|    Apr 21 Sat, 2018 7:39 am
FLASH NEWS

പ്രതിഷേധം ഫലിച്ചു; കിഴുത്തള്ളി ജങ്ഷനില്‍ ഗതാഗത പരിഷ്‌കാരം

Published : 22nd January 2016 | Posted By: SMR

കണ്ണൂര്‍: വാഹനാപകടവും ദുരന്തങ്ങളും ആവര്‍ത്തിക്കുന്ന കിഴുത്തള്ളി ജങ്ഷനില്‍ ഗതാഗത സംവിധാനം പരിഷ്‌കരിക്കാന്‍ ധാരണ. ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ അധ്യക്ഷക്തയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മധ്യവയസ്‌കന്‍ മരണപ്പെട്ടതോടെ പ്രതിഷേധിച്ച നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചിരുന്നു.
പ്രതിഷേധഫലമായാണു ചര്‍ച്ചയ്ക്ക് അധികൃതര്‍ തയ്യാറായത്. ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഇവിടുത്തെ കാടുമൂടിക്കിടക്കുന്ന റോഡ് പരിസരം വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് നടപ്പാത ഒരുക്കാനും താല്‍ക്കാലികമായി ബാരിക്കേഡ് വച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും തീരുമാനിച്ചു. കിഴുത്തള്ളിയില്‍ ഉടനെയും സ്ഥിരമായും നടപ്പാക്കേണ്ട ഗതാഗത സംവിധാനമാണ് യോഗം ചര്‍ച്ച ചെയ്തത്.
നേരത്തേ ഇവിടെയുണ്ടായിരുന്ന ബൈപാസ് മുഴുവന്‍ കാടു മൂടിക്കിടക്കുന്നതിനാല്‍ ഇത് വൃത്തിയാക്കി പുതിയ ബൈപാസ് റോഡുമായി കൂട്ടിച്ചേര്‍ക്കും. പിഡബ്ല്യുഡിയും കണ്ണൂര്‍ കോര്‍പറേഷനും സംയുക്തമായി ഇക്കാര്യം നിര്‍വഹിക്കും. ഒരാഴ്ചക്കുള്ളില്‍ രണ്ടുപേരാണ് ഇവിടെ വാഹനാപകടത്തില്‍ മരണപ്പെട്ടത്.
ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് കലക്ടര്‍ മറുപടി നല്‍കി. ഹൈമാസ്റ്റ് ലൈറ്റ്, സിസിടിവി കാമറ തുടങ്ങിയ സംവിധാനങ്ങളും നടപ്പാക്കും. ബൈപാസില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നടപടിയുണ്ടാവും.
വാഹനങ്ങള്‍ വിദൂരതയില്‍ നിന്ന് കാണാവുന്ന വിധത്തിലുളള റോഡ് സംവിധാനമാണ് ഒരുക്കുക. അപകടമേഖല എന്ന ബോര്‍ഡും സ്ഥാപിക്കും. യോഗത്തില്‍ എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, മേയര്‍ ഇ പി ലത, ഡെപ്യൂട്ടി മേയര്‍ സി സമീര്‍, കൗണ്‍സിലര്‍മാരായ അഡ്വ. ടി ഒ മോഹനന്‍, എസ് ഷഹീദ, സുധീര്‍ പൂച്ചാലി, പിഡബ്ല്യുഡി, പോലിസ് പ്രതിനിധികള്‍ സംബന്ധിച്ചു.
ഗണിത സഹവാസ ക്യാംപ് തുടങ്ങി
കണ്ണപുരം: ശാസ്ത്ര ഗണിതശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് താല്‍പര്യം വര്‍ധിപ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കളിക്കണക്ക് ദിദ്വിന ഗണിതസഹവാസ ക്യാംപ് കണ്ണപുരം ഈസ്റ്റ് യുപി സ്‌കൂളില്‍ തുടങ്ങി.
ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് കെ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ബിആര്‍സി കോഓഡിനേറ്റര്‍ എന്‍ നിഷ പദ്ധതി വിശദീകരിച്ചു. എം വി നിഷി, സി ഗീതാകുമാരി, കെ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട കളികളിലും പരീക്ഷണങ്ങളിലും ഏര്‍പ്പെട്ട് നിഗമനങ്ങളിലെത്താനും ഗവേഷണങ്ങള്‍ നടത്താനുമുള്ള അവസരം കുട്ടികള്‍ക്ക് നല്‍കുകയാണ് ക്യാംപിന്റെ ലക്ഷ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss