|    Jan 20 Fri, 2017 11:29 am
FLASH NEWS

പ്രതിഷേധക്കാര്‍ക്ക് നേരെ ലോഹഉണ്ട പ്രയോഗം തടയും: രാജ്‌നാഥ് സിങ്

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലോഹഉണ്ട പോലുള്ള മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതു കര്‍ശനമായി തടയുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ലോഹഉണ്ട ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും കാഴ്ച വൈകല്യം ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റവരെയും ഓര്‍ത്തു ഖേദിക്കുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ലോഹഉണ്ടകള്‍ക്കു പകരം മറ്റു ഉപാധികള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ഈ കമ്മിറ്റി രണ്ടു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോഹഉണ്ടആക്രണത്തില്‍ കശ്മീരില്‍ ഒരാള്‍ മരിക്കുകയും 53 പേര്‍ക്ക് കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍, മാരകായുധങ്ങളുടെ പട്ടികയില്‍ പെടാത്ത ലോഹഉണ്ടകള്‍ ആദ്യമായല്ല കശ്മീരില്‍ പ്രയോഗിക്കുന്നതെന്നും മന്ത്രി ന്യായീകരിച്ചു. 2010ല്‍ പെല്ലറ്റ് ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 98 പേര്‍ക്കു കണ്ണിനു പരിക്കേല്‍ക്കുകയും അഞ്ചു പേര്‍ക്കു പൂര്‍ണമായും കാഴ്ച നഷ്ടപ്പെടുകയും ചെയ്തുവെന്നാണ് മന്ത്രി പറഞ്ഞത്.
കശ്മീരിലെ യുവാക്കള്‍ വലിയ രാജ്യസ്‌നേഹികളാണ്. അവരെ വഴിതെറ്റിച്ച് ഇന്ത്യക്കെതിരായി അടിസ്ഥാനരഹിതമായ വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. താഴ്‌വരയില്‍ അസ്വസ്ഥതകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താനും നടത്തുന്നു.
ഉടന്‍തന്നെ സ്ഥിതിഗതികള്‍ ശാന്തമാവും. സര്‍ക്കാരിന് മാത്രമായി തനിച്ചൊന്നും ചെയ്യാന്‍ കഴിയില്ല. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
ഭീകരപ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക് ശ്രമം. ഇന്ത്യയില്‍ ഭീകരവാദം ഉണ്ടെങ്കില്‍ അതു പാകിസ്താന്‍ കാരണമാണ്. മതത്തിന്റെ പേരില്‍ കശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് അയല്‍രാജ്യത്തിന്റേത്. മതത്തിന്റെ പേരിലാണ് പാകിസ്താന്‍ ഇന്ത്യയില്‍നിന്നു വിട്ടുപോയത്. എന്നാല്‍, ഇന്ന് ഭീകരപ്രവര്‍ത്തനത്താല്‍ അവര്‍ രണ്ട് ഭാഗങ്ങളായി. ദിവസവും അവര്‍ അതിനെതിരേ പോരാടുന്നുണ്ട്. അവരുടെ തെറ്റായ താല്‍പര്യങ്ങളെന്താണോ അതു വിജയിക്കില്ല. ഇന്ത്യയില്‍ ഭീകരന്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താന്‍ കരിദിനം ആചരിക്കുകയാണ്. കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്നു വിളിച്ച പാക് നടപടി ദുഃഖകരമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.—
കശ്മീരില്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ എല്ലാവരും ദുഃഖിക്കുന്നു. എന്നാല്‍, സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നത് അംഗീകരിക്കാനാവില്ല. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡന്‍ ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കശ്മീരില്‍ അസ്വസ്ഥതയുണ്ടായത്. വാനി ഭീകരനായിരുന്നുവെന്നും സോഷ്യല്‍ മീഡിയകളിലൂടെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു.
കശ്മീരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രി മോദി ആഫ്രിക്കയില്‍ വിനോദയാത്രയിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു പ്രധാനമന്ത്രി താനുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് രാജ്‌നാഥ് മറുപടി പറഞ്ഞത്.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക