|    Feb 20 Mon, 2017 7:25 pm
FLASH NEWS

പ്രതിരോധരഹസ്യം ചോര്‍ത്തി; 3 പേര്‍ പിടിയില്‍

Published : 28th October 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഡല്‍ഹി പാക് ഹൈക്കമ്മീഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേരെ പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു.   പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്)യുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അക്തര്‍, രാജസ്ഥാന്‍ സ്വദേശികളായ സുഭാഷ് ജങ്കിര്‍, മൗലാനാ റംസാന്‍ എന്നിവരെയാണ് ഡല്‍ഹി പോലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.
പിടിയിലായ മൂന്നുപേരും ഒന്നരവര്‍ഷമായി ചാരപ്രവര്‍ത്തനം നടത്തിവരുകയായിരുന്നുവെന്നും എന്നാല്‍, കഴിഞ്ഞ ആറുമാസമായി ഇവര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാക് ഉദ്യോഗസ്ഥനെ ഡല്‍ഹി മൃഗശാലയ്ക്കു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്നും നയതന്ത്രപരിരക്ഷയുള്ളതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചുവെന്നും പോലിസ്‌വൃത്തങ്ങള്‍ വ്യക്തമാക്കി. ഇദ്ദേഹത്തോട് 48 മണിക്കൂറിനകം രാജ്യംവിട്ടു പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ ആഭ്യന്തരമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിശദീകരണം തേടുകയും ഉദ്യോഗസ്ഥനോട് നാടുവിടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
അതേസമയം, ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെ പുറത്താക്കിയത് അങ്ങേയറ്റം നിഷേധാത്മക നടപടിയാണെന്നും ആരോപണം മാധ്യമങ്ങളുടെ ആസൂത്രിത പ്രചാരവേലയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണ് ഇന്ത്യ നടത്തിയത്. നയതന്ത്ര പെരുമാറ്റച്ചട്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇന്ത്യ നടപടിയെടുത്തതെന്നും പാകിസ്താന്‍ ആരോപിച്ചു.
രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്ത രണ്ടുപേരെയും ഡല്‍ഹി കോടതി 12 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. അതിര്‍ത്തിയിലെ സൈനികവിന്യാസം അടയാളപ്പെടുത്തിയ മാപ്പും മറ്റു രഹസ്യരേഖകളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.
അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ നേരത്തേ പാക് സൈന്യത്തിലെ ബലോച്ച് റെജിമെന്റില്‍ ഹവില്‍ദാറായിരുന്നു. കഴിഞ്ഞ രണ്ടരവര്‍ഷമായി ഇദ്ദേഹം ഡല്‍ഹി പാക് ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തില്‍ ജോലി ചെയ്തുവരുകയാണ്. പാകിസ്താന്റെ ഔദ്യോഗിക ചാരസംഘടനയില്‍ അംഗമാണ് ഇദ്ദേഹമെന്നും പോലിസ്‌വൃത്തങ്ങള്‍ വ്യക്തമാക്കി. ഇദ്ദേഹം അതിര്‍ത്തി സംസ്ഥാനങ്ങളിലെ സൈനികവിന്യാസം നിരീക്ഷിച്ച് പാകിസ്താന് ചോര്‍ത്തിക്കൊടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു.
ആദ്യ ചോദ്യംചെയ്യലില്‍ ഇദ്ദേഹം, താന്‍ ഇന്ത്യന്‍ പൗരനാണെന്ന് പറയുകയും വ്യാജ ആധാര്‍ കാര്‍ഡ് കാണിക്കുകയും ചെയ്തതായി പോലിസ് കൂട്ടിച്ചേര്‍ത്തു. ഇയാളില്‍നിന്നു പിടിച്ചെടുത്തതെന്ന് പറഞ്ഞ് ചാന്ദ്‌നി ചൗക്കിലെ മേല്‍വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡും പോലിസ് പുറത്തുവിട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക