|    Jun 26 Mon, 2017 9:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിരോധ രഹസ്യം ചോര്‍ത്തിയ സംഭവം: രാജസ്ഥാന്‍ സ്വദേശിയായ വിസാ ഏജന്റ് കൂടി അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി:  ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പാക് നയതന്ത്ര പ്രതിനിധിയടക്കം മൂന്നുപേര്‍ അറസ്റ്റിലായതിനു പിന്നാലെ രാജസ്ഥാന്‍ സ്വദേശിയായ വിസാ ഏജന്റ് ഷോയിബ് അറസ്റ്റില്‍. കഴിഞ്ഞദിവസം വൈകീട്ട് ജോധ്പൂരിലാണ് ഇയാള്‍ പിടിയിലായത്. കൂടാതെ, രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ അറസ്റ്റിലായവര്‍ക്കു ചോര്‍ത്തിനല്‍കിയതിന് 13 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്നും റിപോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായവരുമായി പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തര്‍ സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും സര്‍ ക്രീക്ക്, കച്ച് മേഖലകളിലെ സുരക്ഷാ സൈന്യത്തിന്റെ വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും വിവരങ്ങള്‍ നല്‍കുന്നതിനു പ്രതിഫലമായി 50,000 രൂപ നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
2008ലെ മുംബൈ ആക്രമണത്തിനു സമാനമായ സംഭവങ്ങള്‍ നടത്താന്‍ ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നുവെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സൈനിക വിന്യാസവും ഇവര്‍ നിരീക്ഷിച്ചിരുന്നുവെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ചാരവൃത്തിക്ക് അറസ്റ്റിലായ പാക് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിനു പ്രതികാരമായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ പാക് നടപടിയെ ഇന്ത്യ അപലപിച്ചു. പാക് നടപടി ഭാവിയിലും അവരുടെ ഇന്ത്യാ വിരുദ്ധ നടപടി തുടരുമെന്നതിന്റെ തെളിവാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ അസിസ്റ്റന്റ് പേഴ്‌സനല്‍, വെല്‍ഫെയര്‍ ഓഫിസര്‍ സുര്‍ജിത് സിങിനെ പാകിസ്താനും പുറത്താക്കിയിരുന്നു. പാകിസ്താന്റെ നടപടി ന്യായീകരണമില്ലാത്തതാണെന്നും നയതന്ത്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തിയിലെ ഭീകരതയടക്കം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് പാക് തീരുമാനമെന്നു സ്ഥിരീകരിക്കുന്ന നടപടികളാണ് പാകിസ്താന്‍ കൈക്കൊള്ളുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ചാരവൃത്തിക്ക് അറസ്റ്റിലായി നാടുകടത്തിയ പാക് ഉദ്യോഗസ്ഥന്‍ കുറ്റം സമ്മതിച്ചതായി ഡല്‍ഹി പോലിസ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പോലിസ് വ്യക്തമാക്കി. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ചില മേലുദ്യോഗസ്ഥര്‍ക്കാണു താന്‍ വിവരങ്ങള്‍ കൈമാറിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവരുടെ പേരുകള്‍ കൈമാറിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക