|    Dec 19 Wed, 2018 6:39 am
FLASH NEWS

പ്രതിരോധ പോരാട്ടങ്ങളുടെ സുവര്‍ണ നാളുകള്‍

Published : 28th May 2018 | Posted By: kasim kzm

സുബൈര്‍  കുന്ദമംഗലം
ഭീകരതയുടെയും അസഹിഷ്ണുതയുടെയും കാലത്ത് സമാധാനത്തിന്റെയും ക്ഷേമ-ഐശ്വര്യങ്ങളുടെയും കനകജാലകം തുറക്കട്ടേയെന്ന് ആശിച്ചു. രാജ്യത്തിനും രാജ്യനിവാസികള്‍ക്കും പ്രതീക്ഷയും പ്രത്യാശയും നല്‍കട്ടേയെന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു. ആത്മീയോല്‍ക്കര്‍ഷത്തിന്റെയും ആത്മവിചാരണയുടെയും മാസമാണ് റമദാന്‍. ഭക്തിയുടെ വസന്തോല്‍സവ നാളുകള്‍. നന്മയുടെയും അനുഗ്രഹങ്ങളുടെയും ചാകര. തിന്മ ചെയ്യാനുള്ള സാധ്യതയും സാഹചര്യവും തുലോം കുറയുന്നു.
പുണ്യം ചെയ്യാനും പ്രതിഫലം വാരിക്കൂട്ടാനുമുള്ള സന്ദര്‍ഭം പതിന്‍മടങ്ങ് വര്‍ധിക്കുന്നു. മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനു ഖുര്‍ആന്‍ പെയ്തിറങ്ങിയ മാസമാണ് റമദാന്‍. പാപക്കറ കഴുകി വൃത്തിയാക്കി വിശ്വാസി നവജീവിതത്തിന്റെ പുതുലോകത്തേക്കു കാലെടുത്തു വയ്ക്കുന്ന മാസം. ഹിജ്‌റ കലണ്ടറിലെ ഒമ്പതാം മാസമായ റമദാന് “കരിച്ചുകളയുന്നത്’ എന്നും അര്‍ഥമുണ്ട്. ദൈവപ്രീതി മാത്രം ലക്ഷ്യംവച്ചു പൈദാഹങ്ങള്‍ അവഗണിച്ച് നോമ്പെടുക്കുന്ന വിശ്വാസി സ്വയം കരിയുകയും തന്റെ പാപങ്ങളത്രയും കരിച്ചുകളയുകയും ചെയ്യുന്നു. റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള പാപങ്ങള്‍ മായ്ച്ചുകളയുമെന്നു തിരുനബി.
വിശ്വാസിയുടെ വയറുമാത്രം നോമ്പെടുത്താല്‍ പോര. മനസ്സും ശരീരവും ഒന്നടങ്കം വ്രതമനുഷ്ഠിക്കണം. റമദാന്‍ പാഠശാലയാണ്. ക്ഷമിക്കാനും സഹിക്കാനും പൊറുക്കാനും മറക്കാനുമുള്ള പരിശീലനക്കളരി. ദൈവകല്‍പ്പന ശിരസാവഹിച്ച് സമര്‍പ്പണം നടത്തുന്ന മുസ്‌ലിം നോമ്പ്‌വഴി ആര്‍ജിച്ചെടുക്കുന്ന കരുത്തും ആവേശവും ധൈര്യവും സീമാതീതമാണ്. ജീവിത പരീക്ഷണങ്ങളെ ക്ഷമാപൂര്‍വം നേരിട്ടു വിജയിക്കാന്‍ അതവനെ പ്രാപ്തനാക്കും. ക്ഷമയുടെയും മാസമാണ് റമദാന്‍. പ്രവാചകന്‍ അരുളി: “”എല്ലാ സംഗതികള്‍ക്കും സകാത്ത് (സംസ്‌കരണം) ഉണ്ട്. ശരീരത്തിന്റെ സകാത്താണ് വ്രതം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ അനുസ്മരിക്കാനും നന്ദി പ്രകാശിപ്പിക്കാനുമുള്ള സന്ദര്‍ഭം കൂടിയാണ് റമദാന്‍.’’ റമദാനില്‍ പാപമോചനത്തിന് ധാരാളമായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു പ്രവാചകന്‍. വലിയ ഫാക്ടറിക്കു സമാനമായ മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയങ്ങള്‍ക്ക് ഒരുമാസത്തെ പകല്‍ നല്‍കുന്ന വിശ്രമം ആരോഗ്യത്തെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്യുന്നത്. “
വ്രതമനുഷ്ഠിക്കൂ, ആരോഗ്യവാനാവൂ’വെന്ന പ്രവാചക വചനം അതിലേക്കുള്ള സൂചനയാണ്. റമദാന്‍ നിഷ്‌ക്രിയത്വത്തിന്റെയും ആലസ്യത്തിന്റെയും മാസമല്ല. കര്‍മോല്‍സുകതയുടെയും ലക്ഷ്യസാഫല്യത്തിന്റെയും മാസമാണ്. ബദ്ര്‍യുദ്ധം പോലെ സംഭവബഹുലവും അവിസ്മരണീയവുമായ ഒട്ടേറെ ചരിത്ര വിജയങ്ങള്‍ക്കു സാക്ഷ്യം വഹിച്ച മാസം. ബദ്‌റിലെ ജൈത്രയാത്ര മക്കാവിജയത്തിലെത്തി. ഹിജ്‌റ 8 റമദാന്‍ 23ന് മക്കാനഗരി മുസ്‌ലിംകള്‍ക്ക് അധീനമായി. ലോകം കണ്ട ആദ്യത്തെ രക്തരഹിത വിപ്ലവമായിരുന്നു മക്കാ വിജയം. ഭക്തിയും ശക്തിയും സമഞ്ജസമായി സമ്മേളിച്ച ആരാധനയുടെ പേരാണ് നോമ്പ്. സ്വയം പ്രതിരോധത്തിനും പോരാട്ടത്തിനും വിശ്വാസിയെ ഉത്തേജിപ്പിക്കുന്ന കരുത്തുറ്റ ഉത്തോലകം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss