|    Sep 18 Tue, 2018 6:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രതിരോധത്തിന്റെ കടലിരമ്പമായി പോപുലര്‍ ഫ്രണ്ട് സമ്മേളനം

Published : 8th October 2017 | Posted By: fsq

 

പി  സി  അബ്ദുല്ല

തിരുവനന്തപുരം: സര്‍ സിപിയെന്ന ജനവിരുദ്ധ ഭരണാധികാരിയെ മൂക്കുമുറിച്ചു നാടുകടത്തിയ തിരുവനന്തപുരത്തിന്റെ മണ്ണില്‍ പുതിയ കാലത്തിന്റെ ഫാഷിസ്റ്റ് ഏകാധിപതികള്‍ക്കും അവരുടെ വര്‍ഗീയ അജണ്ടകള്‍ക്കുമെതിരേ പ്രതിരോധത്തിന്റെ കടലിരമ്പം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം. തലസ്ഥാന രാജവീഥികളില്‍ ഇന്നലെ മുഴങ്ങിയത് ഭരണകൂട വേട്ടയാടലില്‍ പതറില്ലെന്ന നവസാമൂഹിക വിപ്ലവപ്രസ്ഥാനത്തിന്റെ പതിരില്ലാത്ത പ്രഖ്യാപനം.  പൗരാവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരായ സംഘപരിവാര കടന്നുകയറ്റങ്ങളെയും മോദിഭരണത്തിന്റെ മദപ്പാടുകളെയും പെരുംനുണകളുടെ മാധ്യമ ഭീകരതയെയുമൊക്കെ ഒരു ജനത എത്രമേല്‍ ജാഗ്രതയോടെ പ്രതിരോധിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ജനമഹാസഞ്ചയം. അപവാദങ്ങളുടെയും ആരോപണങ്ങളുടെയും ഭയപ്പെടുത്തലുകളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞെത്തിയ ജനങ്ങളുടെ നിലയ്ക്കാത്ത ആരവങ്ങളിലേക്കാണ് തലസ്ഥാന നഗരം ഇന്നലെ ഉണര്‍ന്നത്. ഞങ്ങള്‍ക്കും പറയാനുണ്ടെന്ന മുദ്രാവാക്യം  നഗരത്തിന്റെ തന്നെ പൊതുവിളംബരമായി മാറി. പോരാട്ടവും പ്രതീക്ഷയും സമാധാനവും സമൃദ്ധിയും പ്രതീകാത്മകമായി സമന്വയിച്ച മൂവര്‍ണക്കൊടിക്കീഴിലായിരുന്നു നഗരത്തിന്റെ കാതും മനസ്സും.  ആക്രമണോല്‍സുക ഹിന്ദുത്വത്തിന്റെ  വിപല്‍ക്കാഴ്ചകള്‍ റാലിയില്‍ ചിന്തോദ്ദീപകമായി ആവിഷ്‌കരിച്ചു. റാലി എത്തുന്നതിനും ഏറെ മുമ്പുതന്നെ പുത്തരിക്കണ്ടം മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. സമ്മേളനത്തിലെയും റാലിയിലെയും അഭൂതപൂര്‍വമായ സ്ത്രീജനപങ്കാളിത്തവും സവിശേഷശ്രദ്ധ പിടിച്ചുപറ്റി. ബഹുജനങ്ങളുടെ പ്രവാഹം അണമുറിയാതെ തുടരുന്നതിനിടെ പുത്തരിക്കണ്ടത്ത് പൊതുസമ്മേളനം ആരംഭിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനി മുഖ്യപ്രഭാഷണം നടത്തി. പി സി ജോര്‍ജ് എംഎല്‍എ, ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ (പൂനെ), അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാനാ മഹ്ഫൂസുര്‍റഹ്മാന്‍, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, പിഡിപി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇ, നാഷനല്‍ വിമന്‍സ് ഫ്രണ്ട് അധ്യക്ഷ എ എസ് സൈനബ, മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കായിക്കര ബാബു, ലത്തീന്‍ കത്തോലിക്കാ ഐക്യവേദി പ്രസിഡന്റ് അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ്, മെക്ക വൈസ് പ്രസിഡന്റ് പ്രഫ. അബ്ദുര്‍റഷീദ്, ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍, എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കാംപസ് ഫ്രണ്ട് കേരള പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss