച്ചിരുന്നു. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകീട്ടോടെ അപേക്ഷകള്‍ തിരുവനന്തപുരത്തെത്തിക്കുന്നതിനായി കെട്ടി അടുക്കിവച്ചിരുന്നു. എന്നാല്‍, മലബാര്‍ മേഖലാ കേന്ദ്രം അടച്ചുപൂട്ടുന്നതിന്റെ തുടക്കമെന്ന നിലയിലാണ് അപേക്ഷകള്‍ തിരുവനന്തപുരത്തേയ്ക്കു മാറ്റുന്നതെന്ന ആരോപണം ഉയര്‍ന്നതോടെ പ്രതിഷേധവുമായി യുവജന വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോവാന്‍ വച്ചിരുന്ന അപേക്ഷകള്‍ കൊണ്ടുപോവാനായില്ല. ഇന്നലെ പുലര്‍ച്ചെ വരേ അപേക്ഷകള്‍ കൊണ്ടുപോവുന്നത് തടയാനായി എംഎസ്എഫ്, കെഎസ്‌യു, യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി മേഖലാ കേന്ദ്രത്തിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി  തിരുവനന്തപുരത്തുനിന്ന് സ്‌കോള്‍ കേരള എക്‌സി.ഡയറക്ടര്‍ നേരിട്ടെത്തി. ഇതേ തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ റസ്റ്റ് ഹൗസില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മലപ്പുറത്തെ മലബാര്‍ മേഖലാ കേന്ദ്രം ഒരു കാരണവശാലും പൂട്ടില്ലെന്നും റീജ്യനല്‍ ഡയറക്ടറെ അടിയന്തരമായി നിയമിക്കുമെന്നും ഉറപ്പുനല്‍കി. ജീവനക്കാരുടെ കുറവു കാരണം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഓപണ്‍ സ്‌കൂള്‍ വഴി രജിസ്റ്റര്‍ ചെയ്തവരുടെ വിശദവിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന നിര്‍ദേശമുള്ളതിനാല്‍ എന്‍ട്രി പൂര്‍ത്തിയാക്കാനാണ് അപേക്ഷകള്‍ തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോവുന്നതെന്ന് എക്‌സി.ഡയറക്ടര്‍ പറഞ്ഞു. അപേക്ഷകളുടെ എന്‍ട്രി പൂര്‍ത്തിയായാല്‍ ഉടനെ മലപ്പുറം കേന്ദ്രത്തിലെത്തിക്കുമെന്നും അടുത്തവര്‍ഷം മുതല്‍ മലപ്പുറം കേന്ദ്രത്തില്‍ തന്നെ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ അപേക്ഷകളാണ് തിരുവനന്തപുരത്തേയ്ക്കു മാറ്റാന്‍ തീരുമാനമുണ്ടായിരുന്നത്. ചര്‍ച്ചയുടെ ഭാഗമായി ഈ അപേക്ഷകള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോവുകയും ചെയ്തു.
25,813 കുട്ടികളാണ് ഓപണ്‍ സ്‌കൂള്‍ മലബാര്‍ കേന്ദ്രം വഴി ജില്ലയില്‍നിന്നു അപേക്ഷിച്ചിരുന്നത്. അടുത്ത 26നു മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്താലാണ് അപേക്ഷകള്‍ തിരുവനന്തപുരത്തെത്തിക്കാന്‍ മേഖലാ കേന്ദ്രത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇ- മെയില്‍ വഴി അറിയിപ്പു ലഭിച്ചത്. ജീവനക്കാരുടെ കുറവും കംപ്യൂട്ടറുകള്‍ പണിമുടക്കിയതുമാണ് ഇവിടെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നേരിട്ട് പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ തന്നെ എക്‌സി. ഡയറക്ടറെ മലപ്പുറത്തേയ്ക്ക് അയച്ചത്.
കഴിഞ്ഞ നാലുമാസത്തോളമായി കേന്ദ്രത്തിലെ കോ-ഓഡിനേറ്റര്‍ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഓപണ്‍ സ്‌കൂള്‍ പ്രവേശനം നടക്കുന്ന സമയത്തുപോലും കോ-ഓഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞുകിടന്നത് അപേക്ഷകളില്‍ പരിശോധന നടത്തുന്നത് പ്രതിസന്ധിയിലാക്കി. ചര്‍ച്ചയില്‍ യൂത്ത്‌ലീഗ് ജില്ലാ ജന. സെക്രട്ടറി മുജീബ് കാടേരി, പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പി പി ഹാരിസ്, റിയാസ് പുല്‍പറ്റ, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss