|    Jul 23 Sun, 2017 2:23 am
FLASH NEWS

പ്രതിശ്രുത വധു മുമ്പ് വിവാഹിതയാണെന്നറിഞ്ഞ നവവരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി

Published : 20th April 2016 | Posted By: SMR

കഴക്കൂട്ടം: ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവതി ഒരു വര്‍ഷം മുമ്പ് മറ്റൊരു യുവാവിന്റെ ഭാര്യയായതറിഞ്ഞ് നവവരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറി. കണിയാപുരം സ്വദേശിയായ യുവാവും മയ്യനാട് സ്വദേശിനിയും തമ്മിലുള്ള വിവാഹമാണ് ഇന്ന് കൊട്ടിയത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഇതിനിടയിലാണ് വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ ഇന്നലെ വൈകീട്ടോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഒരു വര്‍ഷം മുമ്പ് ഈ യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലാവുകയും സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് അവരുടെ വിവാഹം നടന്നതായുമുള്ള രേഖകളും ഫോട്ടോകളും കണിയാപുരത്തെ നവവരന് വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ ലഭിക്കുകയായിരുന്നു.
ഇത് വരന്റെ വീട്ടുകാര്‍ അന്വേഷിച്ച് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുമ്പ് യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത യുവാവ് ഗള്‍ഫില്‍ പോയിരുന്നു. തന്റെ ജീവിതപങ്കാളിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറായതറിഞ്ഞ് യുവാവ് ഗള്‍ഫില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഇതോടെയാണ് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയത്. തലേദിവസത്തെ സല്‍ക്കാരത്തിനായി വരന്റെ വീട്ടുകാര്‍ ഇന്നലെ വൈകീട്ട് എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ചിരുന്നതാണ്. അതേസമയം, പെണ്‍വീട്ടുകാര്‍ എല്ലാം അറിഞ്ഞുകൊണ്ട് തങ്ങളെ കുരുക്കാന്‍ നോക്കിയതാണെന്നാണ് വരന്റെ വീട്ടുകാരുടെ പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക