|    Jul 24 Mon, 2017 12:18 pm
FLASH NEWS

പ്രതിരോധ പ്രവര്‍ത്തനങ്ങളില്ല; കുടിയേറ്റ മേഖല വരള്‍ച്ചയിലേക്ക്

Published : 24th September 2016 | Posted By: SMR

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വരള്‍ച്ചാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതായി ആക്ഷേപം. ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോള്‍ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുതലെടുപ്പിനുവേണ്ടി ശ്രമിക്കുന്നതു പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധികള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് ഈ ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
60 ശതമാനം മഴക്കുറവ് അനുഭവപ്പെട്ട ഈ പ്രദേശങ്ങളില്‍ തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ വരള്‍ച്ച അതിരൂക്ഷമാവുമെന്നാണ് മുന്നറിയിപ്പ്. നിരവധി ചെക്ഡാമുകളുള്ള ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗത്തിനും ഷട്ടറുകളില്ല. പ്രദേശവാസികളുടെയും പ്രാദേശിക പഞ്ചായത്തുകളുടെയും നിസ്സഹകരണമാണ് ഇതിനു കാരണം. ഈ നില തുടര്‍ന്നാല്‍ ഭൂഗര്‍ഭജലം സംരക്ഷിക്കാന്‍ കഴിയില്ലെന്നും കുഴല്‍ക്കിണറുകളിലടക്കം വെള്ളമില്ലാത്ത അവസ്ഥയുണ്ടാവുമെന്നും മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് പറയുന്നു.
ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണം. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ചെറുതും വലുതുമായ ചെക്ഡാമുകള്‍ നിര്‍മിച്ച് ജലസംരക്ഷണം ഊര്‍ജിതമാക്കണം. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തിതല പഞ്ചായത്ത് പ്രതിനിധികളും കര്‍ഷകരും ഇതര പ്രാദേശിക സംഘടനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് അനിവാര്യം. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന വരള്‍ച്ചാപ്രതിരോധ അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷം ബഹിഷ്‌കരിച്ചെങ്കിലും ഗ്രാമസഭ ചേര്‍ന്ന് ജനകീയമായി തന്നെ തീരുമാനങ്ങളെടുത്ത് ബന്ധപ്പെട്ടവരെ അറിയിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇതിനായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
നാലു നീര്‍ത്തട പദ്ധതികളാണ് രൂപീകരിക്കുക. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നീര്‍ത്തട ഗ്രാമസഭകള്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നതിനായി സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളെ മൂന്നായി തിരിച്ചു. കൊളവള്ളി വാട്ടര്‍ഷെഡ് മേഖലയുടെ കീഴില്‍ കാപ്പിസെറ്റ്, ചെറ്റപ്പാലം, ചാമപ്പാറ, മരക്കടവ് എന്നിവയും കടമാന്‍തോട് വാട്ടര്‍ഷെഡ് മേഖലയില്‍ പാക്കം, ചേകാടി, കുറിച്ചിപ്പറ്റയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാരംഭ സര്‍വേ. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
സോയില്‍ കണ്‍സര്‍വേഷന്‍, മൈനര്‍ ഇറിഗേഷന്‍, കൃഷിവകുപ്പ്, വനംവകുപ്പ്, വാട്ടര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക