|    Mar 27 Mon, 2017 4:26 am
FLASH NEWS

പ്രതിഷേധം അവഗണിച്ച് പൂച്ചാക്കലില്‍ ബാര്‍ ഹോട്ടല്‍ അനുവദിക്കാന്‍ വീണ്ടും നീക്കം

Published : 6th September 2016 | Posted By: SMR

പൂച്ചാക്കല്‍: പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും പൂച്ചാക്കലില്‍ ബാര്‍ ഹോട്ടല്‍ അനുവദിക്കാന്‍ വീണ്ടും നീക്കം. എല്‍ഡിഎഫ് ഭരണം നടത്തുന്ന പാണാവള്ളി പഞ്ചായത്ത് ഭരണസമിതിയാണ് കോടതി വിധിയുടെ മറവില്‍ പൂച്ചാക്കല്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന തച്ചാപറമ്പ് റസിഡന്‍സിക്ക് എന്‍ഒസി അനുവദിക്കാന്‍ ഒരുങ്ങുന്നത്.
ഭരണസമിതിയുടെ തുടക്കത്തിലും ബാറിന് ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ ശ്രമം നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ബാര്‍ ഉടമയുടെ അപേക്ഷ പരിഗണിക്കുന്നത് ഭരണസമിതി മാറ്റിവയ്ക്കുകയായിരുന്നു. അപേക്ഷ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കോടതിയെ സമീപിച്ചിരുന്നു. പഞ്ചായത്ത് നിലപാട് അറിയിക്കണമെന്ന കോടതി ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ എന്‍ഒസി അനുവദിക്കാന്‍ നീക്കം നടക്കുന്നത്.
പൂച്ചാക്കല്‍ ടൗണിലാണ് ബാര്‍ നടത്താനുള്ള സൗകര്യത്തോടെ നിര്‍മിച്ച ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ വിവാദം ഉണ്ടായതോടെ ബാര്‍ തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാതിരുന്നതാണ് ഈ സ്ഥാപനം. ത്രീസ്റ്റാര്‍ സൗകര്യത്തോടെയാണ് ഈ ഹോട്ടല്‍ ആദ്യം നിര്‍മിച്ചത്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലേ ബാറിന് ലൈസന്‍സ് നേടാനാകൂ എന്ന് വന്നതോടെ ഫൈവ് സ്റ്റാര്‍ സൗകര്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. പ്രദേശത്തെ മദ്യമാഫിയയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
കഴിഞ്ഞ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഈ സ്ഥാപനത്തിന് എന്‍ഒസി നല്‍കേണ്ടെന്ന തീരുമാനമാണ് കൈക്കെകാണ്ടത്. യു ഡി എഫ് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി എന്‍ഒസിക്ക് അനുകൂല തീരുമാനം എടുത്തെങ്കിലും അന്നത്തെ പ്രസിഡന്റും സ്ഥിരം സമിതി ചെയര്‍മാനും കെപിസിസി പ്രസിഡന്റിനെ സമീപിച്ച് അനുകൂല നടപടി നേടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അപേക്ഷ നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു അന്ന് അപേക്ഷ മാറ്റിവച്ചത്. അടുത്തിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും എല്‍ഡിഎഫിന് അനുകൂലമായതോടെ എന്‍ഒസിക്കുള്ള അപേക്ഷ പരിഗണിക്കാനുള്ള നീക്കങ്ങള്‍ നടത്തിയപ്പോള്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവിധ സംഘടനകളും മദ്യനിരോധസമിതിയും പ്രതിഷേധവുമായി രംഗത്തെത്തി.
സിപിഎം ഏരിയാ നേതൃത്വം എന്‍ഒസി കൊടുക്കുന്നതിന് അനുകൂലമാണെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. എന്നാല്‍ പൂച്ചാക്കല്‍ തൃച്ചാറ്റുകുളം എല്‍സി നേതൃത്യങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുമുണ്ട്. സിപിഐ അനുകൂല നിലപാട് എടുത്തതായാണ് വിവരം. എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങളില്‍ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെങ്കിലും ഭരണ നേതൃത്വത്തിനെതിരേ പരസ്യമായി നിലപാടെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക