|    Jan 25 Wed, 2017 3:11 am
FLASH NEWS

പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്‌നാടിന് കര്‍ണാടക വെള്ളം വിട്ടുനല്‍കി

Published : 7th September 2016 | Posted By: mi.ptk

karnataka

ബംഗളൂരു: കാവേരി നദിയിലെ വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക ഇന്നലെ അര്‍ധരാത്രിയോടെ 15,000 ഘനയടി വെള്ളം വിട്ടുനല്‍കി. തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സാധിക്കാത്തതിനാലാണ് സര്‍ക്കാര്‍ വെള്ളം വിട്ട് നല്‍കാന്‍ നിര്‍ബന്ധിതരായത്. കൃഷ്ണസാഗര്‍ ഡാമില്‍ നിന്ന് 11,000 ഘന അടി വെള്ളവും കബനീ നദിയില്‍ നിന്ന് 4,000 അടി വെള്ളവുമാണ് നല്‍കിയത്. എന്നാല്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. പത്ത് ദിവസത്തേക്ക് 15,000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ട് നല്‍കണമെന്നാണ് കോടതി വിധി.
അതേസമയം, പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളോട് സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നും പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്. രാവിലെ പ്രതിഷേധക്കാര്‍ ബംഗളൂരു റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം മാണ്ഡ്യ ജില്ലയില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു.
കാവേരി നദിയില്‍ നിന്നും വെള്ളം വിട്ട് നല്‍കുന്നതില്‍ ആശങ്കയുണ്ടെങ്കിലും സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാണെന്ന് കഴിഞ്ഞദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക