|    Dec 16 Sun, 2018 11:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറിന് തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

Published : 4th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന അഴിമതി രാജ്യത്ത് വന്‍ രാഷ്ട്രീയവിവാദമായിരിക്കെ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ കരാറിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 1.4 ലക്ഷം കോടി രൂപയുടെ 114 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനാണ് പ്രതിരോധമന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ ഡിഫന്‍സ് അക്വിസിഷന്‍സ് കൗണ്‍സിലാണ് 114 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കരാര്‍ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കു വരുമെന്നാണ് റിപോര്‍ട്ടുകള്‍. പുതിയ കരാറനുസരിച്ച് 18 യുദ്ധവിമാനങ്ങള്‍ മാത്രമാണ് ഇന്ത്യ നേരിട്ട് വാങ്ങുക. ഇവ അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. ശേഷിച്ച വിമാനങ്ങള്‍ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. കരാറിലേര്‍പ്പെടുന്ന രാജ്യവും ഇന്ത്യന്‍ വിമാനക്കമ്പനിയും ചേര്‍ന്നാവും ഇതിനുള്ള സാങ്കേതികവിദ്യ കൈമാറുക.ഏപ്രിലിലാണ് ഈ കരാറിനു വേണ്ടി വ്യോമസേന ആഗോള ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡറില്‍ റഷ്യന്‍ സുഖോയ് 35 വിമാനങ്ങളും പങ്കെടുത്തിട്ടുണ്ട്. മിഗ് 35 (റഷ്യ), ഗ്രിപന്‍-ഇ (സ്വീഡന്‍), യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ തുടങ്ങി മറ്റ് ആറു വിമാനക്കമ്പനികളും കരാറില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, വിദേശ രാജ്യവുമായി യോജിച്ചുള്ള കരാര്‍ യാഥാര്‍ഥ്യമാവാന്‍ കുറഞ്ഞത് നാലു മുതല്‍ അഞ്ചുവര്‍ഷം വരെ എടുക്കുമെന്നാണു സൂചന. ഒരു വിമാനത്തിന് ഏകദേശം 20 കോടി ഡോളറാണ് വിലവരുന്നത്.31 സ്‌ക്വാഡ്രണുകളാണ് (ഒരു കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധവിമാനസംഘം) ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആകെയുള്ളത്. ഇതില്‍ തന്നെ ഒരു മിഗ് 21 സ്‌ക്വാഡ്രണിന്റെയും രണ്ട് മിഗ് 27 സ്‌ക്വാഡ്രണുകളുടെയും കാലാവധി 2019ല്‍ അവസാനിക്കും. ശേഷിച്ച ഏഴ് മിഗ് 21 സ്‌ക്വാഡ്രണുകള്‍ 2024ലും കാലാവധി പൂര്‍ത്തിയാക്കും. ഇതോടെ ഇന്ത്യന്‍ വ്യോമസേന തീര്‍ത്തും ദുര്‍ബലമാവുമെന്നും ഇതു പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ കരാറിനായി ശ്രമിക്കുന്നതെന്നുമാണ് റിപോര്‍ട്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss