|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതിഷേധം ഫലംകണ്ടു; മുസ്‌ലിംകളോട് മാപ്പുപറഞ്ഞ് മേമുണ്ട സ്‌കൂള്‍

Published : 30th November 2018 | Posted By: kasim kzm

പി സി അബ്ദുല്ല

വടകര: കിതാബ് എന്ന വിവാദ നാടകത്തിനെതിരായ പ്രതിഷേധങ്ങള്‍ ഒടുവില്‍ ലക്ഷ്യംകണ്ടു. ഇസ്‌ലാമിനെ അവഹേളിച്ച് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ നാടകം അവതരിപ്പിച്ച മേമുണ്ട സ്‌കൂള്‍ ഒടുവില്‍ ക്ഷമാപണവുമായി രംഗത്തെത്തി. ജില്ലാ കലോല്‍സവത്തില്‍ ഒന്നാംസ്ഥാനം നേടിയ നാടകം തുടര്‍ന്ന് അവതരിപ്പിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നാടകം വിവാദമായതോടെ കഥാകൃത്ത് ആര്‍ ഉണ്ണിയോട് സ്‌കൂള്‍ മേധാവികള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. കഥാകൃത്തിനോട് ക്ഷമപറഞ്ഞിട്ടും മുസ്‌ലിംകളിലുയര്‍ന്ന പ്രതിഷേധം പരിഗണിക്കാന്‍ മേമുണ്ട സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. ഇക്കാര്യം ബുധനാഴ്ച തേജസ് റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നാടകം തുടര്‍ന്ന് അവതരിപ്പിക്കില്ലെന്ന് പ്രിന്‍സിപ്പലും പ്രധാനാധ്യാപകനും അറിയിച്ചത്.
വാര്‍ത്താക്കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍: ഹൈസ്‌കൂള്‍ മലയാള നാടക മല്‍സരത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകം ഒന്നാംസ്ഥാനം കരസ്ഥമാക്കുകയുണ്ടായി. സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അംഗീകാരം ലഭിച്ചതിനു ശേഷമാണ് നാടകത്തെക്കുറിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു വിഭാഗത്തെ മോശമായി അവതരിപ്പിക്കാനാണ് നാടകം ശ്രമിച്ചതെന്ന വിമര്‍ശനം വന്ന ഉടനെ തന്നെ, ഈ നാടകവുമായി ബന്ധപ്പെട്ടവരും സ്‌കൂള്‍ അധികൃതരും ചര്‍ച്ചയും വിശകലനവും നടത്തുകയുണ്ടായി. നാടകാവതരണത്തില്‍ വന്ന ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എന്നാല്‍ ഇതു മനപ്പൂര്‍വം സംഭവിച്ചതല്ല എന്നും വിലയിരുത്തി.
ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പൊതുബോധം എക്കാലത്തും നിലനിര്‍ത്തി വന്നിട്ടുള്ള ഈ വിദ്യാലയം തുടര്‍ന്നും അത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു.
ആരെയെങ്കിലും വേദനിപ്പിച്ചോ, മനസ്സില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാപ്രവര്‍ത്തനവും നടത്താന്‍ ഇന്നേവരെ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ല. ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുവിദ്യാലയ അന്തരീക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സ്ഥാപനത്തിന് ഒട്ടും താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ചുകൊണ്ട് കിത്താബ് എന്ന നാടകം തുടര്‍ന്നവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss